നോട്ട് നിരോധനം മൂലമുണ്ടായ വന്‍ നഷ്ടത്തില്‍ മനം നൊന്ത് വ്യവസായി ബി.ജെ.പി ഓഫീസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തരാഖമണ്ഡ് കൃഷി മന്ത്രി സുഭോധ് ഉനിയലിന്റെ ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് പ്രകാശ് പാണ്ഡേ എന്ന വ്യവസായി ആത്മഹത്യക്ക് ശ്രമിച്ചത്.

ചരക്കു ലോറിയില്‍ സാധനങ്ങള്‍ കയറ്റിയയ്ക്കുന്ന ബിസിനസായിരുന്നു പ്രകാശിന്റേത്. എന്നാല്‍ പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം വന്നതോടെ പ്രകാശ് കടുത്ത പ്രതിസന്ധിയിലായി. വായ്പകള്‍ എഴുതിത്തള്ളുമമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ധനമന്ത്രി അരൂണ്‍ ജയ്റ്റ്‌ലിക്കും കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ല.

കൃഷിമന്ത്രിക്ക് മുന്നില്‍ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നതിനിടെ പ്രകാശ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകാശിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മന്ത്രിയുടെ അടുത്തേക്ക് വരുന്നതിന് മുമ്പ് ഇയാള്‍ വിഷം കഴിച്ചുവെന്നാണ് സംശയം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രകാശ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് സൂചന.