തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 51കാരിയുടെ മരണത്തില്‍ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശിനി ശാഖ കുമാരിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ 28കാരനായ ഭര്‍ത്താവ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ ഭാര്യ ഷോക്കേറ്റ് വീണു എന്നാണ് അരുണ്‍ അയല്‍വാസികളെ അറിയിച്ചത്. തുടര്‍ന്ന് ശാഖാ കുമാരിയെ അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് നാല് മണിക്കൂര്‍ മുന്നെ തന്നെ ശാഖ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ അരുണ്‍ സംശയ നിഴലിലാവുകയായിരുന്നു.

ശാഖയുടെ മൂക്കില്‍ ഉണ്ടായിരുന്ന മുറിവും സംശയത്തിന് ആക്കം കൂട്ടി. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് അരുണിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. ശാഖ കുമാരിയും നെയ്യാറ്റിന്‍കര സ്വദേശി അരുണും തമ്മിലുള്ള വിവാഹം 2 മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. 28 വയസ്സാണ് അരുണിന്.