കോവിഡ്കാലത്ത് സര്‍ക്കാരുകള്‍ ജനങ്ങളുടെ അവസരങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും പരമാവധി കവര്‍ന്നെടുക്കുന്നുവെന്ന പരാതിക്കിടയിലാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരും ജനങ്ങളുടെ മടിക്കുത്തിന് പിടിമുറുക്കിയിരിക്കുന്നത്. സാമ്പത്തികബാധ്യതമൂലം ജനങ്ങള്‍ മുണ്ട്മുറുക്കിയുടുക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ കോവിഡ് കാലത്തെ ജീവിത പ്രതിസന്ധിക്കിടയില്‍ പൊതുജനങ്ങളോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരെയും പരമാവധിപിഴിയാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ പ്രളയകാലത്ത് തുടങ്ങിയ സാലറി ചലഞ്ച് എന്ന ഓമനപ്പേരിട്ട ശമ്പളപിടുത്തം ഇത്തവണ കോവിഡിന്റെ പേരു പറഞ്ഞും തുടരുകയാണ്. കഴിഞ്ഞവര്‍ഷം പിടിച്ച ഒരു മാസത്തെ ശമ്പളത്തിനുപുറമെ ഇത്തവണ ആറു മാസത്തേക്കുകൂടി ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള പുറപ്പാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്മേല്‍വലിയ പ്രതിഷേധക്കൊടുങ്കാറ്റ് ജീവനക്കാരില്‍നിന്നും അവരുടെ കുടുംബങ്ങളില്‍നിന്നും ഉയര്‍ന്നുവന്നതോടെ ഇന്നലെ വിളിച്ചുചേര്‍ത്ത സര്‍വീസ് സംഘടനാനേതാക്കളുടെ യോഗത്തില്‍ പിടിക്കുന്ന തുകയുടെ കാലാവധി പത്തുമാസമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു മാസത്തെ വേതനം എന്നത് ഇന്നത്തെ കാലത്ത് മധ്യവര്‍ഗ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവനോപാധിമാത്രമാണ്. ഇതിനിടെതന്നെയാണ് ശൂന്യവേതനാവധിയിലും പിണറായി സര്‍ക്കാര്‍ കൈവെച്ചിരിക്കുന്നത്.

സെപ്തംബര്‍ പതിനാറിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് 15 വര്‍ഷത്തെ വേതനമില്ലാത്ത അവധി ഒറ്റയടിക്ക് വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്ഥിരം ജീവനക്കാരനോ മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ സര്‍വീസുള്ളവര്‍ക്കോ ശൂന്യവേതനാവധി അനുവദിക്കാമെന്നാണ് കേരളസര്‍വീസ്ചട്ട (കെ.ഇ.ആര്‍) ത്തില്‍ പറയുന്നത്. നിലവില്‍ 20 വര്‍ഷത്തെ വേതനമില്ലാ അവധിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിച്ചുവരുന്നതെങ്കില്‍ ഇത് അഞ്ചു വര്‍ഷത്തേക്കായി കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എവിടെനിന്നാണ് സര്‍ക്കാരിന് ഈ പ്രതിസന്ധി കാലത്ത് ഇത്തരമൊരു ബുദ്ധിയും ഉപദേശവും ലഭിച്ചതെന്നത് അത്ഭുതകരമായിരിക്കുന്നു. ജനങ്ങളും സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍തന്നെയും സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ നിലവിലെ അവധി റദ്ദാക്കുക എന്നത് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയിരിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും മേലുള്ള ഇടിത്തീയാകും.

പ്രവാസി സമൂഹമാണ് ഇതില്‍ ഏറെ വ്യഥ അനുഭവിക്കുന്നത്. ആശങ്കയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന പ്രവാസി മലയാളികളെ സംബന്ധിച്ച് ബുധനാഴ്ച പുറത്തുവന്ന മന്ത്രിസഭാതീരുമാനം കൂനിമേല്‍കുരുവാണ്. നിലവില്‍ 20 വര്‍ഷത്തെ ശൂന്യവേതനാവധി എടുത്ത് മറ്റ് ജോലികള്‍ചെയ്യുന്നവരും മറ്റും ജീവിതവഴിത്താരയില്‍ മറ്റൊരു വെല്ലുവിളിയാണ് അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്. നിലവില്‍ അവധിക്ക് അപേക്ഷിച്ച് അനുവദിക്കപ്പെട്ടവര്‍ക്ക് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടുണ്ടെങ്കില്‍ പ്രസ്തുത അവധി റദ്ദായതായും ജോലിയില്‍നിന്ന് സ്വയം പിരിഞ്ഞുപോയതായും കണക്കാക്കുമെന്നാണ ്‌സര്‍ക്കാര്‍ അറിയിപ്പ്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തുടങ്ങി ഈ നിയമത്തിന്റെ ആനുകൂല്യം ലഭിച്ചവരെല്ലാം അഞ്ചു വര്‍ഷത്തെ അവധി കഴിഞ്ഞാല്‍ സ്വയം പിരിഞ്ഞുപോയതായി കണക്കാക്കുമെന്ന് പറയുമ്പോള്‍ നിയമനം ജലരേഖയായിരിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ ബാധ്യതയാണ് സര്‍ക്കാര്‍ തലയിലേറ്റിവെക്കാന്‍ പോകുന്നത്. ജോലിയില്‍നിന്ന് അവധിയെടുക്കാന്‍ നിര്‍ബന്ധിതരായവര്‍ അധികവും പ്രവാസി സമൂഹമാണ്. മെച്ചപ്പെട്ട വേതനം തേടിമാത്രമല്ല, പ്രായമായ കുടുംബാംഗങ്ങളെയും പ്രായമാകാത്തതും രോഗികളുമായ മക്കളെയും മറ്റും സംരക്ഷിക്കുന്നതിനുവേണ്ടിയും കുടുംബവുമൊത്ത് ഒരുമിച്ചിരിക്കാന്‍ വേണ്ടിയും ശൂന്യവേതനാവധി എടുത്തവരുണ്ട്.

