അഗര്‍ത്തല: ഭാര്യയേയും ഭാര്യമാതാവിനെയും യുവാവ് കൊലപ്പെടുത്തി അവരുടെ ശരീരം വെട്ടിനുറുക്കി. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സ്ത്രീകളെയും അവര്‍ക്കു മുന്നില്‍ പേടിച്ചരണ്ട് നിലവിളിച്ചിരിക്കുന്ന കുട്ടികളെയുമാണ് കണ്ടതെന്ന് പൊലീസ് അറിയിച്ചു.

ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ തൊട്ടടുത്ത മുറിയില്‍ ബോധരഹിതനായി കണ്ടെത്തി. പടിഞ്ഞാറന്‍ ത്രിപുരയിലെ ഹപാനിയ നിവാസിയായ ഇയാളുടെ ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല.

ഇയാളുടെ ഭാര്യയും കുട്ടികളും കഴിഞ്ഞ നാല് മാസമായി ഭാര്യാമാതാവിനൊപ്പമാണ് താമസിച്ചിരുന്നതെന്നും ഇരുവരും വേര്‍പിരിയലിന്റെ വക്കിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ദാമ്പത്യപ്രശ്‌നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം