മാഡ്രിഡ്: സ്‌പെയിന്‍ ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി മുന്‍ ബാര്‍സലോണ മാനേജര്‍ ലൂയിസ് എന്റിക്കിനെ നിയോഗിച്ചു. റയല്‍ മാഡ്രിഡ് പരിശീലകനാവാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യൂലന്‍ ലോപെതെഗിയെ പുറത്താക്കിയതിനാല്‍ താല്‍ക്കാലിക കോച്ച് ഫെര്‍ണാണ്ടോ ഹിയറോക്കു കീഴിലാണ് സ്‌പെയിന്‍ ലോകകപ്പ് കളിച്ചത്. പ്രീക്വാര്‍ട്ടറില്‍ റഷ്യയോട് ഷൂട്ടൗട്ടില്‍ തോറ്റ് സ്‌പെയിന്‍ പുറത്തായിരുന്നു.
ലോകകപ്പിലെ അപ്രതീക്ഷിത പരാജയത്തെ തുടര്‍ന്ന് ഹിയറോ പരിശീലകസ്ഥാനവും ടീമിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ സ്ഥാനവും രാജിവെച്ചിരുന്നു. ഇതോടെയാണ് റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയ പരിശീലകനു വേണ്ടിയുള്ള അന്വേഷണമാരംഭിച്ചത്.
ഏകകണ്‌ഠ്യേനയാണ് ലൂയിസ് റെിക്കിനെ തെരഞ്ഞടുത്തതെന്നും തന്റെ സ്റ്റാഫിനെ തീരുമാനിക്കാന്‍ അദ്ദേഹത്തിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും ഫെഡറേഷന്‍ പ്രസിഡണ്ട് ലുയിസ് റൂബിയല്‍സ് പറഞ്ഞു. രണ്ടുവര്‍ഷത്തേക്കാണ് കരാര്‍. 2017 ജൂലൈയില്‍, ബാര്‍സയുമായുള്ള രണ്ടുവര്‍ഷ കരാര്‍ അവസാനിച്ച ശേഷം എന്റിക് പരിശീലക ജോലി ഏറ്റെടുത്തിരുന്നില്ല. സ്‌പെയിന്‍ ദേശീയ ടീമിനു വേണ്ടി 62 മത്സരങ്ങള്‍ കളിച്ചിട്ടുള്ള 48-കാരന്‍ ഇതാദ്യമായാണ് ഒരു രാജ്യാന്തര ടീമിനെ പരിശീലിപ്പിക്കുന്നത്.