തിരുവനന്തപുരം: കെ.ആര്‍ അരവിന്ദാക്ഷന്റെ നിര്യാണത്തെ തുടര്‍ന്ന് എല്‍.ഡി.എഫിനെ പിന്തു ണക്കുന്ന സി.എം.പി പിളര്‍പ്പിലേക്ക്. പാര്‍ട്ടി സി.പി.എമ്മില്‍ ലയിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗവും എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മറുഭാഗവും നിലപാടെടുത്തതോടെ ഈമാസം പത്തിന് എറണാകുളത്ത് ചേരുന്ന യോഗം നിര്‍ണായകമാകും.

അരവിന്ദാക്ഷന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മുതിര്‍ന്ന നേതാവ് എം.കെ കണ്ണനെ തെരഞ്ഞെടുക്കുന്നതിനാണ് യോഗം ചേരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ അരവിന്ദാക്ഷന്‍ ജീവിച്ചിരിക്കെ തന്നെ സി.പി.എമ്മുമായി ലയന ചര്‍ച്ചകള്‍ നടന്നിരുന്നു. സി.എം.പിയിലെ ഒരു വിഭാഗം സി.പി.എമ്മില്‍ ലയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സി.എം.പിയെ എല്‍.ഡി.എഫ് ഇനിയും ഘടകകക്ഷിയായി അംഗീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ലയനം മാത്രമാണ് പോംവഴിയെന്നാണ് ഇവരുടെ പക്ഷം. ഉപാധികളില്ലാതെ സി.പി.എമ്മില്‍ ലയിക്കാവുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എം.കെ കണ്ണനും ലയനത്തെ അനുകൂലിക്കുകയാണ്. ലയന തീരുമാനം പത്തിന് ചേരുന്ന യോഗത്തില്‍ ഉണ്ടായില്ലെങ്കിലും കണ്ണന്‍ ജന. സെക്രട്ടറിയായാല്‍ ഇതുസംബന്ധിച്ച നീക്കത്തിന് ശക്തികൂടും.
അതേസമയം ലയനത്തെ പാര്‍ട്ടിയിലെ കീഴ്ഘടകങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. സി.പി.എമ്മുമായി പോരടിച്ചാണ് പലയിടത്തും പാര്‍ട്ടി നിലനില്‍ക്കുന്നത്. പെട്ടെന്നുള്ള ലയനം അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കും. ഇത് വകവെക്കാതെ ലയിക്കാന്‍ തീരുമാനിച്ചാല്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന, സി.പി ജോണ്‍ നേതൃത്വം നല്‍കുന്ന സി.എം.പിയില്‍ ചേരുക മാത്രമാണ് താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ള പോംവഴി. അരവിന്ദാക്ഷന്‍ വിഭാഗത്തിലെ മൂന്ന് പ്രധാന നേതാക്കളും സി.പി ജോണ്‍ പക്ഷത്തേക്ക് ചേക്കേറാന്‍ ഇടയുണ്ടെന്നറിയുന്നു. അരവിന്ദാക്ഷന്റെ അധ്യക്ഷതയില്‍ അടുത്തിടെ ആലുവയില്‍ ചേര്‍ന്ന സി.എം.പി യോഗത്തില്‍ സി.പി.എമ്മുമായി ലയിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. അന്ന് പൊളിറ്റ്ബ്യൂറോ അംഗങ്ങളില്‍ മൂന്നുപേര്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.
പാര്‍ട്ടി പിളര്‍ന്നശേഷം അവിഭക്ത സി.എം.പിയിലെ എട്ട് സെക്രട്ടറിമാരില്‍ സി.പി. ജോണ്‍ സി.എ. അജീര്‍ എന്നിവരൊഴികെ മറ്റ് ആറുപേരും അരവിന്ദാക്ഷന് ഒപ്പമായിരുന്നു. ഇതില്‍ എം.കെ. കണ്ണന്‍, ജി. സുഗുണന്‍, പാട്യം രാജന്‍, ടി.സി.എച്ച്. വിജയന്‍, എം.എച്ച്. ഷഹരിയാര്‍ എന്നിവരാണ് നിലവിലെ സെക്രട്ടറിമാര്‍. ഇതില്‍ സുഗുണനും പാട്യം രാജനും എം.എച്ച്. ഷഹരിയാറും ലയനത്തോട് യോജിപ്പില്ലെന്നാണ് സൂചന. എം.വി ആറിനൊപ്പം പ്രവര്‍ത്തിച്ച ഇവര്‍ക്ക് അര്‍ഹമായ പദവി നല്‍കാന്‍ സി.പി.എം തയാറാകുമോ എന്ന് വ്യക്തമല്ല.
ലയനം സാധ്യമായാല്‍ എം. കെ കണ്ണന്‍ ഉള്‍പെടെയുള്ള നേതാക്കളെ സി.പി.എമ്മിന്റെ സംസ്ഥാന ഘടകത്തിലെങ്കിലും ഉള്‍പെടുത്തേണ്ടിവരും. എന്നാല്‍ ഉപാധികളോടെയുള്ള ചര്‍ച്ചക്ക് തയാറല്ലെന്ന് കോടിയേരി അറിയിച്ചിട്ടുണ്ട്. അതേസമയം സി.പി.ഐയുമായി ചര്‍ച്ച നടത്തുന്നതിക്കെുറിച്ചും പത്താം തിയതിയിലെ യോഗം ആലോചിക്കും.