മലപ്പുറം: മന്ത്രി കെടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തത്. രണ്ട് സുഹൃത്തുക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ മന്ത്രിയുടെ ഗണ്‍മാന്റെ ഫോണില്‍ നിന്ന് വിളിച്ചതടക്കം ഉള്ള വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തുക ഇടപാടു സംബന്ധിച്ച ഫോണ്‍വിളി വിവാദങ്ങള്‍ അടക്കം നിലനില്‍ക്കെയാണ് കസ്റ്റംസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്.

വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഒളിച്ചുകടന്നാണ് മന്ത്രി അന്വേഷണ ഏജന്‍സികള്‍ക്കു മുമ്പാകെ ഹാജരായിരുന്നത്.