സ്വര്‍ണക്കള്ളക്കടത്തുകേസില്‍ ഏതന്വേഷണത്തെയും നേരിടുമെന്നും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നും പറഞ്ഞ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അന്വേഷണം അടുത്തെത്തിയപ്പോള്‍ എന്തേ ഈ നാടകംകെട്ട്? മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുമായി സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് വിഭാഗം അറസ്റ്റിന് മുതിര്‍ന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന അദ്ദേഹം വേഷം കെട്ടെടുത്തിരിക്കുന്നത്. തികഞ്ഞ അഭിനയമാണ് കഴിഞ്ഞ മൂന്നു ദിവസമായി ജനങ്ങള്‍ക്കും സര്‍ക്കാരിന്റെ അന്വേഷണ സംവിധാനങ്ങള്‍ക്കും മുമ്പില്‍ ശിവശങ്കര്‍ പുറത്തെടുത്തിരിക്കുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായി പൂജപ്പുരയിലെ വസതിയില്‍ നേരില്‍ചെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചായിരുന്നു ശിവശങ്കറിന്റെ നാടകം. വാഹനത്തില്‍വെച്ച് ദേഹാസ്വാസ്ഥ്യം അഭിനയിച്ച അദ്ദേഹത്തിന്റെ ‘നെഞ്ചുവേദന’ ശുദ്ധ തട്ടിപ്പാണെന്ന് മണിക്കൂറുകള്‍ക്കകം വ്യക്തമായി. അദ്ദേഹത്തിന്റെ ഭാര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റപ്പെട്ട അദ്ദേഹത്തിന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ കാര്യമായ രോഗമില്ലെന്നാണ് വ്യക്തമായത്. ഹൃദ്രോഗിയാണെങ്കില്‍ കഴിഞ്ഞ എത്രയോ നാളായി ശിവശങ്കര്‍ കൊച്ചിയിലേക്കും തിരിച്ച് തിരുവനന്തപുരത്തേക്കും കള്ളക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് പതിവായി യാത്ര ചെയ്യുകയാണ്. ഹൃദ്രോഗം ഇല്ലെന്ന് ആന്‍ജിയോഗ്രാം പരിശോധനയില്‍ തെളിഞ്ഞതോടെ കടുത്ത നടുവേദന ഉണ്ടെന്നായി ശിവശങ്കര്‍. ഇതിന് ചികില്‍സ തേടിയശേഷം അതും കാര്യമായിട്ടില്ലെന്ന മറുപടിയാണ് മെഡിക്കല്‍ കോളജ് ആസ്പത്രി ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. തുടര്‍ന്നാണ് അദ്ദേഹം ആയുര്‍വേദ സ്വകാര്യആസ്പത്രിയില്‍ പ്രവേശനം നേടിയിരിക്കുന്നത്. ഒഴിവുദിനങ്ങളായതിനാല്‍ അറസ്റ്റ് ഒഴിവാക്കുക എന്നതാണ് ശിവശങ്കറിന്റെ തന്ത്രം. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത് വ്യക്തമാക്കുന്നത് അതാണ്. തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നുവെന്നും ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോട് ചെയ്യാന്‍ പാടില്ലാത്തതാണ് അവര്‍ തന്നോട് ചെയ്തതെന്നും ശിവശങ്കര്‍ പറയുമ്പോള്‍ ജനത്തിന്റെ മനസ്സില്‍ ന്യായമായും ഉയരുന്ന ഒരു ചോദ്യം, ആ ഉദ്യോഗസ്ഥനെന്തുകൊണ്ടാണ് ഇത്രയും നാടകീയരംഗങ്ങള്‍ നിര്‍മിച്ച് ജനങ്ങളെ കബളിപ്പിച്ചതെന്നാണ്. ഇതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും സി.പി.എമ്മും തന്നെയാണ്.
