തൃശൂര്‍: ഉറക്കച്ചടവോടെ രാവിലെ അഞ്ച് മണിക്ക് വീടിന്റെ മുന്‍വാതില്‍ തുറന്ന ഷാജന് കണികണ്ടത് ഭീമന്‍ ഒരു മുതലയെ. ഒന്നേ കണ്ടുള്ളൂ, കണിമതിയാക്കി നിലവിളിച്ചുകൊണ്ട് ഒറ്റ വാതിലടക്കല്‍. പിന്നീട് ഉള്ളില്‍ നിന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് മുതലയുടെ വിശ്വരൂപം ശരിക്കും കണ്ടത്.

ഭീമാകാരന്‍ മുതല വാതിലിന് മുന്നില്‍ ആരെയോ പ്രതീക്ഷിച്ച പോലെ കിടക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചു. ആതിരപ്പിള്ളി പുഴയുടെ സമീപത്താണ് ഷാജന്‍ താമസിക്കുന്നത്. പുഴയില്‍ നിന്നാണ് മുതല വീട്ടു പടിക്കലെത്തിയതെന്ന് വിശ്വസിക്കുന്നു.

വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒന്നര മണിക്കൂറോളം ശ്രമിച്ചാണ് മുതലയെ പുഴയിലേക്ക് അയക്കുവാനായത്. മുതലയെ പിടിച്ചു കെട്ടാന്‍ നാട്ടുകാരും ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ഒത്തുകൂടി. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ രാത്രി റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന മുതലയുടെ വീഡിയോ ബൈക്ക് യാത്രക്കാര്‍ പകര്‍ത്തിയിരുന്നു.