തിരുവനന്തപുരം: വിഷുവും ഈസ്റ്ററും പടിവാതില്‍ക്കലെത്തി നില്‍ക്കെ സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷം. സംസ്ഥാനത്തെ ഭൂരിഭാഗം ബാങ്കുകളിലും എ.ടി.എമ്മുകളിലും ആവശ്യത്തിന് നോട്ടില്ലാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി.

ഉത്സവദിനങ്ങളില്‍ ക്രയവിക്രയത്തിന് പണമില്ലാതെ ആളുകള്‍ പരക്കം പായുകയാണ്. നേരത്തെ രണ്ടായിരത്തിന്റെ നോട്ടുകള്‍ സുലഭമായിരുന്ന എ.ടി.എമ്മുകളില്‍ ഇപ്പോള്‍ അതുമില്ല. നൂറിന്റെയും അഞ്ഞൂറിന്റെയും അമ്പതിന്റെയും നോട്ടുകള്‍ നിറക്കുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കാലിയാകുന്ന അവസ്ഥയാണ്. 5000 രൂപക്ക് മുകളിലുള്ള തുക പിന്‍വലിക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന പരാതി. അതേസമയം, സംസ്ഥാനത്തെ ട്രഷറികളിലും കറന്‍സിക്ഷാമം രൂക്ഷമായി. 223 ട്രഷറികള്‍ക്കായി 174 കോടി രൂപയുടെ കറന്‍സിയാണ് ഇന്നലെ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ വെറും 51 കോടിരൂപയാണ് ഇന്നലെ ഉച്ചവരെ ലഭിച്ചത്. ആവശ്യപ്പെടുന്ന കറന്‍സിയുടെ 30 ശതമാനം കറന്‍സി മാത്രമാണ് ലഭിക്കുന്നത്.
സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണത്തെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. പെന്‍ഷന്‍ തുക ട്രഷറിക്ക് നല്‍കിയെങ്കിലും അത് കറന്‍സിയായി സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍കാര്‍ക്ക് നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. ഇക്കാര്യങ്ങള്‍ ബാങ്കുകളെ അറിയിക്കുവാന്‍ ധനമന്ത്രി, ധനസെക്രട്ടറി, നികുതി സെക്രട്ടറി, ലോട്ടറി ഡയരക്ടര്‍, ബിവറേജസ് കോര്‍പറേഷന്‍ എം.ഡി എന്നിവരുടെ യോഗം വിളിച്ച് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.