കണ്ണൂര്‍: പാനൂര്‍ പാത്തിപ്പാലത്ത് പുഴയില്‍ വീണ് കുഞ്ഞ് മരിച്ച സംഭവത്തില്‍ അച്ഛനായി തെരച്ചില്‍ ഊര്‍ജിതം. തന്നെയും മകളെയും ഭര്‍ത്താവ് പുഴയില്‍ തള്ളിയിടുകയായിരുന്നെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കിയതോടെയാണ് കേസ് കൊലപാതകമാണെന്ന് തെളിയുന്നത്. ഇരുവരെയും പുഴയില്‍ തള്ളിയിട്ടെങ്കിലും യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കുഞ്ഞ് മരിച്ചു.

ഇന്നലെ രാത്രി ഏഴരയോടെ പുഴയില്‍ നിന്ന് സ്ത്രീയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മകള്‍ ഒന്നര വയസുകാരി അന്‍വിത അപ്പോഴേക്കും മരിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഈസ്റ്റ് കതിരൂര്‍ എല്‍പി സ്‌കൂള്‍ അധ്യാപികയാണ് 25കാരിയായ രക്ഷപ്പെട്ട സോന. ഭര്‍ത്താവ് പത്തായക്കുന്ന് കുപ്പ്യാട്ട്് കെപി ഷിജുവിന്റെ കൂടെ മൂന്ന് പേരും പുഴക്ക് സമീപം ബൈക്കില്‍ എത്തിയതായിരുന്നു. പുഴയുടെ സമീപത്ത് നിന്ന് ബൈക്ക് കണ്ടെടുത്തിട്ടുണ്ട്. ഷിജുവിന്റെ മൊബൈല്‍ ഫോണ്‍ ഓഫാണ്. സംഭവത്തില്‍ കതിരൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.