ലോകത്തെ ഗ്രസിച്ചിരിക്കുന്ന കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട് സാധാരണ ജനങ്ങളേക്കാള്‍ ഉപരിയായി ഭരണകൂടങ്ങള്‍ക്ക് അമിത ജാഗ്രതയും ഉത്കണ്ഠയും ഉണ്ടാവേണ്ടത് അനിവാര്യമാണ്. കേരളം രാജ്യത്ത് ഏറ്റവും കുറവ് കോവിഡ് രോഗികളെന്ന ഖ്യാതിയില്‍നിന്ന് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് രോഗികളുള്ള സംസ്ഥാനമെന്ന അപഖ്യാതി നേരിടുകയാണിപ്പോള്‍. ഒരാഴ്ചയിലധികമായി ഏഴായിരത്തിനു മുകളിലാണ് സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ശരാശരി. ചിലദിവസങ്ങളില്‍ കുറയുന്നുണ്ടെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ വര്‍ധിക്കുന്നത് സൂചിപ്പിക്കുന്നത് സംസ്ഥാനത്തിന് ഇനിയും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നുതന്നെയാണ്. സര്‍ക്കാരിന്റെയും വിശിഷ്യാ ആരോഗ്യവകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് കേരളത്തെ എത്തിച്ചതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ലോകത്ത് മൊത്തംരോഗികളുടെ എണ്ണം 4.7 കോടിക്കടുത്തായിരിക്കവെ ഇന്ത്യയുടെയും കേരളത്തിന്റെയും പങ്ക് അതില്‍ ഒട്ടും കുറവല്ല. രാജ്യത്ത് 83 ലക്ഷത്തോളം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. 5,62,000 പേര്‍ നിലവില്‍ രോഗികളാണ്. കേരളത്തില്‍ നാലര ലക്ഷത്തിനടുത്ത് പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 20 ശതമാനം പേരും നിലവില്‍ രോഗികളാണ്. മരണം 1500 നടുത്ത് മാത്രമാണെങ്കിലും പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് സംസ്ഥാനത്തെ ജനതയില്‍ നല്ലൊരുപങ്ക് ആളുകള്‍ക്കും രോഗം ബാധിക്കുകയോ ബാധിച്ച് ഭേദമകുകയോ ചെയ്തിരിക്കാമെന്നതിന്റെ സൂചനയാണ് ഇന്നലെ 4138 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെങ്കില്‍ പരിശോധന നടത്തിയവരുടെ സംഖ്യ കുറവാണെന്നതാണ് അതിന് കാരണം. 21 മരണം ഇന്നലെ സ്ഥിരീകരിച്ചപ്പോള്‍ അതിനുമുമ്പത്തെ പ്രതിദിന മരണം 28 ആണ്. ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത് സംസ്ഥാനം പാലിക്കേണ്ട അതീവ ജാഗ്രതയെതന്നെയാണ്.
ഓണക്കാലത്ത് ജനങ്ങളെ കയറൂരിവിട്ടതാണ് പിന്നീട് കുത്തനെയുള്ള കോവിഡ് വര്‍ധനക്ക് ഇടയാക്കിയതെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. സര്‍ക്കാര്‍ പ്രചരിപ്പിച്ച അമിത ആത്മവിശ്വാസവും ഒരു ഘടകമാണ്. ജനങ്ങള്‍ക്ക്‌നേരെ പൊലീസും മറ്റും ആദ്യ ഘട്ടത്തില്‍ കൈക്കൊണ്ട നിയന്ത്രണങ്ങള്‍ ദിവസങ്ങള്‍ കഴിയുന്തോറും ആലസ്യത്തിലേക്ക് ആണ്ടുപോകുന്നതാണ ്കണ്ടത്. പൊലീസുകാരിലും ആരോഗ്യപ്രവര്‍ത്തകരിലും വ്യാപകമായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടതോടെയാണിത്. ലോക്ഡൗണ്‍ പിന്‍വലിക്കുകയും ഒക്ടോബര്‍ 10ന് വിനോദ സഞ്ചാര കേന്ദ്രങ്ങളും നവംബര്‍ ഒന്നിന് പാര്‍ക്കുകളും ബീച്ചുകളും അടക്കം തുറന്നുകൊടുക്കുകയും ചെയ്തതോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഇല്ലാതായ അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന ്‌സ്വയം സന്നദ്ധരാകുന്നത് മാത്രമാണ് ഏക ആശ്വാസം.
