ജോഹന്നാസ്ബര്‍ഗ്ഗ്: ഹാര്‍ദിക് പാണ്ഡ്യ എന്ന ഓള്‍റൗണ്ടര്‍ ക്രീസിലേക്ക് വരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു നില്‍ക്കുന്ന ഘട്ടം. ഫിലുക്വായോ എന്ന സീമറാണ് പന്തെറിയുന്നത്. നാല് പന്തുകള്‍ ഹാര്‍ദിക് നേരിട്ടു. അഞ്ചാം പന്തില്‍ കണ്ണും പൂട്ടി ഒരടി… പന്ത് വിക്കറ്റ് കീപ്പറുടെ തലക്ക് മുകളില്‍ ബലൂണ്‍ പോലെ പൊന്തി. ബ്രെന്‍ഡന്‍ ഡി കോക്ക് എന്ന വിക്കറ്റ് കീപ്പര്‍ പന്ത് അനായാസം ഗ്ലൗസിലൊതുക്കി-ഹാര്‍ദിക് നടന്നകന്നു……
ഇത് ഒരു ഉദാഹരണം മാത്രം- ഹാര്‍ദ്ദിക്കിനെ പോലുളളവര്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ക്ഷമയിലേക്ക് വന്നിട്ടില്ലെന്ന വിമര്‍ശനം വക വെക്കാതെ അദ്ദേഹത്തെ വീണ്ടും കളിപ്പിച്ചത് വഴി ഇന്ത്യന്‍ നായകന്‍ വിരാത് കോലി വീണ്ടും കര്‍ക്കശ വിമര്‍ശനത്തിന് വിധേയമാവുമ്പോള്‍ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലും ഇന്ത്യ തരിപ്പണമായി. 187 ന് ഇന്ത്യയുടെ എല്ലാവരും ആദ്യ ദിവസം മൂന്നാം സെഷനില്‍ തന്നെ പുറത്തായി. 77 ഓവര്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ദീര്‍ഘിച്ചത്. ഭാഗ്യത്തിന്റെ മഹാ അകമ്പടിയില്‍ അര്‍ധ സെഞ്ച്വറികള്‍ സ്വന്തമാക്കിയ ചേതേശ്വര്‍ പൂജാരയും വിരാത് കോലിയും ഇല്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇതിലും ദയനീയമാവുമായിരുന്നു.
ആദ്യ രണ്ട് ടെസ്റ്റിലും അണിനിരത്തിയ ടീമിന്റെ കാര്യത്തില്‍ വാദപ്രതിവാദങ്ങള്‍ ഉച്ചത്തിലായതിനെ തുടര്‍ന്ന് കാര്യമായ രണ്ട് മാറ്റങ്ങള്‍ ആദ്യ ഇലവനിലുണ്ടായിരുന്നു. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ രോഹിത് ശര്‍മ്മക്ക് പകരം വന്നപ്പോള്‍ സ്പിന്നര്‍ ആര്‍.അശ്വിന് പകരം ഭുവനേശ്വര്‍ കുമാറിനെ തിരിച്ചു വിളിച്ചു.
ടോസ് നേടിയപ്പോള്‍ കോലി ബാറ്റിംഗിന് തീരുമാനിച്ചത് ബാറ്റിംഗ് നിരയില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു. പക്ഷേ നാലാം ഓവര്‍ മുതല്‍ ഘോഷയാത്ര ആരംഭിച്ചു. പേസിനെ തുണക്കുന്ന നല്ല ഹരിത ട്രാക്കില്‍ കെ.എല്‍ രാഹുലാണ് ആദ്യം തിരിഞ്ഞു നടന്നത്. ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത ഫിലാന്‍ഡര്‍ എന്ന സിമറുടെ പന്തില്‍ രാഹുല്‍ പൂജ്യനായപ്പോള്‍ പിറകെ മുരളി വിജയും സിന്ദാബാദ് വിളിച്ചു. വിക്കറ്റ് റബാദക്ക്. രണ്ട് വിക്കറ്റിന് 13 റണ്‍സ് എന്ന നിലയില്‍ വന്‍ തകര്‍ച്ച. റണ്ണൗട്ട് വിദഗ്ധന്‍ ചേതേശ്വര്‍ പൂജാരയും കോലിയും ക്രീസില്‍ ഒരുമിച്ചപ്പോള്‍ നാല് വട്ടമാണ് രണ്ട് പേരെയും ഭാഗ്യം തുണച്ചത്. ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരുടെ കൈ ചോര്‍ന്നപ്പോള്‍ അപ്പീലുകള്‍ തെരഞ്ഞെടുക്കുന്നതിലും ഡുപ്ലസിസിന്റെ സംഘത്തിന് പിഴച്ചത് കൊണ്ട് മാത്രമായിരുന്നു രണ്ട് പേരും പൊരുതിയത്. സ്‌ക്കോര്‍ 97 വരെ എത്തിച്ചപ്പോള്‍ കോലിയുടെ ഭാഗ്യം അവസാനിച്ചു. ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ അദ്ദേഹം ഡി വില്ലിയേഴ്‌സിന് ക്യാച്ച് നല്‍കി. 144 ല്‍ അതാ പൂജാരയും മടങ്ങി. പിന്നെയെല്ലാം എളുപ്പത്തിലായിരുന്നു. ഹാര്‍ദിക്, പാര്‍ത്ഥീവ് എന്നിവര്‍ക്കൊന്നും ക്രീസില്‍ നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. 30 റണ്‍സ് നേടി ഭുവനേശ്വര്‍ വാലറ്റത്തില്‍ നന്നായി ബാറ്റേന്തി.ആദ്യദിനം പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റിന് 6 റണ്‍സ് എന്ന നിലയിലാണ്. മാര്‍ക്ക് റാമിന്റെ വിക്കറ്റ് ഭുവനേശ്വറിന് കിട്ടിയത് മാത്രമാണ് ഇന്ത്യയുടെ നേട്ടം. ഭുവിയും ജസ്പ്രീത് ബുംറയും മാത്രമാണ് ഇന്നലെ പന്തെറിഞ്ഞത്.