അര്‍ജന്റീനയുടെ കുപ്പായത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് മെസി. 28 വര്‍ഷം അര്‍ജന്റീന മനസില്‍ പേറി നടന്ന ദുഖത്തിനും ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോളോടെ അവസാനം.

ലോങ് ഗോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ റോഡ്രിഗോ ലോദിക്ക് വന്ന പിഴവാണ് അര്‍ജന്റീനയുടെ കോപ്പ കിരീടധാരണത്തിലേക്ക് വഴിവെച്ചത്. 21ാം മിനിറ്റിലായിരുന്നു ഗോള്‍. തന്റെ നേര്‍ക്കെത്തിയ പന്ത് മരിയ ബ്രസീല്‍ ഗോള്‍കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ഗോള്‍വലയിലെത്തിച്ചു.

ആദ്യ മിനിറ്റുകളില്‍ മധ്യനിരയിലായിരുന്നു ഇരുനിരകളുടെയും കളി. എന്നാല്‍ രണ്ടാം പകുതിയില്‍ ഇരു ടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ബാറിന് കീഴെ മിന്നും പ്രകടനവുമായി അര്‍ജന്റീനിയന്‍ ഗോള്‍കീപ്പര്‍ എമിലിയോ മാര്‍ട്ടിനസ് വല കാത്തപ്പോള്‍ ബ്രസീലിന്റെ മുന്നേറ്റങ്ങളെല്ലാം പാഴായി.
കിരീട നേട്ടത്തോടെ കോപ്പയിലെ ഏറ്റവുമധികം കിരീടനേട്ടങ്ങളുള്ള ടീമെന്ന നേട്ടവും ഇതോടെ അര്‍ജന്റീനക്ക് സ്വന്തമായി. ഉറുഗ്വായ്‌ക്കൊപ്പമാണ് അര്‍ജന്റീന റെക്കോര്‍ഡ് പങ്കുവെക്കുന്നത്.