പ്രവാസികളില്‍ പലരും ഈ ഗണത്തില്‍പെടുന്നതാണ്. കോവിഡ് കാലത്ത് ഗള്‍ഫിലും പാശ്ചാത്യ രാജ്യങ്ങളിലും തൊഴില്‍ ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം പൊടുന്നനെ കേരളത്തിലെ പഴയ സര്‍ക്കാര്‍ ലാവണത്തിലേക്ക് തിരിച്ചുവരിക എന്നത് അവരുടെ കുടുംബ ജീവിതത്തെതന്നെ താളംതെറ്റിക്കും. പലരും വന്‍ സാമ്പത്തിക ബാധ്യതകൂടി ചുമലിലേറ്റിയാണ് മറ്റ് ജോലികള്‍ ചെയ്യുന്നത്. ആകര്‍ഷകമായ വരുമാനം ലഭിച്ചവരും വായ്പയും മറ്റും അടച്ചുതീര്‍ക്കുന്നതിനായി ശൂന്യവേതനാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പഠനാവശ്യത്തിനും നിരവധിപേര്‍ അവധിക്കപേക്ഷിക്കാറുണ്ട്. കേരളം രൂപംകൊണ്ട കാലം മുതല്‍ വിവിധ സര്‍ക്കാരുകള്‍ ഭരിച്ചിട്ടും ശൂന്യവേതനാവധി എന്ന സൗകര്യം സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് എടുത്തുകളയാതിരുന്നത് അവരുടെ ജനങ്ങളോടുള്ള പ്രതിബദ്ധതമൂലമാണ്. സര്‍ക്കാരിനെ സംബന്ധിച്ച് ചെലവുചുരുക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അത് വിപരീത ഫലമാണ ്‌ചെയ്യുകയെന്ന ്തിരിച്ചറിയാത്തതെന്തുകൊണ്ടാണ്. ചുരുക്കത്തില്‍ ഇനിയുള്ളകാലം സര്‍ക്കാര്‍ ജോലി എന്നത് മിഥ്യയാകുമെന്ന് പ്രഖ്യാപിക്കുകകൂടിയാണ് പിണറായി സര്‍ക്കാര്‍.

സര്‍ക്കാരിന്റെ ധനസ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയാണ് ഇതടക്കമുള്ള ചെലവുചുരുക്കല്‍ നടപടികള്‍ ശിപാര്‍ശ ചെയ്തത്. ഫലത്തില്‍ അടുത്ത സര്‍ക്കാരിനുമേല്‍ വെക്കപ്പെടുന്ന വന്‍ സാമ്പത്തിക ബാധ്യതയാണിത്. സ്വര്‍ണക്കടത്തും മണല്‍കടത്തും ഹവാല മാഫിയയുമൊക്കെയായി സര്‍ക്കാരും അതിനെ നിയന്ത്രിക്കുന്ന സി.പി.എമ്മും തീരാകളങ്കത്തില്‍ അകപ്പെട്ടിരിക്കവെ സര്‍ക്കാര്‍ ജീവനക്കാരെ ആശങ്കയുടെ മുനയില്‍നിര്‍ത്താനുള്ള തീരുമാനം എന്തുകൊണ്ടും എതിര്‍ക്കപ്പെടുകതന്നെ വേണം. ചെലവുചുരുക്കലിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ ശതകോടികള്‍ മന്ത്രി ഹര്‍മ്യങ്ങളുടെ മോടിക്കും മാസം നാലുതവണ മന്ത്രി വാഹനത്തിന്റെ ടയര്‍ മാറ്റലിനും ആഢംബര കണ്ണട വാങ്ങുന്നതിനും ചെലവഴിച്ച പിണറായിസര്‍ക്കാരിന് തോന്നിയ പുതിയ ബുദ്ധിക്കുപിന്നില്‍ ജനശ്രദ്ധതിരിക്കാനുള്ള അടവുമാത്രമാണെന്ന് തിരിച്ചറിയാന്‍ ആര്‍ക്കും എളുപ്പംകഴിയും.

പ്രവാസികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് കേരളീയ സമൂഹത്തിലുളവാക്കുന്ന വന്‍ സാമ്പത്തിക മാന്ദ്യത്തെ ഒന്നുകൂടി ബലപ്പെടുത്താന്‍ മാത്രമേ സര്‍ക്കാരിന്റെ ഈ തലതിരിഞ്ഞ തീരുമാനംവഴി കഴിയൂ. കോവിഡ് പരത്തുന്നത് പ്രവാസികളാണെന്നും അവര്‍ തിരിച്ചുവരരുതെന്നും പറഞ്ഞവര്‍തന്നെയാണ് പെട്ടെന്നെല്ലാം കെട്ടിയൊരുക്കി സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് പറയുന്നത്. പ്രതിവര്‍ഷം ലക്ഷം കോടിയിലധികം വിദേശനാണ്യം കേരളത്തിലേക്കെത്തിക്കുന്നവരോടും പലവിധ കാരണങ്ങളാല്‍ അവധിയെടുത്തവരുമായ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളോടുമുള്ള വെല്ലുവിളിയാണ് പിണറായി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് തീരുമാനം പിന്‍വലിച്ച് നിലവിലെ ജീവിത സാഹചര്യങ്ങളില്‍ തുടരാന്‍ ജീവനക്കാരെ അനുവദിക്കുകയാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്.