ബി.ജെ.പിക്കും സംഘ്പരിവാറിനുമെതിരായ സി.പി.എമ്മിന്റെ പ്രസ്താവനകളും ആക്രോശങ്ങളും കേട്ടുകേട്ട് തഴമ്പിച്ചതാണ് മലയാളിയുടെ കര്‍ണപുടങ്ങള്‍. ഇവയെല്ലാം ശുദ്ധ ഗീര്‍വാണങ്ങളും അധികാരക്കസേരകള്‍ അരക്കിട്ടുറപ്പിക്കാനുള്ള കുതന്ത്രങ്ങളുമാണെന്നുമുള്ള മറുപക്ഷത്തിന്റെ ആക്ഷേപങ്ങളെ പുച്ഛിച്ചുതള്ളുകയാണ് സി.പി.എം നേതാക്കള്‍ ചെയ്യാറ്. എന്നാലിതാ സംസ്ഥാനത്തെ സി.പി.എം നേതൃസര്‍ക്കാര്‍ കഴിഞ്ഞ ആഗസ്റ്റ് 31ന് പുറത്തിറക്കിയ കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ അവരുടെ വര്‍ഗീയ ഫാസിസ്റ്റ് വിരോധവും പുച്ഛരസങ്ങളും വെറും പുകമറയാണെന്ന് സ്വയം ഉച്ഛൈസ്തരം ഉദ്‌ഘോഷിക്കുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടര്‍ ഒപ്പുവെച്ച് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്കായി അയച്ച സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കക്ഷിയുടെ മുന്‍ഗാമിയായ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലൊരാളുമായി ബന്ധപ്പെട്ടതാണ്. ജനസംഘവും ബി.ജെ.പിയുമൊക്കെ പ്രതിനിധീകരിക്കുന്ന സംഘ്പരിവാറിന്റെ ആശയം രൂപീകരിക്കുന്നതില്‍ തന്റേതായ നിര്‍ലോഭ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ദീന്‍ദയാല്‍ ഉപാധ്യായ. മണ്‍മറഞ്ഞ ഈ സംഘി നേതാവിന്റെ പേരില്‍ രാജ്യത്തെ വിദ്യാലയങ്ങളിലെല്ലാം ഉപന്യാസ മല്‍സരം, പദ്യം ചൊല്ലല്‍, ദേശഭക്തി ഗാനം തുടങ്ങിയവ സംഘടിപ്പിച്ച് ആഘോഷിക്കണമെന്നാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി വര്‍ഷമായതിനാലാണ് ഇക്കാര്യം നിര്‍ദേശിക്കുന്നതെന്നാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറിയുടേതായി സംസ്ഥാനങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നത്. ജൂലൈയിലാണ് ഇത്തരമൊരു സര്‍ക്കുലര്‍ കേന്ദ്രം ഇതര സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിനും അയച്ചത്. ഇത് അപ്പടി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്ക് നടപടികള്‍ക്കായി അയച്ചുകൊടുത്തുവെന്നത് മത നിരപേക്ഷതയെക്കുറിച്ച് കവലകളില്‍ ആയിരം നാവുകള്‍ ചുഴറ്റുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും അതിന്റെ സര്‍ക്കാരിനും ഭൂഷണമാണോ.

