കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവിനെ വിവാഹ പന്തലില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ പലതവണ കൂട്ടമാനഭംഗം ചെയ്തിരുന്നു. കോയമ്പത്തൂര്‍ കാവേരിപട്ടണത്തണ് സംഭവം.

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പലതവണ കൂട്ടബലാത്സംഗം ചെയ്യുക. ഒരു മനസ്താപവും ഇല്ലാതെ മറ്റൊരു യുവതിക്കൊപ്പം വിവാഹ ജീവിതത്തിനു ഒരുങ്ങുക. ആരെയും ഒന്നും അറിയിക്കാതെ വിവാഹത്തിനൊരുങ്ങിയ കാവേരിപട്ടണം സ്വദേശി ശക്തിയുടെ ആദ്യരാത്രിയാണ് ജയിലിനുള്ളില്‍ ആയത്. കാവേരിപട്ടണം കറുകഞ്ചാവടിയില്‍ അമ്മാവനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയാണ് കൂട്ട മാനഭംഗത്തിന് ഇരയായത്.

മൂന്നുപേര്‍ ചേര്‍ന്ന് പലതവണ മാനഭംഗം ചെയ്തു.കഴിഞ്ഞ മാസം അവസാനം പെണ്‍കുട്ടി കോയമ്പത്തൂരിലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. വയര്‍ വീര്‍തിരിക്കുന്നത് വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. വയറില്‍ മുഴയെന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കരുതിയിരുന്നത്. അതിനു ചികിത്സ തേടിയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പെണ്‍കുട്ടിയും അമ്മയും എത്തിയത്. പരിശോധനയില്‍ പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.

തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ വഴി പൊലീസിനെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈനിന്റെ കൗണ്‌സിലിങ്ങിലാണ് പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പ്രണയം നടിച്ച് അടുപ്പത്തിലായ ശക്തി കോയമ്പത്തൂരിലെ വിവിധ ഇടങ്ങളില്‍ വച്ച് പീഡിപ്പിച്ചു. സുഹൃത്തുക്കളായ രാം രാജ്, 54 വയസുള്ള ഉദയന്‍ എന്നിവരും പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

വിവരമറിഞ്ഞ ഗ്രാമവാസികള്‍ ഉദയന്റെ വീടാക്രമിച്ചു . ഇയാളെ കൈകാര്യം ചെയ്തതിനു ശേഷമാണു പോലീസിന് കൈമാറിയത്. തുടര്‍ന്ന് ശക്തിയുടെ വീട്ടിലെത്തിയപ്പോഴാണ് വിവാഹ സല്‍ക്കാരം നടക്കുന്നത് പൊലീസ് കണ്ടത്. ഇയാളെ കസ്റ്റഡിയിലെടുത്തതോടെ വിവാ.ഹ സല്‍ക്കാരം മുടങ്ങി. ഒളിവില്‍പോയ രാംരാജിനു വേണ്ടി തിരച്ചില്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു.