മുംബൈ: ക്രൂരമായ ബലാത്സംഗം ചെയ്ത ശേഷം ഭാരമേറിയ വസ്തുകൊണ്ട് തല തകര്‍ത്ത് 23 വയസ്സുകാരിയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു. നവി മുംബൈയിലെ വാഷിക്ക് സമീപമാണ് സംഭവം നടന്നത്. ഗുരുതര പരിക്കുകളോടെയാണ് യുവതിയെ കണ്ടെത്തിയത്.

ശരീരമാസകലം മുറിവുകളും തലയില്‍ ഒന്നിലേറെ പരിക്കുകളുമായാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയെ വാഷിയിലെ എന്‍എംഎംസി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ ജെജെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് യുവതി. മുംബൈയിലെ പവായ് മേഖലയില്‍ വീട്ടുവേലയ്ക്ക് പോവുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായത്. ടിറ്റ്വാല സ്വദേശിയാണ് യുവതിയെന്നാണ് പ്രാഥമിക അനുമാനം.

യുവതിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. കൊലപാതക ശ്രമത്തിനും ബലാത്സംഗത്തിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. താനെ, പന്‍വേല്‍, വാഷി സ്റ്റേഷനുകളിലെ സിസിടിവി ഫൂട്ടേജുകളെടുത്ത് പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ യുവതി ട്രെയിനില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.

അതേസമയം, 20 വയസ്സുകാരി ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ ക്രൂര ബലാത്സംഗത്തിനിരയായി. ഭര്‍ത്താവിന്റെ സഹോദരനാണ് യുവതിയെ പീഡിപ്പിച്ചത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.