ദുബൈ: ഐപിഎല്ലിലെ 19ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മിന്നും ജയം.ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 59 റണ്‍സിനാണ് അവര്‍ തോല്‍പ്പിച്ചത്. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാലു വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാദയാണ് ബാംഗ്ലൂർ ബാറ്റിങ്ങിനെ തകർത്തുവിട്ടത്. വിരാട് കോലിയെ പുറത്താക്കിയ റബാദ ബാംഗ്ലൂർ വാലറ്റത്തെയും എറിഞ്ഞിട്ടു. വിരാട് കോലി മാത്രമാണ് ബാംഗ്ലൂരിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്.

മാത്രമാണ് ബാംഗ്ലൂരിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഡല്‍ഹിക്കായി അക്‌സര്‍ പട്ടേലും നോര്‍ദെയും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍ ഒരു വിക്കറ്റ് നേടി. ജയത്തോടെ എട്ടു പോയിന്റുമായി ഡല്‍ഹി പട്ടികയില്‍ ഒന്നാമതായി. കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലും ജയിച്ചാണ് ഡല്‍ഹിയുടെ മുന്നേറ്റം. മൂന്നു മത്സരങ്ങള്‍ ജയിച്ച ബാംഗ്ലൂര്‍ ടീം മൂന്നാം സ്ഥാനത്തുണ്ട്.

ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ഡല്‍ഹിയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടുകെട്ടാണ് പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് കെട്ടിപ്പടുത്തത്. 23 പന്തില്‍ 42 റണ്‍സെടുത്ത് പൃഥ്വി ഷാ പുറത്തായി. അധികം വൈകാതെ ശിഖര്‍ ധവാനും പുറത്തായി.

ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ഫീല്‍ഡിങ്ങാണ് ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പുറത്താകലിലേക്കു നയിച്ചത്. മൊയീന്‍ അലിയുടെ പന്ത് സിക്‌സ് ലക്ഷ്യമിട്ട് അയ്യര്‍ അടിച്ചു പറത്തിയപ്പോള്‍ ബൗണ്ടറി ലൈനില്‍നിന്ന് ദേവ്ദത്ത് അതു പിടിച്ചെടുത്തു. ഇതോടെ ഡല്‍ഹി 11.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലായി.

ഋഷഭ് പന്തും മാര്‍കസ് സ്‌റ്റോയ്‌നിസും ചേര്‍ന്ന് ഡല്‍ഹി സ്‌കോര്‍ 150 കടത്തി. പിന്നീട് തകര്‍ത്തടിച്ച സ്‌റ്റോയ്‌നിസ് സ്‌കോര്‍ 196 ല്‍ എത്തിച്ചു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ടും മൊയീന്‍ അലി, ഇസുരു ഉഡാന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.