ഇന്‍ഡോര്‍ : സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നതിന് വേണ്ടി അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം കടന്നുകളഞ്ഞ കൗമാരക്കാരി പിടിയില്‍. 17 കാരിയും കാമുകനുമാണ് പൊലീസിന്റെ പിടിയിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

സ്‌പെഷന്‍ ആംഡ് ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ ജ്യോതിപ്രസാദ് ശര്‍മ്മ(45), ഭാര്യ നീലം (43) എന്നിവരാണ് കൊല്ലപ്പെട്ടത്. മുറി തുറക്കാത്തത് കണ്ട് വീട്ടുജോലിക്കാരി ജ്യോതിപ്രസാദിന്റെ മകനെ വിവരം അറിയിച്ചു. മകന്‍ മുറി തുറന്നു നോക്കുമ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടെത്തുന്നത്.

മകന്റെ കരച്ചില്‍ കേട്ട് എത്തിയ സമീപവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. വീട്ടിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്ത നിലയിലുമായിരുന്നു. വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു.

ഇതിനിടെയാണ് ജ്യോതിപ്രസാദിന്റെ മകളെ കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. കുട്ടി രാവിലെ നാലു മണിയോടെ പുറത്തേക്ക് പോകുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് ലഭിച്ചു. വീട്ടില്‍ നിന്നും പിതാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ കത്തും പൊലീസിന് കിട്ടി. എന്നാല്‍ ഇതില്‍ വസ്തുതയില്ലെന്നും അന്വേഷണത്തില്‍ പൊലീസിന് മനസ്സിലായി.

പെണ്‍കുട്ടിയുടെയും കാമുകന്‍ ധനഞ്ജയ് യാദവിന്റെ (20) യും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെ പെണ്‍കുട്ടിയുടെ ഫോണ്‍ ഓണ്‍ ചെയ്തതായി കണ്ടെത്തി.

ഉടന്‍ തന്നെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുകയും മന്‍ദ്‌സോര്‍, നീമൂച്ച് ഹൈവേ പെട്രോളിംഗ് പൊലീസ് സംഘത്തെ വിവരം അറിയിക്കുകയുമായിരുന്നു. ഇവര്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു.

സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയും കാമുകനും പൊലീസിനോട് സമ്മതിച്ചു. രാജസ്ഥാനില്‍ പോയി ജീവിക്കാനാണ് പദ്ധതിയിട്ടത്. ഇതിനായി വീട്ടില്‍ നിന്നും പണവും കവര്‍ന്നു.

പെണ്‍കുട്ടിയും ധനഞ്ജയും തമ്മിലുള്ള ബന്ധത്തെ ജ്യോതി പ്രസാദ് എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി സംഭവത്തിന് തലേദിവസം വീട്ടില്‍ വാക്കുതര്‍ക്കവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് തടസ്സമായ ഇരുവരേയും വകവരുത്താന്‍ ഇവര്‍ തീരുമാനിച്ചത്.