സത്യത്തില്‍ ആരാണീ പണ്ഡിറ്റ് എന്നുചേര്‍ത്ത് സംഘ്പരിവാറുകാര്‍ വിളിക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ? ജനിച്ചത് 1916 സെപ്തംബറിലാണ്. അതായത്, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്‍തുറക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ പ്രായം മുപ്പത്തൊന്ന്. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, ഫെഡറലിസം എന്നൊക്കെ നാം അഭിമാനം കൊള്ളുന്നതും രാജ്യത്തെ ഇന്നത്തെ നിലയിലേക്ക് പിടിച്ചുയര്‍ത്തിയതുമായ സംവിധാനങ്ങളോടും ആശയങ്ങളോടും ഈ നേതാവിന്റെ അനുഭാവം എത്രയുണ്ടെന്നുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ജന്മി-കുടിയാന്‍ വ്യവസ്ഥക്കും സങ്കുചിത ഭാരതീയതക്കും ബ്രാഹ്മണിസത്തിനുംവേണ്ടി നിലകൊണ്ട പ്രതിലോമ വ്യക്തിത്വം. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ വെമ്പല്‍കൊള്ളുന്നൊരു ആള്‍ക്കൂട്ട പ്രസ്ഥാനത്തിന്റെ കേളിപെറ്റ വക്താവ്. മതേതര ഇന്ത്യക്കു പകരമായി ഹിന്ദുത്വത്തിന്റെ വക്താക്കളായ വീര്‍ സവര്‍ക്കര്‍, ഹെഡ്ഗവാര്‍, ശ്യാമപ്രസാദ് മുഖര്‍ജി, ഗോള്‍വാര്‍ക്കര്‍ മുതലായ രാജ്യത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്തൊരു പ്രസ്ഥാനത്തിന്റെ പ്രണേതാവും പ്രചാരകനും. ആന്‍ഡമാന്‍ ജയിലില്‍ നിന്ന് ബ്രിട്ടീഷ് സേനാധിപര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് സ്വയം സ്വാതന്ത്ര്യം നേടിയ ആര്‍.എസ്.എസ് നേതാവിന്റെ സഹതേരാളി. എ.ബി വാജ്‌പേയിയുടെ ഭരണകാലത്തുപോലും കേട്ടുകേള്‍വിയില്ലാതിരുന്ന ഈ നേതാവിന്റെ പേരിനെ പതിനഞ്ചോളം കേന്ദ്രാവിഷ്‌കൃതപദ്ധതികളില്‍ പുനര്‍നാമകരണം ചെയ്ത് അടിച്ചേല്‍പിച്ചത് മോദിയുടെയും അമിത്ഷായുടെയും തീവ്ര ദേശീയതയുടെ ആസുരകാലത്താണ്.

സാധാരണഗതിയില്‍ കേന്ദ്രത്തിന്റേതായി സംസ്ഥാനത്തെ വിവിധ വകുപ്പുകളിലേക്ക് അയച്ചുകിട്ടുന്ന സര്‍ക്കുലറുകള്‍ മാനിക്കാനും ഫെഡറല്‍ സംവിധാനപ്രകാരം നടപ്പാക്കാനും സംസ്ഥാനങ്ങള്‍ക്കുമേല്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനങ്ങള്‍ ചേര്‍ന്നതാണ് ഇന്ത്യ എന്നാണല്ലോ നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍തന്നെ സൂചിപ്പിക്കുന്നത്. എന്നാല്‍ അതേ ഭരണഘടനയിലെ ഏഴാം വകുപ്പനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് നടപ്പിലാക്കേണ്ടവയെന്നും കേന്ദ്രം മാത്രമെന്നും സംസ്ഥാനങ്ങള്‍ മാത്രമെന്നും നിര്‍ദേശിക്കുന്ന മൂന്നുതരം ഭരണ വ്യവസ്ഥകളും നിയമങ്ങളും നിലവിലുണ്ട്. ക്രമസമാധാനം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം തുടങ്ങിയവ ഇങ്ങനെ സംസ്ഥാന പട്ടികയില്‍പെടുന്ന വകുപ്പുകളാണ്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന് ഈ ഭരണഘടനാവ്യവസ്ഥയനുസരിച്ച് നടപ്പാക്കാതിരിക്കാവുന്ന ഒരു നിര്‍ദേശത്തെ അപ്പടി വിദ്യാലയങ്ങളിലേക്ക് അയച്ചുകൊടുക്കുക എന്നുവെച്ചാല്‍ അതിന്റെ പിന്നിലെ ചോതോവികാരവും രാഷ്ട്രീയ-സാമൂഹിക നയവും എന്തായിരിക്കും.

സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ തലവനാണ് അതിന്റെ മന്ത്രി സി.രവീന്ദ്രനാഥ്. അദ്ദേഹത്തിന് കീഴിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും വരിക. ഇത്തരമൊരു കേന്ദ്ര ഉത്തരവ് ലഭിച്ചാലുടന്‍ അത് സ്വാഭാവികമായും പരിശോധിച്ച് സ്വീകരിക്കേണ്ട തുടര്‍ നടപടി എന്തുകൊണ്ടാണ് സി.പി.എമ്മിന്റെ കേഡര്‍ സഖാവും പ്രൊഫസറുമായൊരു മന്ത്രി സ്വീകരിക്കാതിരുന്നത്. മന്ത്രി കണ്ടിട്ടുതന്നെയാണ് സര്‍ക്കുലര്‍ ഫോര്‍വേഡ് ചെയ്തതെന്നാണ് ഉദ്യോഗസ്ഥ നേതൃത്വം പറയുന്നത്. അങ്ങനെയെങ്കില്‍ അതിന്റെ ഉത്തരവാദിത്തം മന്ത്രിക്കുതന്നെയല്ലേ. ഉദ്യോഗസ്ഥര്‍ക്ക് പിശക് പറ്റിയതാണെന്നാണ് സി.പി.എമ്മിന്റെ നിലപാടെങ്കില്‍ ഇക്കാര്യം എന്തുകൊണ്ട് നേരത്തെ കണ്ടെത്തി അവര്‍ക്കെതിരെ നടപടിയെടുത്തില്ല. സംഭവം വിവാദമാകുന്നതുപോലും മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിനുശേഷമാണെന്നോര്‍ക്കണം. സര്‍ക്കുലറില്‍ പറഞ്ഞതുപ്രകാരമുള്ള ആഘോഷ പരിപാടികള്‍ ഒരു സ്‌കൂളുകളിലും നടന്നില്ലെന്ന സി.പി.എമ്മിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വാദത്തിലും തികഞ്ഞ വങ്കത്തരമല്ലാതെന്താണുള്ളത്. സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കിട്ടിയിട്ടും അത് നടപ്പാക്കാതിരുന്നതിന് കാരണം കേരളത്തിലെ അധ്യാപക സമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും മതേതരത്വത്തോടുള്ള ഉറച്ച പ്രതിബദ്ധതയാണ്. ഇനി തങ്ങളുടെ സര്‍ക്കുലര്‍ അധ്യാപകര്‍ നടപ്പാക്കിയില്ലെന്ന് മിഥ്യാഭിമാനം കൊള്ളുന്ന ഇടതുപക്ഷ സര്‍ക്കാരിനും സി.പി.എമ്മിനും പൊതുവിദ്യാഭ്യാസ വകുപ്പിനും മറ്റ് സര്‍ക്കുലറുകളുടെ കാര്യത്തിലും ഇതേ നിലപാടാണോ ഉള്ളത് ?

ആര്‍.എസ്.എസ് തലവന് ചട്ടം ലംഘിച്ച് സ്‌കൂള്‍ മുറ്റത്ത് ദേശീയ പതാക ഉയര്‍ത്താനും സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകന് രാജ്യത്തിന്റെ വികലചരിത്രം അടിച്ചേല്‍പിക്കാനും അനുവദിച്ച ഭരണത്തിന്‍ കീഴില്‍ കൂടുതല്‍ പ്രതീക്ഷിക്കുക വയ്യെന്നാകിലും, നാഗ്പൂരിലെ ഫ്രീസറുകളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന വര്‍ഗീയ ഫാസിസത്തിന്റെ നഞ്ചുതുള്ളികളെ മലയാളി കുരുന്നു മനസ്സുകളില്‍ കുത്തിവെക്കാനുള്ള പരിശ്രമം ഏത് വര്‍ഗീയ വിരോധത്തിന്റെ പേരിലാണ് ന്യായീകരിക്കപ്പെടുക. ബി.ജെ.പിയുടെ വിപത്തിനെ അകറ്റാന്‍ രാജ്യത്തെ വിരലിലെണ്ണാവുന്ന ലോക്‌സഭാ സീറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന സി.പി.എമ്മിനെതിരെ കേരളത്തിലെ മതന്യൂനപക്ഷങ്ങളെ പാട്ടിലാക്കാനുള്ള സൂത്രവിദ്യ ഒരിക്കല്‍കൂടി തുണിയുരിഞ്ഞ് പുറത്തുചാടിയിരിക്കുകയാണ് മോദി ഭക്തനായ പ്രകാശ്ജാവദേക്കറുടെ സര്‍ക്കുലറിലൂടെ.