ഇതിനിടെയാണ് നവംബര്‍ 15 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ വിദ്യാഭ്യാസവകുപ്പ് എടുത്തിരിക്കുന്ന തീരുമാനം ആശങ്കയുയര്‍ത്തിയിരിക്കുന്നത്. കുട്ടികളും വയോധികരും ആരോഗ്യ ശേഷിക്കുറവുള്ളവരായതും കൂടിച്ചേരലുകള്‍ ഇല്ലാതാക്കുന്നതിനുമാണ് കഴിഞ്ഞ മാര്‍ച്ച് പകുതിയോടെ അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതുവരെയും തുറന്നുകൊടുക്കാതെ കിടന്നിരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ മുഖാമുഖമുള്ള പഠനത്തിന് തുല്യമാകില്ലെങ്കിലും കോവിഡ് മഹാമാരിയെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുന്നതിന് അതുമൂലം കഴിഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. സംസ്ഥാനത്തെ കോവിഡ് ബാധിച്ചുള്ള മരണത്തിനിരയായവരില്‍ വലിയൊരു ശതമാനവും വയോധികരും പാര്‍ശ്വരോഗങ്ങളുള്ളവരുമാണെന്നതുകൊണ്ട് കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും കാര്യമായി കോവിഡ് ബാധിച്ചിട്ടില്ലെന്നുതന്നെയാണ ്‌വിശ്വസിക്കേണ്ടത്. കോവിഡ് ക്ലസ്റ്ററുകളില്‍നിന്ന് മാത്രമാണ് കുട്ടികളുടെ രോഗബാധ സ്ഥിരീകരിക്കപ്പെട്ടുകാണുന്നത്.
ഒക്ടോബര്‍ 15നുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക് പ്രക്രിയയുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നുവെന്നത് നേരാണ്. എന്നാല്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും അതാത് പ്രദേശങ്ങളുടെ രോഗാവസ്ഥ മനസ്സിലാക്കിയുള്ള നടപടികളാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. പ്രതിദിന രോഗ കണക്കില്‍ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, യു.പി എന്ന നിരയില്‍ കേരളം നവംബര്‍ ഒന്നിനും മുന്നില്‍തന്നെയാണ്. ഇതില്‍ തമിഴ്‌നാട് മാത്രമാണ് നവംബര്‍ 16 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ കേരളം ജാഗ്രത പാലിച്ചുതന്നെയാണോ കുട്ടികളെ സ്‌കൂളിലേക്ക് ക്ഷണിക്കുന്നതെന്നത് ഗൗരവമായി ആലോചിക്കേണ്ടതാണ്. ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതിന്റെ ഫലം ഇനിയും അറിയാനിരിക്കുന്നതേ ഉള്ളൂ.
ആദ്യഘട്ടത്തില്‍ പത്താം തരത്തിലെയും ഹയര്‍സെക്കണ്ടറിയിലെയും ക്ലാസുകളാണ് പുനരാരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇത്തവണത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്കുമുമ്പ് പാഠ്യഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍വേണ്ടിയാണ് ക്ലാസുകള്‍ തുടങ്ങുന്നതെന്നാണ് പറയുന്നതെങ്കിലും ഉദ്ദേശ്യശുദ്ധിക്കപ്പുറം കോവിഡ് വ്യാപനത്തെ തടയുന്നതിനാണോ വര്‍ധിക്കുന്നതിനാണോ ഈ നിര്‍ദേശം ഉപകരിക്കുക എന്ന് ബന്ധപ്പെട്ടവര്‍ പര്യാലോചന നടത്തുന്നത് നന്നായിരിക്കും. കൗമാര പ്രായക്കാരായ കുട്ടികളാണ് ഈ രണ്ട് തട്ടിലെ വിദ്യാര്‍ത്ഥികളെങ്കിലും അവരേക്കാള്‍ സാമൂഹിക സമ്പര്‍ക്കത്തിന്റെ ദോഷം ബാധിക്കുക തീര്‍ത്തും അനാരോഗ്യരായ മാതാപിതാക്കളെയും വീടുകളിലെ കുട്ടികളെയുമായിരിക്കും എന്നത് മറന്നുകൂടാ. കുട്ടികളുടെ സാമൂഹിക സമ്പര്‍ക്കം കുറക്കുന്നതിനും അവരെ ബാച്ചുകളിലായി പഠിപ്പിക്കുന്നതിനും കഴിയുമെങ്കിലും ഇവരിലൂടെ ആരുടെയെങ്കിലും വീടുകളില്‍നിന്നോ ക്ലസ്റ്ററുകളില്‍നിന്നോ രോഗം പകരാനുള്ള സാധ്യത ബന്ധപ്പെട്ടവര്‍ പരിഗണിക്കണം. വിദ്യാഭ്യാസ വകുപ്പിനേക്കാള്‍ ആരോഗ്യവകുപ്പിനായിരിക്കണം അതിന്റെ ഉത്തരവാദിത്തം. സ്‌കൂളുകളില്‍ ആരോഗ്യവകുപ്പിന്റെ ഡോക്ടര്‍മാരും ജീവനക്കാരും മതിയായ തോതിലും എല്ലായിടങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം. തിരുവനന്തപുരത്തെ നീറ്റ് പരീക്ഷാകേന്ദ്രത്തിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പടര്‍ന്ന സംഭവം ബന്ധപ്പെട്ടവര്‍ മറക്കരുത്. വിദ്യാലയങ്ങള്‍ അനിശ്ചിതമായി അടച്ചിടുന്നത് വിദ്യാര്‍ത്ഥികള്‍ക്കും നാടിനും നല്ലതല്ലെങ്കിലും മഹാമാരി ശമിക്കപ്പെടാതെ നില്‍ക്കുമ്പോള്‍ കുട്ടികളുടെ കൂടിച്ചേരലിന് ഇടയുണ്ടാക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ. സ്‌കൂളുകള്‍ ഇതിനകം തുറന്ന യു.പിയിലെയും പുതുച്ചേരിയിലെയും നില പരിശോധിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.