ഡല്‍ഹി: വിവാഹം ചെയ്തു തരണമെന്ന ആവശ്യം നിരാകരിച്ചതിന് കാമുകിയുടെ വളര്‍ത്തച്ഛനെ കൊന്ന കേസില്‍ 25കാരന്‍ അറസ്റ്റില്‍. വീട്ടില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ 50കാരനെ കണ്ടെത്തുകയായിരുന്നു.

ഡല്‍ഹിയിലാണ് സംഭവം. പാലം മെട്രോ സ്‌റ്റേഷന് സമീപം ഹൗസ്‌കീപ്പര്‍ ആയി ജോലി ചെയ്യുന്ന സൂരജ് കുമാറാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.ശനിയാഴ്ചയാണ് 50കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് നിരവധി തവണ അടിയേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

വളര്‍ത്തുമകളെ വിവാഹം കഴിക്കുന്നതില്‍ 50കാരനായ ബിജേന്ദര്‍ സിങ് എതിര്‍പ്പ് അറിയിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതാണ് പ്രകോപനത്തിന് കാരണം. 24കാരി വിവാഹത്തില്‍ ഉറച്ചുനിന്നതോടെ, വളര്‍ത്തുമകളെ ഉത്തര്‍പ്രദേശിലെ അച്ഛന്റെയും അമ്മയുടെയും അരികിലാക്കി മടങ്ങി. യുവാവിന്റെ മാതാപിതാക്കള്‍ ഉത്തര്‍പ്രദേശിലെ കാമുകിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് വിവാഹകാര്യം മുന്നോട്ടുവെച്ചു. എന്നാല്‍ വളര്‍ത്തച്ഛന്‍ കല്യാണത്തില്‍ വീണ്ടും
എതിര്‍പ്പ് അറിയിച്ചതാണ് സൂരജിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

നവംബര്‍ 28മുതല്‍ ബിജേന്ദര്‍ സിങ്ങിനെ പിന്തുടര്‍ന്നതായി സൂരജിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. സംഭവ ദിവസം അടുക്കളയില്‍ നിന്ന് കത്തി എടുത്താണ് കുത്തികൊന്നതെന്ന് സൂരജ് പറഞ്ഞതായി പൊലീസ് പറയുന്നു.