രാജ്യം ഇന്നുമുതല്‍ ജി.എസ്.ടി എന്ന പുതിയ നികുതി ഘടനയിലേക്ക് മാറിയിരിക്കുകയാണ്. കമ്പനി രൂപത്തില്‍ ജി.എസ്.ടി നെറ്റ്‌വര്‍ക്കിങ് എന്ന പേരിലാണ് സര്‍ക്കാര്‍ ജി.എസ്.ടി രൂപീകരിച്ചത്. ജി.എസ്.ടി കൗണ്‍സിലിനാണ് ഇതിന്റെ എല്ലാ അധികാരങ്ങളും. ഇതില്‍ കേന്ദ്ര ധനകാര്യ മന്ത്രിയും സംസ്ഥാന ധനകാര്യ മന്ത്രിമാരും അംഗങ്ങളായിരിക്കും. ഓരോ സാധനങ്ങളുടെയും നികുതി തീരുമാനിക്കുക ജി.എസ്.ടി കൗണ്‍സില്‍ ആയിരിക്കും. ഇതോടെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഉറ്റുനോക്കുന്ന സാധനങ്ങളുടെ വില കുറഞ്ഞവ കൂടിയവ എന്നീ സംവിധാനങ്ങള്‍ ഇല്ലാതാവും. ബജറ്റ് ചോര്‍ച്ചയും തടയാനാവും. ജി.എസ്.ടിയുടെ 51 ശതമാനം ഓഹരികള്‍ സ്വകാര്യ മേഖലയിലും ബാക്കി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പങ്കിടുകയും ചെയ്യും. വാറ്റ്, സെസ്സ് എന്നിവ ഇല്ലാതാവും.

ജി.എസ്.ടി മൂന്നു തരം നികുതികളായാണ് കണക്കാക്കുന്നത്. അന്തര്‍ സംസ്ഥാന ഇടപാടുകള്‍ക്ക് ഇന്റര്‍ഗ്രേറ്റഡ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്സും സംസ്ഥാനത്തിനുള്ളില്‍ നടക്കുന്ന ഇടപാടുകള്‍ക്കു സെന്‍ട്രല്‍ ജി.എസ്.ടി സ്റ്റേറ്റ് ജി.എസ്.ടി യും ആയാണ് കണക്കാക്കുന്നത്. സംസ്ഥാനത്തിനുള്ളില്‍ വില്‍പ്പന നടത്തുന്ന സാധനത്തിന്റെ നികുതി 10 ശതമാനം ആണെങ്കില്‍ സി.ജി.എസ്.ടി ഇനത്തില്‍ അഞ്ച് ശതമാനം കേന്ദ്ര സര്‍ക്കാരിനും എസ്.ജി.എസ്.ടി ഇനത്തില്‍ അഞ്ച് ശതമാനം സംസ്ഥാന സര്‍ക്കാരിനും ലഭിക്കും. ഇന്‍പുട്ട് നികുതി സംവിധാനം വളരെയധികം കാര്യക്ഷമമാവുന്നത് ജി.എസ്.ടിയുടെ പ്രേത്യകതയാണ്. ഡീലര്‍ അടച്ച നികുതി അയാള്‍ക്ക് ഇന്‍പുട്ട് നികുതിയായി ചെയ്യാന്‍ സാധിക്കുന്നു. ഈ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജി.എസ്.ടി കമ്പനി അതിന്റെ വെബ്‌സൈറ്റില്‍ കാര്യമായ സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്.

വാറ്റില്‍ ഒരു മാസം ഒറ്റ റിട്ടേണ്‍ ഫയലിങ് ആയിരുന്ന സ്ഥാനത്തു ജി.എസ്.ടിയില്‍ മൂന്ന് തരം ഫയലിങ് ആണ്. ഒന്ന് ജി.എസ്.ടി ആര്‍ 1 – ഇതില്‍ ഔട്ട് വേര്‍ഡ് സപ്ലൈ ആണ് കാണിക്കേണ്ടത്. ഇത് എല്ലാ മാസവും പത്താം തിയ്യതിക്കുള്ളില്‍ ചെയ്തു തീര്‍ക്കണം. ഇതിന്റെ രണ്ടാം ഘട്ടം ജി.എസ്.ടി ആര്‍ 2 എന്ന പേരില്‍ അറിയപ്പെടും. ഇതില്‍ ഇന്‍വേഡ് സപ്ലൈ പരിശോധിക്കുകയും തെറ്റുണ്ടെങ്കില്‍ തിരുത്താനും കൂട്ടിച്ചേര്‍ക്കാനും സംവിധാനമുണ്ട്. ഇതിലൂടെ ഡീലര്‍ക്കു ലഭിക്കേണ്ട ഇന്‍പുട്ട് നികുതിയുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

രണ്ടാംഘട്ടം എല്ലാ മാസവും 15ാം തിയ്യതിക്കുള്ളില്‍ ചെയ്തുതീര്‍ക്കണം. മൂന്നാം ഘട്ടം ജി.എസ്.ടി ആര്‍ 3 എന്ന പേരില്‍ അറിയപ്പെടും. ഇതില്‍ ഡീലറുടെ നികുതി കണക്കാക്കുന്ന സംവിധാനമാണ്. ഇന്‍പുട്ട് നികുതി കഴിച്ചതിനു ശേഷം എത്ര നികുതി അടക്കാനുണ്ടെന്നു പരിശോധിച്ചു റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. ഇത് എല്ലാ മാസവും ഇരുപതിനുള്ളില്‍ ചെയ്യേണ്ടതാണ്. റിട്ടേന്‍ ഫയലിങ് വൈകിയാല്‍ ഒരു ദിവസത്തിനു 100 രൂപ പിഴയും കൂടിയത് 5000 രൂപ വരെ ചുമത്താന്‍ അധികാരമുണ്ട്. ഇതില്‍ റീഫണ്ട് ഇല്ല.

