കൊച്ചി: താരദമ്പതികളായ ദിലീപിനും കാവ്യമാധവനും വിവാഹശേഷമുള്ള ആദ്യ വിരുന്നൊരുക്കുന്നത് മമ്മുട്ടിയെന്ന് സൂചന. മമ്മുട്ടിയുടെ വീട്ടിലെ വിരുന്നിന് ശേഷം ദിലീപും കാവ്യയും മകള്‍ മീനാക്ഷിക്കൊപ്പം ദുബായിലേക്ക് പോകും.

ഇന്ന് രാവിലെ കൊച്ചിയിലെ വേദാന്ത ഹോട്ടലിലാണ് ഇരുവരുടേയും വിവാഹം നടന്നത്. വളരെ രഹസ്യമായായിരുന്നു വിവാഹം നിശ്ചയിച്ചത്. സിനിമാമേഖലയിലുള്ളവരും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ശേഷം കാവ്യ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തി.

മകള്‍ മീനാക്ഷിയുടെ പൂര്‍ണ്ണസമ്മതത്തോടെയാണ് വിവാഹം കഴിക്കുന്നതെന്ന് ദിലീപ് പറഞ്ഞു. പ്രേക്ഷകരുടെ അനുഗ്രഹവും പിന്തുണയും ഉണ്ടാകണമെന്ന് ഇരുവരും പറഞ്ഞു. ബഹ്‌റൈനിലായിരുന്ന ദിലീപ് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്. എല്ലാവരേയും വേദാന്ത ഹോട്ടലിലേക്ക് ക്ഷണിച്ച ദിലീപ് വിവാഹക്കാര്യം പുറത്തുവിട്ടിരുന്നില്ല. ചടങ്ങിന് മണിക്കൂറുകള്‍ക്കു മുമ്പാണ് സുഹൃത്തുക്കള്‍ പോലും വിവാഹവാര്‍ത്ത അറിയുന്നത്. താരദമ്പതികള്‍ക്ക് ആശംസകള്‍ നേരാന്‍ മലയാള സിനിമാരംഗം ഒന്നടങ്കം എത്തിയിരുന്നു.