കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.

കേസുമായി ബന്ധപ്പെട്ട് ഇഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വൈരുധ്യങ്ങളുണ്ടെന്ന് ശിവശങ്കര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇഡിക്ക് ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ചോദ്യം ചെയ്യലിനിടെ പറയാന്‍ വിസമ്മതിച്ചതു കൊണ്ടാണു തന്നെ അറസ്റ്റു ചെയ്തത്. കള്ളപ്പണത്തെ പറ്റി അറിവുണ്ടായിരുന്നുവെന്നു വരുത്താന്‍, ലോക്കര്‍ സംബന്ധിച്ച വാട്‌സാപ് ചാറ്റുകളില്‍ ചിലത് ഇഡി ഒഴിവാക്കി തുടങ്ങിയ ആരോപണങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കിയത്.

എം.ശിവശങ്കറിന്റെ ആരോപണം തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തി. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വാദം ദുരുദ്ദേശ്യപരമെന്നും ഇഡി അറിയിച്ചു. ശിവശങ്കറിന്റെ പുതിയ വാദങ്ങള്‍ കണക്കിലെടുക്കരുതെന്നും ഇഡി അറിയിച്ചു.