ഡീലര്‍ക്കു നല്‍കുന്ന പോര്‍ട്ടലില്‍ മൂന്നു ലെഡ്ജര്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 1, ഇലക്ട്രോണിക് ക്രെഡിറ്റ് ലെഡ്ജര്‍ 2, ഇലക്ട്രോണിക് ക്യാഷ് ലെഡ്ജര്‍ 3, ഇലക്ട്രോണിക് ലൈബിലിറ്റി ലെഡ്ജര്‍. ഡീലറുടെ ബാധ്യത ഉള്‍പ്പെടെയുള്ള നികുതി ഫൈന്‍ എന്നീ വിവരങ്ങള്‍ ലഭ്യമാവും. ഈ ലെഡ്ജര്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കും തുടര്‍ന്നുകൊണ്ടേയിരിക്കും. ക്രെഡിറ്റ് ലെഡ്ജര്‍ ഡീലര്‍ അടക്കേണ്ടതും ക്യാഷ് ലെഡ്ജര്‍ ഡീലര്‍ക്കു കിട്ടേണ്ടതും ലയബിലിറ്റി ലെഡ്ജറില്‍ ഇവ തമ്മിലുള്ള വ്യത്യാസവും കണക്കാക്കും. ഇതില്‍ നിന്നും ഡീലര്‍ക്കുള്ള ബാധ്യത മനസ്സിലാക്കാവുന്നതാണ്. ജി.എസ്.ടി ആര്‍ 3 ചെയ്യുമ്പോള്‍ തന്നെ ഇതില്‍ നിന്നും ഡീലര്‍ അടക്കേണ്ട തുകയുടെ ചലാന്‍ ജനറേറ്റ് ചെയ്യാവുന്നതാണ്.

ഇത് ബാങ്ക് വഴിയോ നെറ്റ്ബാങ്കിങ് വഴിയോ അടക്കാവുന്നതാണ്. ജി.എസ്.ടിയുടെ മറ്റൊരു പ്രത്യേകത വാറ്റില്‍ വാര്‍ഷിക ഫയലിങ് മെയ് 31 ന് അവസാനിക്കുമ്പോള്‍ ജി.എസ്.ടിയില്‍ ഡിസംബര്‍ 31 നേ അവസാനിക്കുകള്ളൂ. അതോടൊപ്പം വാര്‍ഷിക ഓഡിറ്റ് വിവരങ്ങളും കൂടി നല്‍കേണ്ടതാണ്. ഒരു ബിസിനസ് അവസാനിപ്പിക്കുമ്പോള്‍ ജി.എസ്.ടി ആര്‍ 9 ഉപയോഗിച്ചു ഫയലിങ് ചെയ്യാവുന്നതാണ്. ജി.എസ്.ടി ആര്‍ 4 ക്വാര്‍ട്ടര്‍ ഫയലിങ് ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാം. ഇത് പതിനെട്ടാം തിയ്യതിക്കുള്ളില്‍ സമര്‍പ്പിക്കണം. ജി.എസ്.ടി ആര്‍ 7 വരുന്നത് 2.5 ലക്ഷത്തിന് മുകളിലുള്ള കോണ്‍ട്രാക്ട് വര്‍ക്ക് പോലെയുള്ളവയുടെ ഫയലിങ് ആണ്. ജി.എസ്.ടി ആര്‍ 8 ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇ കോമേഴ്‌സ് ബിസിനസ് നടത്തുന്നവര്‍ ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്യുകയും നികുതി അടക്കുകയും വേണം. ജി.എസ്.ടി ആര്‍ 8 ഇതിനു വേണ്ടി ഉപയോഗിക്കുന്നു.

ജി.എസ്.ടി ആര്‍ 5 ഉം 6 ഉം വരുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നടത്തുന്ന ബിസിനസിനും മറ്റുമുള്ളതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന വലിയ ബിസിനസ് സര്‍വീസ് പോലെയുള്ളവക്കു അവരുടെ ബിസിനസ് ബ്രാഞ്ചുകളില്‍ വെച്ചു ഇന്‍പുട്ട് ടാക്സ് ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്നു. 20 ലക്ഷം വിറ്റുവരവുള്ളവരാണ് ജി.എസ്.ടി രജിസ്റ്റര്‍ ചെയ്യേണ്ടത്. അന്തര്‍ സംസ്ഥാന വ്യാപാരങ്ങള്‍ക്ക് ഈ പരിധി ബാധകമല്ല.