മോസ്‌കോ: വന്‍കര ജേതാക്കള്‍ മാറ്റുരക്കുന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് കലാശപ്പോരാട്ടത്തില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി ലാറ്റിനമേരിക്കന്‍ ജേതാക്കളായ ചിലിയെ നേരിടും. രണ്ടാം സെമിയില്‍ കോണ്‍കാഫ് ജേതാക്കളായ മെക്‌സിക്കോയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി ഫൈനല്‍ പ്രവേശം കരസ്ഥമാക്കിയത്.
പരിചയ സമ്പത്ത് ഒട്ടുമില്ലാത്ത യുവനിരയെ ടൂര്‍ണമെന്റിന് ഇറക്കുമ്പോള്‍ സെമിഫൈനല്‍ പോലും ലക്ഷ്യമില്ലെന്നു പറഞ്ഞ കോച്ച് ജോക്വിം ലോയെ പോലും ഞെട്ടിച്ചു കൊണ്ടാണ് ജര്‍മ്മന്‍ യുവ നിര കലാശക്കളിക്ക് അര്‍ഹരായത്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തിയ ജര്‍മ്മനി മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തി കളി ആരംഭിച്ച് പത്തു മിനിറ്റിനുള്ളില്‍ തന്നെ മെക്‌സിക്കന്‍വലയില്‍ രണ്ട് ഗോളുകള്‍ നിക്ഷേപിച്ച ജര്‍മ്മനി മത്സരം തങ്ങളുടെ വരുതിയിലൊതുക്കി.
മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ 22കാരന്‍ ഗോറ്റ്‌സ്‌കയാണ് ജര്‍മ്മനിയുടെ തുരുപ്പു ചീട്ടായി മാറിയത്. ആറ്, എട്ട് മിനിറ്റുകളിലായിരുന്നു ഗോറ്റ്‌സ്‌കയുടെ ഗോളുകള്‍. ഗോള്‍ നേട്ടത്തിനു ശേഷം പ്രതിരോധത്തിലേക്കു വലിഞ്ഞ ജര്‍മ്മനിക്കെതിരെ മെക്‌സിക്കോ ചില മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ജര്‍മ്മന്‍ ഗോള്‍ വല കുലുക്കാനായില്ല. മെക്‌സിക്കന്‍ താരം ഹെര്‍ണാണ്ടസിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ മാത്രം ലക്ഷ്യത്തില്‍ നിന്നും അകന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മികച്ച നീക്കങ്ങളിലൂടെ ജര്‍മ്മന്‍ ഗോള്‍മുഖത്ത് മെക്‌സിക്കന്‍ താരങ്ങള്‍ ഭീഷണി മുഴക്കിയെങ്കിലും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയുടെ 59-ാം മിനിറ്റില്‍ വെര്‍നര്‍ ജര്‍മ്മനിയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ മെക്‌സിക്കോ ഫാബിയനിലൂടെ മെക്‌സിക്കോ ആശ്വാസ ഗോള്‍ നേടിയെങ്കിലും അവസാന മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അമീന്‍ യൂനുസ് ജര്‍മ്മനിയുടെ നാലാം ഗോളും നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജര്‍മ്മനി ചിലിയെ നേരിടും. ഇരു ടീമുകളും നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയിരുന്നെങ്കിലും സമനിലയായിരുന്നു ഫലം.