കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങളോട് അനാദരവ്. അനാട്ടമി വിഭാഗം വിദ്യാര്‍ത്ഥികള്‍ പഠനത്തിന് ഉപയോഗിക്കുന്ന പഴയ മൃതദേഹം കുഴിച്ചുമൂടാതെ ക്യാമ്പസ്സില്‍ കൊണ്ടിട്ടത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

അനാട്ടമി വിഭാഗം വിദ്യാര്‍ത്ഥികളാണ് മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചുമൂടാതെ വലിച്ചെറിഞ്ഞത്. മൃതദേഹത്തിന്റെ ചില ഭാഗങ്ങളും ചിലത് പൂര്‍ണ്ണമായും വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ ഫോറന്‍സിക് വിഭാഗം മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തെ സംഘര്‍ഷാവസ്ഥ പോലീസ് ഇടപെട്ട് നിയന്ത്രിച്ചുവരികയാണ്.

സംഭവം ഗുരുതരമായ അനാദരവാണ്. സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ഉടന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.