കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് ചിലിക്കെതിരെയുള്ള മത്സരത്തില്‍ സമനില. മത്സരത്തില്‍ ആദ്യം മെസിയുടെ ഗോളില്‍ അര്‍ജന്റീന മുന്നിട്ടു നിന്ന ശേഷമാണ് സമനില. 31ാം മിനിറ്റില്‍ ലോസെല്‍സോയെ ചിലിയുടെ പ്രതിരോധനിരക്കാരന്‍ എറിക് പള്‍ഗര്‍ ഫൗള്‍ ചെയ്തതിന് അര്‍ജന്റീനക്ക് കിട്ടിയ ഫ്രീകിക്ക് മെസി ഗോളാക്കുകയായിരുന്നു. കിക്കെടുത്ത മെസി ചിലിയന്‍ ഗോളി ക്ലോഡിയോ ബ്രാവോയെ നിസ്സഹായനാക്കി വലയിലെത്തിക്കുകയായിരുന്നു.

അര്‍ട്ടുറോ വിദാലിനെ അര്‍ജന്റീന പ്രതിരോധനിരക്കാരന്‍ ടഗ്ലിയാഫിക്കോ ഫൗള്‍ ചെയ്തതിന് 57ാം മിനിറ്റില്‍ ചിലിക്ക് അനുകൂലമായ പെനാല്‍ട്ടി ലഭിച്ചു. വിദാലിന്റെ കിക്ക് അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് തട്ടിയകറ്റിയെങ്കിലും ഓടിയെത്തിയ വര്‍ഗാസ് അത് വലയിലെത്തിച്ചു.

ആദ്യപകുതിയില്‍ അക്രമണാത്മക ഫുട്‌ബോള്‍ കാഴ്ച വച്ച അര്‍ജന്റീന രണ്ടാം പകുതിയില്‍ തീര്‍ത്തും മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്.