ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ പതിനേഴുകാരിയായ മകളുടെ തലയറുത്ത് കയ്യില്‍ തൂക്കിപ്പിടിച്ച് റോഡിലൂടെ നടന്ന് പിതാവ്. ലക്‌നൗവില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള പന്തേരയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അറുത്തെടുത്ത തലയുമായി ഒരാള്‍ റോഡിലൂടെ നടക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്. തുടര്‍ന്നു ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മകളെ കൊലപ്പെടുത്തിയതാണെന്ന് സര്‍വേഷ് കുമാര്‍ സമ്മതിച്ചത്.

മകളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതു കൊണ്ടാണ് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് അവളുടെ തലയറുത്തതെന്ന് സര്‍വേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു. ‘ഞാനാണ് അത് ചെയ്തത്. മറ്റാരുമല്ല. മൃതദേഹം വീട്ടില്‍ മുറിയിലുണ്ട്’ സര്‍വേഷ് കുമാര്‍ പറയുന്നു. ഇയാളെ അറസ്റ്റു ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ ശിരസ് മോശമായി കൈകാര്യം ചെയ്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.