രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ തലവനെ ഒറ്റരാത്രികൊണ്ട് പുറത്താക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന ഒരുവിധിയാണ്. ഡയറക്ടര്‍ അലോക്‌വര്‍മയെ 2018 ഒക്ടോബര്‍ 23നാണ് കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. അതിന് സര്‍ക്കാര്‍പറഞ്ഞ കാരണം വിചിത്രമായിരുന്നു. അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം നിലനില്‍ക്കുന്നുവെന്നായിരുന്നു അത്. സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനയും അലോക്‌വര്‍മയും തമ്മിലുള്ള തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനധികൃതമായും അനാവശ്യമായും ഇടപെടുകയായിരുന്നു. ഡയറക്ടര്‍ അലോക്‌വര്‍മ അഴിമതിക്കുറ്റത്തിന് അസ്താനയെ മാറ്റിയതിലുള്ള പ്രതികാരനടപടിയായാണ് കേന്ദ്രം ഡയറക്ടറെ മാറ്റിയത്. നേരത്തെതന്നെ പലകേസുകളിലും തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് സി.ബി.ഐ തലവന്‍ വഴങ്ങുന്നില്ലെന്നത് സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. അലോക്‌വര്‍മ, വിഷയം സ്വാഭാവികമായും ഉന്നത നീതിപീഠത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും വിചാരണക്കുശേഷം കോടതി വര്‍മയെ തല്‍സ്ഥാനത്ത് ഉടന്‍ തുടര്‍ന്നു നിയമിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുകയുമാണ്. അദ്ദേഹം ഇന്നലെ ചുമതലയേറ്റെങ്കിലും സേവന കാലാവധി ഈമാസം തീരാനിരിക്കെ വര്‍മയ്ക്ക് കാര്യമായെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നകാര്യം സംശയമാണ്.
അലോക്‌വര്‍മക്കെതിരായ അഴിമതിയാരോപണത്തെക്കുറിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം നടത്തുകയാണെന്ന കാരണം പറഞ്ഞായിരുന്നു സര്‍ക്കാരിന്റെ പുറത്താക്കല്‍ നടപടി. അന്വേഷണം തുടരാനും അതിനുശേഷം നിയമനഅതോറിറ്റിക്ക് വര്‍മയുടെ നിയമനം വേണമെങ്കില്‍ പുന:പരിശോധിക്കാമെന്നുമാണ് സുപ്രീംകോടതിയുടെ ചൊവ്വാഴ്ചത്തെ വിധി. വര്‍മക്കും നീതി ആഗ്രഹിക്കുന്നവര്‍ക്കും ഇതില്‍ ആശ്വസിക്കാമെങ്കിലും കേന്ദ്രസര്‍ക്കാരിന് വര്‍മയുടെമേലുള്ള പരാതിയില്‍ നടപടിയെടുക്കാന്‍ ഇനിയും അധികാരമുണ്ട് എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണ്. അന്വേഷണം തീരുന്നതുവരെ പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങളൊന്നും സി.ബി.