സംസ്ഥാന ന്യൂനപക്ഷകാര്യ-ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി കെ.ടി ജലീലിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന സ്വജനപക്ഷപാതം, വഴിവിട്ടനിയമനങ്ങള്‍ തുടങ്ങിയ അഴിമതികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകരിച്ചിരിക്കുന്ന അഴകൊഴമ്പന്‍നയം മറ്റൊരു സ്വജനപക്ഷപാതമാണ്. മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം തികക്കാന്‍വേണ്ടി വെറും കാഴ്ചപ്പണ്ടമായി നിയോഗിക്കപ്പെട്ട ജലീലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ തെളിവുസഹിതം ഉയര്‍ന്നുവന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണ്. തെറ്റുകളെ മന്ത്രി ആവര്‍ത്തിച്ച് ന്യായീകരിച്ചിട്ടും മുഖ്യമന്ത്രി നാളുകളായി തുടരുന്ന മൗനം പൊതുജനമനസ്സുകളില്‍ ഉയര്‍ത്തിയിരിക്കുന്നത് സര്‍ക്കാരിന് പലതും ഒളിച്ചുവെക്കാനുണ്ടെന്നാണ്. ന്യൂനപക്ഷ വകുപ്പിന് പുറമെ തദ്ദേശ ഭരണവകുപ്പിലും അതിനുകീഴിലെ ‘കില’യിലും കുടുംബശ്രീയിലും ഹജ്ജ് കമ്മിറ്റിയിലുമൊക്കെ മന്ത്രി നടത്തിയ നിരവധി അനധികൃത നിയമനങ്ങളുടെ വിവരങ്ങള്‍ മലവെള്ളപ്പാച്ചില്‍പോലെ പുറത്തുവരികയാണ് അനുനിമിഷം. എത്രയും വേഗം മന്ത്രിയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ അവശേഷിക്കുന്ന വിശ്വാസ്യത കൂടിയാണ് തകര്‍ന്നടിയുക. ‘കൊന്നപ്പൂ’ വര്‍ണമുള്ള ഡോക്ടറേറ്റ് വെറും കീറക്കടലാസാണെന്ന് മുഖ്യമന്ത്രി ഉടന്‍ തിരിച്ചറിയണം.
സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് മന്ത്രിയുടെ പിതൃസഹോദരപുത്രനെ വഴിവിട്ട് നിയമിച്ചു എന്ന ആരോപണം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉന്നയിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. മന്ത്രി ജലീല്‍ നേരിട്ട് ന്യായീകരണവുമായി രംഗത്തുവന്നെങ്കിലും അദ്ദേഹത്തിന്റെ വാദമുഖങ്ങളെല്ലാം തിരിഞ്ഞുകൊത്തുകയാണ് ഇതുവരെയും. സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് പരാതിയുള്ളവര്‍ കോടതിയെ സമീപിക്കട്ടെ എന്നാണ്. ഉത്തരവാദിത്തബോധത്തോടെ സര്‍ക്കാരിനെതിരെ ഒരു പരാതി ഉന്നയിച്ചാല്‍ അതിന് ബന്ധപ്പെട്ട പ്രതിയോ അദ്ദേഹത്തിന്റെ ആളുകളോ ആണ് തെളിവുകള്‍ സഹിതം മറുപടി നിരത്തേണ്ടതെന്നിരിക്കെ എന്തുകൊണ്ട് കോടതിയെ സമീപിക്കാന്‍ സി.പി.എം ആവശ്യപ്പെടുന്നു എന്നത് ദുരൂഹമാണ്. അഴിമതി തുടച്ചുനീക്കുമെന്ന് ജനത്തെ പറഞ്ഞുപറ്റിച്ചവരുടെ ഒളിച്ചോട്ടമാണ്.
