കൊച്ചി: 13 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ നിര്‍ത്തി നടന്‍മാരായ ദിലീപിനേയും നാദിര്‍ഷയേയും വിട്ടയക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശമെത്തിയത് തലസ്ഥാനത്തുനിന്ന്. ചോദ്യം ചെയ്യല്‍ നിര്‍ത്തി ഇരുവരേയും വിട്ടയക്കണമെന്ന് തിരുവനന്തപുരത്തുനിന്ന് വന്ന ഫോണ്‍കോളില്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെ താരങ്ങളെ രാത്രി 1.10 ഓടെ വിട്ടയച്ചു.

കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുടെ ഭാഗമായി ദിലീപിനേയും നാദിര്‍ഷയേയും ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നത്. ഉച്ചക്ക് 12.30-ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ പുലര്‍ച്ചെവരെ നീണ്ടുനിന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത് തിരുവനന്തപുരത്തുനിന്നെത്തിയ ഫോണ്‍കോളിനെത്തുടര്‍ന്നാണെന്ന് മലയാളമനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപിനെ പിന്നെയും അഞ്ചുമണിക്കൂര്‍ കൂടി ചോദ്യം ചെയ്യാനായിരുന്നു പോലീസിന്റെ തീരുമാനം. ഇത് നിര്‍ത്തിവെച്ച് ഇരുവരേയും പറഞ്ഞുവിടുകയായിരുന്നു.

ആറുമണിക്കൂര്‍ മാത്രമാണ് ദിലീപിനെ ചോദ്യം ചെയ്തതെന്ന് കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു. മൊഴി രേഖപ്പെടുത്തി വായിച്ചുകേള്‍പ്പിക്കാനാണ് സമയമെടുത്തതെന്നായിരുന്നു പോലീസ് വിശദീകരണം. അതേസമയം, കേസില്‍ ദിലീപ് ഇതുവരെ പ്രതിയല്ല. വ്യാഴാഴ്ച്ച നടന്ന താരസംഘടന അമ്മയുടെ യോഗത്തില്‍ ദിലീപിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചിരുന്നു.