കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രോസിക്യൂഷന്‍. ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കാന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപ് ശ്രമിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടിയെ പരമാവധി ദ്രോഹിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം കേസുമായി സഹകരിക്കുന്ന സാഹചര്യത്തില്‍ ദിലീപിനെ ഇനിയും തടവില്‍ പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു.
ദിലീപിനെതിരെ നേരിട്ട് തെളിവുകളൊന്നുമില്ല. താരത്തിനെതിരെ ചുമത്തിയിരിക്കുന്ന ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ രാംകുമാര്‍ വാദിച്ചു. ഷൂട്ടിങ് ലൊക്കേഷനില്‍ സുനിയുമായി സംസാരിച്ചുവെന്നത് മതിയായ തെളിവല്ല. സിനിമ സെറ്റുകളില്‍ സ്ഥിരം സന്ദര്‍ശനകനാണ് സുനി. ഇയാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം എങ്ങനെ ഗൂഢാലോചനക്ക് തെളിവാകുമെന്നും രാംകുമാര്‍ വാദിച്ചു.
എന്നാല്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി എന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.