ധനകാര്യ കോര്‍പറേഷനിലും മന്ത്രിയുടെ ഓഫീസിലും പൂഴ്ത്തിവെച്ചിരിക്കുന്ന നിയമന രേഖകള്‍ പൊതുജനസമക്ഷം പുറത്തുവിടണം. മന്ത്രി ജലീല്‍ പുറത്തുവിട്ട രേഖകളും ന്യായങ്ങളുമൊന്നും യൂത്ത്‌ലീഗിന്റെയും യു.ഡി.എഫിന്റെയും ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ല. ജനറല്‍ മാനേജറായി മന്ത്രിയുടെ കുടുംബക്കാരനായ കെ.ടി അദീബിനെ നിയമിക്കുമ്പോള്‍ മറ്റ് ആറു പേര്‍ ആ പദവിക്ക് അപേക്ഷിച്ചിരുന്നു എന്നും അതില്‍ അദീബ് നിയമിതനായത് സ്വജനപക്ഷപാതം കൊണ്ടു മാത്രമാണെന്നുമാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഒരു സര്‍ക്കാര്‍ സ്ഥാനത്തേക്ക് 1958ലെ കേരള സര്‍വീസ് റൂള്‍സ് 9 ബി വകുപ്പ് പ്രകാരം ഡെപ്യൂട്ടേഷനില്‍ നിയമനം നടത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുപോലും അപേക്ഷകന്‍ ഉണ്ടായിരിക്കെയാണ് എസ്.ഐ.ബി കോഴിക്കോട് സീനിയര്‍ മാനേജറായ അദീബിനെ അഭിമുഖത്തില്‍ പങ്കെടുക്കാതിരുന്നിട്ടുപോലും വിളിച്ചുവരുത്തിനിയമിച്ചത്. 2016ല്‍ തന്നെ മന്ത്രിയുടെ താല്‍പര്യപ്രകാരം ജനറല്‍ മാനേജര്‍ പദവിയുടെ യോഗ്യത തിരുത്തി അദീബിന്റേതിന് തുല്യമാക്കിയെന്നതിന് രേഖകളുണ്ട്. ഇക്കഴിഞ്ഞ സെപ്തംബര്‍ 11നാണ് അദീബിനെ അപേക്ഷ വീണ്ടും എഴുതിവാങ്ങി നിയമിച്ചത്. 2016 ഒക്ടോബറില്‍ സമാനമായി മന്ത്രി ഇ.പി ജയരാജന്‍ തന്റെ ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നത തസ്തികയില്‍ നിയമിച്ചത് വിവാദമായപ്പോള്‍ അദ്ദേഹത്തിന്റെ രാജിയെതുടര്‍ന്ന് പിണറായി മന്ത്രിസഭ പാസാക്കിയ ചട്ടമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥരുടെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്നതും ചവറ്റുകൊട്ടയിലിട്ടു. സ്വന്തം പാര്‍ട്ടി നേതാവായ ജയരാജനേക്കാളും താല്‍പര്യം പിണറായിക്ക് ജലീലിനോടുണ്ടാകാന്‍ എന്തായിരിക്കും ഹേതു ?
കേവലം അധികാരലബ്ധിക്കായി ഇടതുപക്ഷവുമായി കൈകോര്‍ത്തുകൊണ്ട് മുസ്്‌ലിംലീഗിനെതിരെ ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിച്ചാണ് കെ.ടി ജലീല്‍ നിയമസഭാതെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത്. തീവ്രവാദ സംഘടനയായ സിമിയില്‍ പ്രവര്‍ത്തിച്ചയാളായിട്ടും രാഷ്ട്രീയ ഭിംക്ഷാംദേഹിയായ ജലീലിനെ മുസ്‌ലിംലീഗിനും യു.ഡി.എഫിനും എതിരായ രാഷ്ട്രീയായുധമായി പ്രയോജനപ്പെടുത്തുകയായിരുന്നു സി.പി.എം. ഇത്തവണ തദ്ദേശസ്വയംഭരണവകുപ്പ് എ.കെ ബാലനില്‍നിന്ന് തട്ടിയെടുത്താണ് ആദ്യം ജലീലിനെ മുഖ്യമന്ത്രി ലാളിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ എല്ലാ ഇംഗിതങ്ങള്‍ക്കും നിന്നുകൊടുത്ത ജലീലിനെ കറിവേപ്പിലപോലെ വകുപ്പില്‍നിന്ന് പുറത്തേക്കിടുകയായിരുന്നു. ഉന്നതവിദ്യാഭ്യാസവകുപ്പ് എന്ന ലാവണം സൃഷ്ടിച്ചായിരുന്നു ഈ ചാടിക്കല്‍. സ്വന്തമായി പ്രത്യേകമായൊരു നിലപാടുതറയോ ആദര്‍ശമോ ഇല്ലാത്ത ഇത്തരം രാഷ്ട്രീയക്കാരെ ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്ന പതിവ് സിനിമാനടന്മാരുടെയും മറ്റും കാര്യത്തില്‍ കേരളം കണ്ടിട്ടുണ്ട്. പക്ഷേ മന്ത്രിപദവി പോലെ ഉന്നതമായ ഭരണഘടനാപദവികളെ ഇത്തരം തരംതാണ രാഷ്ട്രീയവേലകള്‍ക്ക് ഉപയോഗിക്കുന്ന സി.പി.എമ്മിന്റെ രീതിയെ ജനങ്ങള്‍ പുച്ഛിച്ചുതള്ളുകയേ ഉള്ളൂ. അതാണ് ഇപ്പോള്‍ സര്‍ക്കാരിലെ നാലാമത്തെ മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങളെ ചെന്നെത്തിച്ചിരിക്കുന്നത്.