ഐ ഡയറക്ടര്‍ എടുക്കരുതെന്ന താക്കീതും കോടതി വര്‍മക്ക് നല്‍കിയിട്ടുണ്ട്. വര്‍മയോട് അവധിയില്‍ പോകാനാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷനും കേന്ദ്രസര്‍ക്കാരിന്റെ പഴ്‌സണല്‍ കാര്യമന്ത്രാലയവും ഉത്തരവിട്ടത്. ഇതിനെതിരെ പിറ്റേന്നുതന്നെ കോടതിയെ സമീപിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി ഡയറക്ടര്‍ നാഗേശ്വര്‍റാവുവിനെയാണ് പകരം ഡയറക്ടറുടെ ചുമതല ഏല്‍പിച്ചത്. കോടതി ആദ്യം കേസ് വാദത്തിനെടുത്തപ്പോള്‍ വര്‍മയെ മാറ്റിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞതെങ്കിലും വര്‍മയെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് വ്യക്തമായിരുന്നു. സ്ഥലംമാറ്റമല്ല അവധിയെന്ന സര്‍ക്കാര്‍ വാദത്തില്‍, ജോലിയില്‍ ഇടപെടുന്ന എല്ലാനടപടികളും സ്ഥലം മാറ്റത്തിന്റെ നിര്‍വചനത്തില്‍പെടുമെന്നാണ് ചീഫ്ജസ്റ്റിസ് രഞ്ജന്‍ഗോഗോയ്, ജസ്റ്റിസുമാരായ എസ്. കെ കൗള്‍, കെ. .എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച്് വിധിച്ചത്. ഡയറക്ടറുടെ നിയമനം അംഗീകരിക്കുന്ന പ്രധാനമന്ത്രിയും ചീഫ്ജസ്റ്റിസും ലോക്‌സഭാ പ്രതിപക്ഷ നേതാവും അംഗങ്ങളായ ഉന്നതാധികാര സമിതിയുടെ യോഗം ഒരാഴ്ചക്കുള്ളില്‍ ചേരാനും നിര്‍ദേശമുണ്ട്. വര്‍മയുടെ കേസില്‍ വിധിപറഞ്ഞയാളെന്ന നിലക്ക് സമിതിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചീഫ്ജസ്റ്റിസ് പ്രഖ്യാപിച്ചിരിക്കുന്നു. പകരം ജസ്റ്റിസ് എ.കെ സിക്രിയെയാണ് അദ്ദേഹം നിയോഗിച്ചിരിക്കുന്നത്.
40,000 കോടിയുടെ റഫാല്‍ യുദ്ധവിമാന അഴിമതിയുടെ പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാരിന്റെയും വിശിഷ്യാ പ്രധാനമന്ത്രിയുടെയും കൈകള്‍ പൊള്ളുമോ എന്നുമുള്ള ആശങ്കയാണ് മോദിസര്‍ക്കാരിനെ ഇത്തരമൊരു അഭൂതപൂര്‍വമായ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നതാണ് വാസ്തവം. റഫാല്‍ ഇടപാടിലെ അഴിമതി വിശദീകരിക്കുന്ന തെളിവുകളുമായി ബി.ജെ.പി വിമതരായ യശ്വന്ത് സിന്‍ഹയും അരുണ്‍ഷൂരിയും സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനോടൊപ്പം വര്‍മയെ സന്ദര്‍ശിച്ചത് സര്‍ക്കാരിന് ഞെട്ടലുളവാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിലെ ഉന്നതരും സി.ബി.ഐയിലെ ഗുജറാത്ത് കേഡറിലെ ഏതാനും ഉദ്യോഗസ്ഥരും തമ്മില്‍ സി.ബി.ഐ അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ ചില അവിഹിതഇടപാടുകള്‍ നടന്നുവരുന്നതായും ഡയറക്ടര്‍ക്ക് തെളിവുകള്‍ ലഭിച്ചിരുന്നു.. ഇതിന്റെ ഭാഗമായി അഴിമതിക്കുറ്റത്തിന് ചിലരെ അറസ്റ്റുചെയ്യുകയും സി.ബി.ഐ ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി റെയ്ഡ് നടത്തുകയുമുണ്ടായി.
രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങള്‍ ചരിത്രിത്തിലില്ലാത്ത വിധം എന്‍. ഡിഎ സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന ആരോപണം കലശലായി നിലനില്‍ക്കവെയാണ് സി.ബി.ഐ തലവനെ അര്‍ധരാത്രി മാറ്റിയ നടപടി. സുപ്രീംകോടതിയെയും റിസര്‍വ് ബാങ്കിനെയും തിരഞ്ഞെടുപ്പ്, വിജിലന്‍സ് കമ്മീഷനുകളെയുമെല്ലാം മോദി സര്‍ക്കാര്‍ നോക്കുകുത്തികളാക്കുന്നുവെന്ന ആരോപണങ്ങള്‍ എത്രയോ വസ്തുതകളായി പുറത്തുവന്നുകഴിഞ്ഞതാണ്. ഡിസംബര്‍ അവസാനം സുപ്രീംകോടതിയുടേതായി പുറത്തുവന്ന ഗുജറാത്തിലെ സൊഹറാബുദ്ദീന്‍ഷെയ്ഖ് വധക്കേസ് വിധിയില്‍ പ്രതികളായ മോദിയുടെ കീഴിലെ പൊലീസുദ്യോഗസ്ഥരെയെല്ലാം വെറുതെവിട്ട നടപടിയില്‍ സി.ബി.ഐയുടെ കള്ളക്കളികള്‍ സുതരാം വ്യക്തമായതാണ്. രാജ്യത്തെ അന്വേഷണ ഏജന്‍സിയെ എത്രകണ്ട് സ്വന്തം രാഷ്ട്രീയ വര്‍ഗീയ ഇച്ഛകള്‍ക്ക് പാത്രീഭൂതമാക്കാമെന്നതിനുള്ള ഒന്നാംതരംതെളിവായിരുന്നു ഈ കേസിലെ വിധിന്യായം. സി.ബി.ഐയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള മതിപ്പ് കുറക്കുന്നതായി ഇത്. കൊലപാതകം കണ്ടെത്തിയെന്ന് പറഞ്ഞ കോടതിതന്നെയാണ് കേസില്‍ സി.ബി.ഐക്ക് തെളിവുകള്‍ ശേഖരിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയത്. ഇതടക്കം 22 വ്യാജ ഏറ്റുമുട്ടലുകളാണ് മുസ്്‌ലിംകള്‍ക്കെതിരെ മോദിഭരണകാലത്ത് ഗുജറാത്തില്‍ നടന്നത്. ബി.ജെ.പി മുന്‍ എം.പി വിജയ്മല്യ പ്രതിയായ 9,000 കോടിയുടെ ബാങ്ക്‌വായ്പാ തട്ടിപ്പുകേസില്‍ അയാളെ രക്ഷിക്കാന്‍ സഹായിച്ചത് മോദിയുടെ കീഴിലെ സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന ആരോപണം ഇതുവരെയും നിഷേധിക്കപ്പെട്ടിട്ടില്ല. ഇടനിലക്കാരെ ഉപയോഗിച്ച് സി.ബി.ഐ ഉന്നതരും സര്‍ക്കാരിലെ ചിലരും ചേര്‍ന്ന് പ്രമാദമായ അഴിമതിക്കേസുകള്‍ നിര്‍വീര്യമാക്കിക്കൊടുക്കുന്ന പണിയാണ് ചില സി.ബി.ഐ ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരുന്നത്. ഇതിനെതിരെ അകത്തുനിന്നുകൊണ്ട് ആര്‍ജവത്തോടെ പോരാടിയെന്നതാണ് അലോക്‌വര്‍മക്കെതിരായ പ്രതികാരനടപടിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇത് നീതിപീഠം വ്യക്തമായി തിരിച്ചറിഞ്ഞ് തിരുത്തിയതില്‍ ജനാധിപത്യവിശ്വാസികള്‍ക്ക് ആശ്വസിക്കാമെങ്കിലും പൊതുതിരഞ്ഞെടുപ്പ് അടുത്തുവരവെ ഇത്തരംനടപടികള്‍ ഇനിയും ഉണ്ടാവില്ലെന്ന് കരുതാന്‍വയ്യ. പൗരന്റെ നിതാന്തമായ ജാഗ്രതയാണ് ജനാധിപത്യത്തിന്റെ വിജയം. ഭരണഘടനാസ്ഥാപനങ്ങളിലാണ് അതിന്റെ നിലനില്‍പ്. അതാരും മറക്കരുത്.