ഷാര്‍ജ: ഐപിഎല്ലിലെ 34ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംങ്‌സിനെതിരെ ഡല്‍ഹിക്ക് ക്യാപിറ്റല്‍സിന് അഞ്ച് വിക്കറ്റ് ജയം. 58 പന്തില്‍ പുറത്താകെ 101 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ വിജയ ശില്‍പി.

അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ രവീന്ദ്ര ജഡേജയെ മൂന്ന് തവണ അതിര്‍ത്തി കടത്തിയ അക്ഷര്‍ പട്ടേലാണ് ഡല്‍ഹിക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്.

180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പൃഥ്വി ഷായെ (0) നഷ്ടമായി. ദീപക് ചാഹറാണ് ഷായെ പുറത്താക്കിയത്. സ്‌കോര്‍ 26-ല്‍ എത്തിയപ്പോള്‍ എട്ടു റണ്‍സുമായി രഹാനെയും മടങ്ങി.

തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശിഖര്‍ ധവാന്‍ – ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സഖ്യമാണ് ഡല്‍ഹി ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്. 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

23 പന്തില്‍ 23 റണ്‍സെടുത്ത ശ്രേയസിനെ ബ്രാവോയാണ് പുറത്താക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ മാര്‍ക്കസ് സ്റ്റോയ്‌നിസ് 14 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഒരു ഫോറുമടക്കം 24 റണ്‍സെടുത്ത് ധവാന് ഉറച്ച പിന്തുണ നല്‍കി.

ചെന്നൈക്കായി നാല് ഓവര്‍ എറിഞ്ഞ ദീപക് ചാഹര്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.