ഇ.പി ജയരാജനുപുറമെ തോമസ്ചാണ്ടി പിണറായി മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത് മറ്റൊരു അഴിമതിയുടെ പേരിലാണ്. മറ്റൊരുമന്ത്രി എ.കെ ശശീന്ദ്രന ്‌രാജിവെക്കേണ്ടിവന്നതാകട്ടെ, ലൈംഗികാരോപണത്തിന്റെ പേരിലും. ഇടതുപക്ഷ സര്‍ക്കാരിന്റെ വികൃതമുഖങ്ങളെയാണ് ഇതിലെല്ലാം ജനത്തിന ്കാണേണ്ടിവന്നത്. ജലീലിന്റെ കാര്യത്തില്‍ ചാണ്ടിയുടെ കാര്യത്തിലേതുപോലെ രാജി പരമാവധി വൈകിപ്പിച്ച് മന്ത്രിയെ പൊതുജനമധ്യത്തില്‍ ഇടിച്ചുതാഴ്ത്തുക എന്ന അടവുകൂടി സി.പി.എമ്മിനുണ്ടെന്ന് സംശയിക്കണം. മന്ത്രിയെ പ്രതിരോധിക്കാന്‍ മാധ്യമ ചര്‍ച്ചകളില്‍ സി.പി.എമ്മുകാരാരും രംഗത്തുവരുന്നില്ലെന്നതും ഇതിന്റെ സൂചനയാണ്. ജലീലിന്റെ ബന്ധം മതേതര പാര്‍ട്ടിയായ മുസ്്‌ലിം ലീഗിനെതിരെയുള്ളതെന്നത് മാത്രമല്ല, ലീഗിനെതിരായി നിലകൊള്ളുന്ന മുഴുവന്‍ തീവ്രവാദ സംഘടനകളോടുമാണ്. ജമാഅത്തെ ഇസ്്‌ലാമിയും എസ്.ഡി.പി.ഐയും മറ്റുമാണ് മന്ത്രിയുടെ അടുത്ത ബന്ധുക്കള്‍. എസ്.ഡി.പി.ഐക്കാരെയാണ് സ്വന്തം മണ്ഡലത്തില്‍വരുന്ന കിലയില്‍ മന്ത്രി നിയമിച്ചതെന്ന് അനില്‍ അക്കര എം.എല്‍.എ ആരോപിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തിനകം ഇത്രയും അഴിമതികളില്‍ കുരുങ്ങിയ ഒരു മന്ത്രിയെ ഇനിയും വെച്ചുപൊറുപ്പിക്കാനാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ഭാവമെങ്കില്‍ മുസ്്‌ലിംലീഗ്, യു.ഡി.എഫ് പ്രവര്‍ത്തകരില്‍നിന്ന് മാത്രമല്ല, വന്‍ ജനകീയ പ്രക്ഷോഭത്തെ സര്‍ക്കാരിന് നേരിടേണ്ടിവരും. നാറിയവനെ താങ്ങിയാല്‍ താങ്ങിയവനും നാറുമെന്ന ്മറക്കരുത്.