ദുബായ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് -ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനിടെ, നിര്‍ണായക ഘട്ടത്തില്‍ വൈഡ് വിളിക്കാനൊരുങ്ങിയശേഷം വേണ്ടെന്ന് വച്ച അമ്പയറിന്റെ വിഡിയോ വൈറലാകുന്നു. മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഇന്നിങ്‌സ്, 19ാം ഓവറിലേക്ക് കടന്നതിനു പിന്നാലെയാണ് കൗതുകകരമായ ഈ സംഭവം ഉണ്ടായത്. വൈഡ് വിളിക്കാനൊരുങ്ങിയ അമ്പയര്‍ പോള്‍ റീഫലിനെ, വിക്കറ്റിനു പിന്നില്‍നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി ‘വിരട്ടി’യെന്ന തരത്തില്‍ വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്.

https://twitter.com/Kourageous__/status/1316073486884966400

ധോനി അമ്പയറോട് വാദിക്കുന്നതും അമ്പയര്‍ വൈഡ് വിളിക്കാനുള്ള തീരുമാനം വേണ്ടെന്ന് വെക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. അതേസമയം,ഈ സമയത്ത് സണ്‍റൈസേഴ്‌സ് ക്യാംപിലും ആകെ ആശയക്കുഴപ്പം ഉടലെടുത്തു. ക്രീസില്‍നിന്ന റാഷിദ് ഖാന്‍ വൈഡിനായി അംപയറിന്റെ അടുത്ത് വാദിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഗ്രൗണ്ടിനു പുറത്ത് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെ മുഖത്തും അനിഷ്ടം പ്രകടമായിരുന്നു. മത്സരത്തില്‍ ചെന്നൈ ഹൈദരാബാദിനെ 20 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.