സ്വര്‍ണക്കള്ളക്കടത്ത് മാത്രമല്ല, പ്രതികളുമായി ശിവശങ്കറിന് അവിഹിതമായി മറ്റുപല ഇടപാടുകളും ഉണ്ടായിരുന്നതായാണ് കസ്റ്റംസിന്റെയും ഇ.ഡിയുടെയും എന്‍.ഐ.എയുടെയുമൊക്കെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ശിവശങ്കര്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും അധാര്‍മിക പ്രവൃത്തികള്‍ക്കുമായി ദുരുപയോഗിച്ചതായി വിശ്വാസയോഗ്യമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നിട്ടും ശിവശങ്കറിനെപോലെ മുഖ്യമന്ത്രിയും സി.പി.എമ്മും ശിവശങ്കറിനെ പരോക്ഷമായി ന്യായീകരിക്കുന്നതിനും അദ്ദേഹത്തിന്റെ അറസ്റ്റ് തടയുന്നതിനുമുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനുകാരണം ശിവശങ്കറിന്റെ അറസ്റ്റ് ചെന്നെത്തുന്നത് അദ്ദേഹത്തിന്റെ ഗോഡ്ഫാദറായ മുഖ്യമന്ത്രിയിലേക്കാണെന്നതാണ്. കഴിഞ്ഞ നാലു വര്‍ഷക്കാലം മുഖ്യമന്ത്രിയുമായി മിക്ക നേരത്തും ഇടപെടാറുള്ള ഒരാള്‍ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ മുഖ്യമന്ത്രിയില്‍നിന്ന ്പൂര്‍ണമായും മറച്ചുവെച്ചുവെന്നും അത് അപ്പടി മുഖ്യമന്ത്രി വിശ്വസിച്ചുവെന്നും ധരിക്കുന്നത് തീര്‍ത്തും അവിശ്വാസകരമാണ്. സ്വപ്നസുരേഷ് എന്ന കള്ളക്കടത്തുകേസിലെ പ്രതികളിലൊരാളായ സ്ത്രീയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും നിരവധി വിദേശയാത്രകള്‍ നടത്തുകയും ചെയ്തിട്ടുള്ള ശിവശങ്കറിന്റെ നീക്കങ്ങള്‍ ഒരിക്കല്‍പോലും മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന ്‌വിശ്വസിക്കാന്‍ ഇരട്ടച്ചങ്കനെന്ന് അദ്ദേഹത്തെ വാഴ്ത്തുന്നവര്‍ക്കല്ലാതെ സാമാന്യ ജനത്തിന ്കഴിയില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തനിക്ക് വ്യവസായ വകുപ്പിലെ സ്‌പേസ്പാര്‍ക്കില്‍ ലക്ഷങ്ങളുടെ ശമ്പളത്തില്‍ ജോലി ലഭിച്ചതെന്ന മൊഴി നിലനില്‍ക്കുകയാണ്. താനൊന്നും അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവം വിശ്വസിക്കണമെങ്കില്‍ പിണറായി വിജയന്‍ എന്ന ഒന്നര പതിറ്റാണ്ടോളം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന വ്യക്തിക്ക് തന്റെ ചുറ്റുപാടുമുള്ളവരെക്കുറിച്ച് സാമാന്യമായി യാതൊരു ധാരണയുമില്ലെന്ന്കൂടി വിശ്വസിക്കണം.സ്വന്തം പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഏതാണ്ട് ഏകാധിപതിയെപോലെ കയ്യിലിട്ട് അമ്മാനമാടിയ പിണറായിക്ക് ഇപ്പോള്‍ പുറത്തായ വിവരങ്ങളെക്കുറിച്ചും ധാര്‍മികമായ ബാധ്യതകളുണ്ട്.ഒരുപാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കാള്‍ ജനങ്ങളുടെ ചെലവില്‍ അവരുടെ ജീവിതപ്രയാസം ലഘൂകരിക്കുന്നതിനായാണ് മുഖ്യമന്ത്രിയായി അദ്ദേഹം അവരോധിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നൊരു വ്യക്തി ചെയ്ത തെറ്റുകള്‍ ഏറ്റെടുക്കാന്‍ അതുകൊണ്ടുതന്നെ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് ധാര്‍മികമായും സാങ്കേതികമായും ബാധ്യതയുണ്ട്.
കോവിഡ്കാല വാര്‍ത്താസമ്മേളനത്തില്‍ മുളകിന്റെയും മല്ലിയുടെയും വിലയെക്കുറിച്ചുവരെ പറയുന്ന മുഖ്യമന്ത്രി സ്വര്‍ണക്കടത്തും അതിലെ തന്റെയും സര്‍ക്കാരിന്റെയും പങ്കാളിത്തത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് രോഷം പൂണ്ട് ഒളിച്ചോടുന്നത് ജനാധിപത്യത്തിനും സാമാന്യനീതിക്കും നിരക്കുന്നതല്ല. ശിവശങ്കറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതുപോലും അധാര്‍മിക പ്രവൃത്തിക്കാണെന്ന് പറയുന്ന മുഖ്യമന്ത്രി ഇതിനകം പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലുകളെക്കുറിച്ച് ജനത്തോട് മാപ്പുപറയാനും രാജിവെക്കാനും മഹാമസ്‌കത കാട്ടണം. എങ്കിലേ അദ്ദേഹത്തിലെ പൊതുപ്രവര്‍ത്തകന് സാധുത കൈവരൂ. ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ സ്വപ്‌നസുരേഷ് തന്റെ മന്ത്രിമാരായ കെ.ടി ജലീലിനും കടകംപള്ളി സുരേന്ദ്രനുമെതിരെ വെളിപ്പെടുത്തലുകള്‍ നടത്തുകയും മുഖ്യമന്ത്രിയെ തനിച്ച് സന്ദര്‍ശിച്ചെന്നു പറയുന്നതും തനിക്ക് സ്വപ്‌നയെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നതും എങ്ങനെയാണ് യോജിക്കുക? വൈകിയ വേളയിലെങ്കിലും പിണറായി വിജയന്‍ തന്റെമേല്‍ പതിച്ചിട്ടുള്ള കളങ്കം കഴുകിക്കളഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന ്മാത്രമല്ല, രാജ്യത്തെ അവശേഷിക്കുന്ന കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ശവക്കുഴികൂടിയാണ് അദ്ദേഹം തോണ്ടുന്നത്. രോഗം ശരിക്കുമിപ്പോള്‍ ശിവശങ്കറിനല്ല, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാണ്.