പൂനെ: മഹാരാഷ്ട്രയില്‍ നഗരസഭാംഗമായ ബി.ജെ.പി നേതാവില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്തര ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി.
പൂനെ നഗരത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ സസ്‌വാദില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്. മറ്റ് മൂന്നുപേര്‍ക്കൊപ്പം കാറില്‍ ബാരാമതിയിലേക്ക് പോകുകയായിരുന്ന ബി.ജെ.പി നഗരസഭാംഗം ഉജ്ജ്വല്‍ കേസ്‌കറിന്റെ വാഹനത്തില്‍നിന്നാണ് പണം പിടിച്ചെടുത്തത്. ഈമാസാവസാനം മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മഹാരാഷ്ട്രയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പൊലീസിന്റെയും സംയുക്ത സംഘം പരിശോധന കര്‍ശനമാക്കിയിരുന്നു.
അതേസമയം രേഖകളുള്ള പണമാണ് പിടിച്ചെടുത്തതെന്ന് ഉജ്ജ്വല്‍ കേസ്‌കര്‍ അവകാശപ്പെട്ടു. പണത്തിന് രേഖകള്‍ ഉണ്ട്. താനും കൂടെയുള്ളവരും ജന്മനാടായ ബാരാമതിയിലേക്ക് പോകാനിറങ്ങിയതായിരുന്നു.
പാഞ്ചഗനിയിലെ ബാങ്ക് ശാഖയില്‍ നിക്ഷേപിക്കാനായാണ് പണം വാഹനത്തില്‍ കരുതിയത്. ബാങ്കില്‍ വലിയ തിരക്കായതിനാല്‍ നിക്ഷേപിക്കാന്‍ കഴിയാതെ പണം വാഹനത്തില്‍തന്നെ സൂക്ഷിക്കുകയായിരുന്നു. പണത്തിന്റെ എല്ലാ രേഖകളും ആദായ നികുതി വകുപ്പിന് കൈമാറുമെന്നും കേസ്‌കര്‍ പറഞ്ഞു.