Connect with us

Video Stories

കേന്ദ്ര സര്‍ക്കാറിന്റെ കുറ്റസമ്മതം

Published

on

റഫാല്‍ യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന കാര്യത്തില്‍ ഫ്രാന്‍സ് ഉറപ്പ് നല്‍കിയില്ലെന്ന് സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ കാട്ടുകൊള്ളയുടെ കുറ്റസമ്മതമാണ് നടത്തിയിരിക്കുന്നത്. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കാളിത്തം കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ വിവാദം കത്തിപ്പടരുമെന്നു കണ്ടറിഞ്ഞ് കുതറിയോടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഓരോ ദിവസവും പുതിയ കുരുക്കില്‍ കുരുങ്ങുകയാണ്. വിമാനങ്ങളുടെ വില നിര്‍ണയത്തിലും സോവറിന്‍ ഗ്യാരണ്ടിയിലും നിയമനടപടികള്‍ ഇന്ത്യയില്‍നിന്നും മാറ്റിയതിലും അന്തിമ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രിയെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം പടപ്പുറപ്പാട് തുടങ്ങിയ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പ്രസക്തിയേറെയാണ്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന തത്വം പൂര്‍ണമായും പുലര്‍ന്നുകാണുന്ന തരത്തിലേക്കാണ് റഫാല്‍ അഴിമതിക്കഥകളുടെ ചുരുളുകള്‍ അഴിഞ്ഞുകൊണ്ടിരികുന്നത്. ഇടപാടിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടുവെന്ന പ്രതിപക്ഷ ആരോപണങ്ങളുടെ അടിസ്ഥാനം ബലപ്പെടുന്ന നിരവധി തെളിവുകളുടെ കൂമ്പാരങ്ങള്‍ക്കുമുമ്പില്‍ കാലിടറുകയാണ് കേന്ദ്രസര്‍ക്കാര്‍. ഒരു തെറ്റ് മൂടിവെക്കാന്‍ നൂറു കളവുകള്‍ നിരത്തി നിവൃത്തിയില്ലാതെ നിന്നു വിയര്‍ക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിന് ഇതിലും വലിയ നാണക്കേട് വേറെയില്ല.
റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് അവ്യക്തതകള്‍ നീക്കാന്‍ തുടക്കം മുതല്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും പെടാപാട്‌പെടുകയാണ്. കരാറില്‍ തര്‍ക്കമുണ്ടായാല്‍ രണ്ട് സര്‍ക്കാരുകള്‍ തമ്മില്‍ പരിഹരിക്കണം എന്ന വ്യവസ്ഥയും ഒഴിവാക്കിയാണ് മോദി സര്‍ക്കാര്‍ പുതിയ കരാര്‍ യാഥാര്‍ത്ഥ്യമാക്കിയത് എന്ന ഞെട്ടിപ്പിക്കുന്ന സ്ഥിരീകരണമാണ് സുപ്രീംകോടതി മുമ്പാകെ സമ്മതിച്ചിട്ടുള്ളത്. ഇത് രാജ്യ താത്പര്യം ഹനിക്കുന്നതും ഗുരുതരമായ പ്രതിരോധ പിഴവുകള്‍ക്ക് കാരണമാവുന്നതുമാണ് എന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ’36 റഫാല്‍ വിമാനങ്ങളും അനുബന്ധ സേവനങ്ങളും ഇന്ത്യക്ക് നല്‍കണമെന്നാണ് കേന്ദ്രം ഫ്രാന്‍സുമായുള്ള കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പക്ഷേ ഈ വ്യവസ്ഥ ഫ്രാന്‍സ് പാലിക്കും എന്നതിന് ഒരു ഉറപ്പുമില്ല. ഇതുസംബന്ധിച്ച സോവറിന്‍ ഗ്യാരണ്ടി ഔദ്യോഗികമായി ഫ്രാന്‍സ് ഇന്ത്യക്ക് നല്‍കാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഫ്രഞ്ച് പ്രധാനമന്ത്രിയുടെ കത്ത് മാത്രമാണ് ഇക്കാര്യത്തില്‍ രേഖയായുള്ളത്’: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങളുടെ കാതലാണിത്. രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറില്‍ സോവറിന്‍ ഗ്യാരണ്ടി നിര്‍ബന്ധമാണ് എന്ന് നിയമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഗ്യാരണ്ടി നല്‍കാനാകില്ലെന്ന ഫ്രാന്‍സിന്റെ നിലപാടിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുകയായിരുന്നുവെന്നല്ലേ ഇതില്‍ നിന്നു മനസിലാക്കേണ്ടത്? ഇതിന്റെ പരിപൂര്‍ണ ഉത്തരാവാദി പ്രധാനമന്ത്രി നരേന്ദ്രമോദിയല്ലാതെ മറ്റാരാണ്? ഇതിന്പുറമെ കരാറില്‍ തര്‍ക്കമുണ്ടായാല്‍ സര്‍ക്കാരുകള്‍ തമ്മില്‍ പരിഹരിക്കണം എന്ന വ്യവസ്ഥക്ക് പകരം ഇന്ത്യന്‍ സര്‍ക്കാരും ഫ്രഞ്ച് കമ്പനിയായ ദാസോയും തമ്മില്‍ പരിഹരിക്കുക എന്ന രീതിയില്‍ വ്യവസ്ഥ വെട്ടിയെഴുതിയതിന്റെ പിന്നിലെ ചേതോവികാരമെന്താണ്? കരാറില്‍ അഴിമതി ഉണ്ടെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമുള്ള ഹരജികളില്‍ വിധി വരാനിരിക്കെ കേന്ദ്ര സര്‍ക്കാറിനെ വളഞ്ഞിട്ടുപിടിക്കാന്‍ ഇക്കാര്യങ്ങള്‍ മാത്രം മതിയെന്ന കാര്യം തീര്‍ച്ചയാണ്.
അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിനെ റഫാല്‍ ഇടപാടില്‍ ബിസിനസ് പങ്കാളിയാക്കിയത് ഇന്ത്യാഗവണ്മെന്റിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും നിര്‍ദേശം സ്വീകരിക്കുകയല്ലാതെ മറ്റു പോംവഴികളൊന്നും ഫ്രഞ്ച് സര്‍ക്കാറിന്റെ മുന്നിലുണ്ടായിരുന്നില്ലെന്നുമുള്ള ഫ്രാന്‍സ്വ ഒലാന്ദയുടെ വാക്കുകള്‍ പുച്ഛിച്ചുതള്ളിയ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പഞ്ചപുച്ഛമടക്കി പാവം പിള്ള ചമയുകയാണ്. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍തന്നെ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഭരണഘടനാസ്ഥാപനമായ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലിനെ കണ്ടെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ ഇംഗിതത്തിനപ്പുറം ഒരു ഫലവും കണ്ടില്ലെന്നു മാത്രം. വിമാന വില 5.2 ബില്യണില്‍നിന്നും 8.2 ബില്യണാക്കിയത് നരേന്ദ്ര മോദിയാണെന്നാണ് പ്രധാന ആരോപണം. ഇതിന്റെ ചുരുളുകള്‍ നിവര്‍ത്തിയാല്‍ ഇനിയും ദുരൂഹതകളുടെ പുകച്ചുരുളുകള്‍ കാണാന്‍ കഴിയും. ഇക്കാര്യങ്ങളെല്ലാം ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ല എന്നതാണ് വാസ്തവം. സോവറിന്‍ ഗ്യാരണ്ടി വാങ്ങണമെന്ന നിയമമന്ത്രാലയത്തിന്റെയും എയര്‍ അക്വിസിഷന്‍ വിഭാഗന്റെയും നിര്‍ദേശം പാടെ തള്ളുകയായിരുന്നു. ഇതിനുപിന്നില്‍ സ്ഥാപിത താത്പര്യത്തിന്റെ സംരക്ഷണമായിരുന്നുവെന്നു ബോധ്യപ്പെടാന്‍ അതിബുദ്ധി ആവശ്യമില്ല. ഇടപാടിലെ നിയമനടപടികള്‍ സര്‍ക്കാരുകള്‍ തമ്മിലാണെന്ന മാനദണ്ഡം ഇന്ത്യയും ദസോയും എന്ന നിലയിലേക്ക് മാറ്റിയതാണ് കരാറിലെ പ്രധാന പൊളിച്ചെഴുത്ത്. ആര്‍ബിട്രേഷന്‍ നിയമപ്രകാരം നിയമ നടപടി ഇന്ത്യയിലാകണമെന്ന നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശം നിരസിച്ച് സ്വിറ്റ്‌സര്‍ലണ്ടിലേക്ക് മാറ്റിയത് കൊടുംകൊള്ളയുടെ സൗകര്യത്തിനു മാത്രമാണ്. നെഗോസിയേഷന്‍ കമ്മിറ്റിയെ തള്ളി വിലപേശലിനായി ഫ്രാന്‍സിലെത്തിയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിനെ വിചാരണ ചെയ്താലറിയാം കരാറിലെ മറിമായങ്ങളത്രയും. ഇതെല്ലാം മനസിലാക്കിയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനുനേരെ ചോദ്യശരങ്ങളുയര്‍ത്തിയത്.
പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള നയത്തില്‍ മാറ്റം വരുത്തിയത് എന്തിനായിരുന്നുവെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനുമുമ്പില്‍ ഉത്തരംമുട്ടി മുട്ടുവിറക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. പഴയ കരാര്‍ നിലനില്‍ക്കെ പ്രധാനമന്ത്രി പുതിയ കരാര്‍ പ്രഖ്യാപിച്ചത് എങ്ങിനെയെന്ന കോടതിയുടെ ചോദ്യത്തിനും കേന്ദ്ര സര്‍ക്കാറിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. വാണിജ്യപരമായ മാനദണ്ഡങ്ങളില്‍ എന്തിന് മാറ്റം വരുത്തി എന്നതായിരുന്നു കോടതിയുടെ അതിപ്രധാന ചോദ്യങ്ങളിലൊന്ന്. ഓഫ്‌സെറ്റ് കരാറും മുഖ്യ കരാറും ഒരുമിച്ചാണ് പോകുന്ന കാര്യത്തില്‍ നിയമ മന്ത്രാലയത്തിന്റെ ആശങ്ക എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന സുപ്രീംകോടതിയുടെ ചോദ്യവും കേന്ദ്ര സര്‍ക്കാറിന്റെ മര്‍മത്തിലാണ് മുറിവേല്‍പിച്ചിട്ടുള്ളത്. പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്നുകണ്ടു തന്നെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യോമസേന ഉപമേധാവിയേയും നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരേയും വിളിച്ചുവരുത്തി ചോദ്യങ്ങള്‍ ചോദിച്ചത്. ഇതു മനസിലാക്കേണ്ട സാമാന്യബോധം പോലും പ്രധാനമന്ത്രിക്കില്ലാതെ പോയതാണ് രാജ്യത്തിന്റെ ശാപം. തികച്ചും സുതാര്യവും സുരക്ഷിതപൂര്‍ണവുമായി നടക്കേണ്ട തന്ത്രപ്രധാന കരാറാണ് പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യത്തോടെ പൊളിച്ചെഴുതിയത്. ഈ കൊടും പാതകത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പോരാട്ടം നയിക്കേണ്ട സന്ദര്‍ഭമാണിത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending