ജോഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 492 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം. റണ്‍ അടിസ്ഥാനത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ നാലാമത്തെ വിജയമാണിത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 612 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് കേവലം 119 റണ്‍സിന് പുറത്തായാണ് വന്‍ നാണക്കേട് ഏറ്റു വാങ്ങിയത്. ആറ് വിക്കറ്റെടുത്ത പേസ് ബൗളര്‍ വെര്‍നന്‍ ഫിലാന്‍ഡറാണ് കങ്കാരുപ്പടയുടെ നടുവൊടിച്ചത്. ഇതോടെ നാല് മത്സര ടെസ്റ്റ് പരമ്പരയില്‍ (3-1)ന്റെ ജയവും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. സ്‌കോര്‍ : ദക്ഷിണാഫ്രിക്ക : 488, 344/6 (ഡിക്ലയേഡ്), ഓസ്‌ട്രേലിയ : 221, 119. ദക്ഷിണാഫ്രിക്ക വെച്ച് നീട്ടിയ 612 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 88/3 എന്ന നിലയിലാണ് അവസാന ദിവസം ബാറ്റിംഗ് തുടങ്ങിയത്. എന്നാല്‍ തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പ് അവര്‍ക്ക് ഷോണ്‍ മാര്‍ഷിനേയും, മിച്ചല്‍ മാര്‍ഷിനേയും നഷ്ടമായി. പിന്നീട് മത്സരത്തിന്റെ പരാജയ മാര്‍ജിന്‍ എത്രത്തോളം കുറയ്ക്കാന്‍ ഓസീസിന് കഴിയുമെന്നതില്‍ മാത്രമാണ് ആരാധകര്‍ക്ക് ആകാംക്ഷയുണ്ടായിരുന്നത്. ഫിലാന്‍ഡര്‍ ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ പവലിയനിലേക്ക് ഒന്നൊന്നായി തിരിച്ചെത്തിക്കൊണ്ടിരുന്നു. അവസാനം 9 റണ്‍സെടുത്ത നഥാന്‍ ലയോണ്‍ റണ്ണൗട്ടായതോടെ 492 റണ്‍സിന്റെ സ്വപ്‌ന ജയം ദക്ഷിണാഫ്രിക്കയെ തേടിയെത്തുകയായിരുന്നു. ഫിലാന്‍ഡര്‍ 21 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേടിയപ്പോള്‍, രണ്ട് വിക്കറ്റെടുത്ത മോണി മോര്‍ക്കലും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗില്‍ തിളങ്ങി. ഓസീസ് നിരയില്‍ എട്ട് ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം കാണാനായില്ല. 42 റണ്‍സെടുത്ത ഓപ്പണര്‍ ജോ ബേണ്‍സാണ് ഓസീസ് നിരയിലെ ടോപ്പ് സ്‌കോറര്‍. തോല്‍വിയോടെ ഓസീസിന് ടെസ്റ്റിലെ മൂന്നാം റാങ്കും നഷ്ടമായി. ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാമതാണ്. ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്.