കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ വിവാഹ വിവരങ്ങള്‍ തേടി പൊലീസ്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരാണെന്ന വാദം തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് ആദ്യ ഭാര്യയെക്കുറിച്ച് അന്വേഷിക്കുന്നത്. മഞ്ജുവാര്യര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നു. അകന്ന ബന്ധുവായ യുവതിയായിരുന്നു ദിലീപിന്റെ ആദ്യ ഭാര്യ. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലാണ് ഈ യുവതിയുമായുള്ള ദിലീപിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തത്. ആദ്യകാലങ്ങളില്‍ ദിലീപിനൊപ്പം കോമഡി വേദികള്‍ പങ്കിട്ട മിമിക്രിതാരവും നടനുമായ അബിയില്‍ നിന്ന് പൊലീസ് ഇതുസംബന്ധിച്ച് മൊഴിയെടുത്തു. വിവാഹത്തിന് അബിയായിരുന്നു സാക്ഷിയെന്നും സൂചനയുണ്ട്. ദിലീപിന്റെ ആദ്യ വിവാഹത്തിന്റെ രേഖകള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മഞ്ജുവാര്യരെ വിവാഹം കഴിക്കുന്നതിന് ആദ്യ ഭാര്യയെ ഒഴിവാക്കിയെന്നാണ് വിവരം.