തലശ്ശേരി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഫാര്‍മസിസ്റ്റുകളുടെ കുറവ് കാരണം ഫാര്‍മസികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നതായി വ്യാപകമായ ആരോപണം. രോഗം പിടിപെട്ടവര്‍ മരുന്നുകള്‍ക്കായി സര്‍ക്കാര്‍ ആസ്പത്രികളില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ആരോഗ്യ മന്ത്രിയുടെ ജില്ലയില്‍ മാത്രം നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും പരിഹാരത്തിന് ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല.

കണ്ണൂര്‍ ജില്ലയില്‍ ചെറുതും വലുതുമായ പത്തോളം സര്‍ക്കാര്‍ ആസ്പത്രികളില്‍ ഒരു ഫാര്‍മസിസ്റ്റിനെ പോലും നിയമിച്ചിട്ടില്ല. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ ചില താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതായും പറയപ്പെടുന്നു. നിലവില്‍ ഫാര്‍മസിസ്റ്റ് ഉള്ള ആസ്പത്രികളില്‍ അവര്‍ക്ക് അധിക ചുമതലയും നല്‍കിയിരിക്കുകയാണ്. ആസ്പത്രികളില്‍ നാനൂറ് മുതല്‍ അഞ്ഞൂറ്റി എണ്‍പതോളം മരുന്നുകളാണ് ഫാര്‍മസി വഴി വിതരണം ചെയ്യുന്നത്. ഇതിന് ചുരുങ്ങിയത് മൂന്നു പേരെങ്കിലും വേണ്ടിവരും. കമ്പ്യൂട്ടര്‍ സിസ്റ്റം ഉപയേഗിക്കുന്നതിന് ഫാര്‍മസിസ്റ്റംകള്‍ ഇല്ലാത്ത ആസ്പത്രികളില്‍ സോഫ്റ്റ്‌വെയര്‍ സംവിധാനം തന്നെ സംസ്ഥാനാടിസ്ഥാനത്തില്‍ ഉപയോഗ ശൂന്യ മാവുകയാണ്. ഓണ്‍ലൈന്‍ സംവിധാനം കൂടിയായതോടെ ആരോഗ്യ വകുപ്പിനും സ്റ്റോക്ക് സംവിധാനം മനസിലാക്കാന്‍ കഴിയുന്നില്ല. പി.എസ്.സി പ്രസിദ്ധീകരിച്ച ഫാര്‍മസിസ്റ്റ് ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാതെ ഭരണ സ്വാധീനം ഉപയോഗിച്ച് പിന്‍വാതിലുകളിലൂടെ സ്വന്തക്കാരെ നിയമിക്കാനാണ് നീക്കം നടക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.