ഈ വര്‍ഷത്തെ എം.ബി.ബി.എസ് കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെങ്കിലും ഇതിനിടെയുണ്ടായ കോടതിവിധി പ്രവേശന നടപടികളെയാകെ താളംതെറ്റിച്ചിരിക്കുകയാണ്. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ട്യൂഷന്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കുന്നതിനുള്ള മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി ഭാഗികമായി അംഗീകരിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഇതനുസരിച്ച് തിങ്കളാഴ്ച പുറത്തിറക്കേണ്ടിയിരുന്ന ആദ്യഘട്ട അലോട്‌മെന്റ് നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. കോടതിയുടെ നിര്‍ദേശത്തിനനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ പുതിയ ഫീസ് പുതുതായി കോഴ്‌സിന ്‌ചേരുന്ന വിദ്യാര്‍ത്ഥികള്‍ ഒടുക്കേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും നെഞ്ചില്‍ തീ കോരിയിടുന്ന നടപടിയായിപ്പോയി ഇത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടതിവിധി നടപ്പാക്കുന്നതിലപ്പുറം ജനങ്ങളോട് പ്രതിബദ്ധത പ്രകടിപ്പിക്കേണ്ട സന്ദര്‍ഭംകൂടിയാണിത്. അതവര്‍ നിര്‍വഹിക്കുമോ എന്നാണ് കേരളം ഇപ്പോള്‍ കാത്തിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ നാലുവര്‍ഷമായി ഓരോ അക്കാദമിക വര്‍ഷവും സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് ഫീസ് കുത്തനെ കൂട്ടിക്കൊടുത്ത അനുഭവമുള്ളതിനാല്‍ പുതിയ അധ്യയന വര്‍ഷത്തിലും വലിയ തോതിലുള്ള ഫീസ് വര്‍ധനയുണ്ടായേക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ ഭയപ്പെടുന്നത്. ഒന്നും രണ്ടുമല്ല, ഒറ്റയടിക്ക് ലക്ഷങ്ങളാണ് സ്വകാര്യ കോളജ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നത് ജനാധിപത്യ ഭരണകൂടത്തിന്റെയും പൊതുജനങ്ങളുടെയും ഇടപെടലിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തേക്ക് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് 6.22 ലക്ഷം മുതല്‍ 7.65 ലക്ഷം രൂപ വരെയാണ്. ഇത് 11 ലക്ഷം മുതല്‍ 22 ലക്ഷം വരെയാക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് അമ്പതിനായിരം രൂപവരെയാണ് (6.7ശതമാനം) ഈ അധ്യയന വര്‍ഷത്തേക്ക് എം.ബി.ബി.എസ് പ്രവേശനത്തിനായി സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഓരോ കോളജിനും അവരവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ കണക്കിലെടുത്ത് വ്യത്യസ്ത തരത്തിലുള്ള ഫീസാണ് സര്‍ക്കാരിന്റെ ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചുവരുന്നത്. ഇത്തരത്തില്‍ നിശ്ചയിക്കുന്ന ഫീസ് പോരെന്നും തങ്ങളുടെ ചെലവുകള്‍ കണക്കിലെടുത്ത് വന്‍തോതില്‍ വര്‍ധന വേണമെന്നുമാണ ്മാനേജ്‌മെന്റുകളുടെ ആവശ്യം. അതായത് നിലവിലേതില്‍നിന്ന് മൂന്നിരട്ടിയാണ് അവരാവശ്യപ്പെടുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒരുവര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് 25000 രൂപ മാത്രമാണ് ട്യൂഷന്‍ ഫീസെങ്കില്‍ സ്വകാര്യ മാനേജ്‌മെന്റുകളില്‍ അതിന്റെ എത്രയോ ഇരട്ടിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ആറര മുതല്‍ എട്ടു ലക്ഷം രൂപ വരെയുള്ള ഫീസ് 20 ലക്ഷമായി വര്‍ധിപ്പിക്കണമെന്നാണ് സ്വകാര്യ കോളജ് മാനേജ്‌മെന്റുകളുടെ ആവശ്യം. ഇത് ഹൈക്കോടതി ഏതാണ്ട് അംഗീകരിക്കുകയും സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം വിദ്യാര്‍ത്ഥികളെ അറിയിക്കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതനുസരിച്ചാണ് ആരോഗ്യവകുപ്പിന്റെ പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒറ്റയടിക്ക് 10ഉം 15ഉം ലക്ഷം രൂപ പ്രതിവര്‍ഷം വര്‍ധിക്കുന്നത് ഏതൊരു രക്ഷിതാവിനും ആലോചിക്കാന്‍കൂടി വയ്യാത്തതാണ്. അതും പ്രവേശന നടപടികള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്ന ഘട്ടത്തില്‍. ഇന്നത്തെ അവസ്ഥയില്‍ ഈ വന്‍ ഫീസ് വര്‍ധന കാരണം നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് തുലാസിലായിരിക്കുന്നത്. വര്‍ഷങ്ങള്‍ ഉറക്കവും ഊണുംവെടിഞ്ഞ് കുത്തിയിരുന്ന് പഠിച്ച് ജീവിതത്തിലെ ചിരകാല സ്വപ്‌നമായ ഡോക്ടറാകാന്‍ കൊതിച്ചിരുന്ന മക്കളുടെ കണ്ണീര്‍ കാണേണ്ട അവസ്ഥയിലാണ് കേരളത്തിലെ പതിനായിരക്കണക്കിന് മാതാപിതാക്കള്‍. ചെറിയ കാരണത്തിന് ഒന്നും രണ്ടും മാര്‍ക്ക് കുറവ് വന്നതുകൊണ്ടുമാത്രം പതിനായിരത്തില്‍നിന്ന് ലക്ഷങ്ങളിലേക്ക് ഫീസ് കൊടുക്കാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയെക്കുറിച്ച് ആലോചിക്കാന്‍കൂടി വയ്യ. സമ്പന്നരുടെ മക്കള്‍ക്ക്മാത്രം ഭിഷഗ്വരനോ ഭിഷഗ്വരയോ ആകാന്‍ കഴിയുന്ന അവസ്ഥയിലേക്കാണ് നാട് സഞ്ചരിക്കുന്നതെന്ന സത്യം ഈ കുടുംബങ്ങളെ മാത്രമല്ല, സമൂഹത്തിന്റെ നല്ലൊരു ശതമാനം വരുന്ന രോഗികളെയും താഴേക്കിടയിലുള്ളവരെയും മധ്യവര്‍ഗക്കാരെപോലും അമ്പരപ്പിക്കുന്നതാണ്. എം.ബി.ബി.എസ് വിദ്യാഭ്യാസം അതിസമ്പന്നരിലേക്ക് മാത്രമായി ഒതുങ്ങിയാല്‍ അവര്‍ ഭാവിയില്‍ നടത്തേണ്ട രോഗീശുശ്രൂഷയുടെയും ചികില്‍സാചെലവിന്റെയുംകാര്യം പിന്നെ പറയാനുണ്ടോ.
സ്വകാര്യ സ്വാശ്രയമെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ എല്ലാവര്‍ഷവും ഫീസ്‌പോരെന്ന് പരാതി പറയുകയും കോടതിയെ സമീപിക്കുകയും ചെയ്യാറുണ്ടെങ്കിലും അവര്‍ സര്‍ക്കാരിന്റെ ഫീ നിര്‍ണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളില്‍നിന്ന് ഈടാക്കുന്നത്. സ്വകാര്യ ബസുകളെപോലെതന്നെ വിദ്യാഭ്യാസംകൂടി സര്‍ക്കാരിന്റെ നിയന്ത്രണപരിധിയില്‍ വരണമെന്ന ഉദ്ദേശ്യത്തോടെയാണ് ജനാധിപത്യ സര്‍ക്കാരുകള്‍ ഈ സംവിധാനം കൊണ്ടുവന്നതും കോടതികള്‍ അതിന് അനുമതി നല്‍കിയതും. എന്നാല്‍ ഭാരിച്ച ചെലവുകള്‍ താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് മാനേജ്‌മെന്റുകള്‍ ആണയിടുകയും ചിലര്‍ ഇതിനകം സര്‍ക്കാരിലേക്ക് കോളജ് കൈമാറാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിക്കുന്ന പലവിധ പഠനചികില്‍സാസംവിധാനങ്ങളും സൗകര്യങ്ങളും കാമ്പസുകളിലും ആസ്പത്രികളിലും ഏര്‍പെടുത്താനായാണ് മാനേജ്‌മെന്റുകള്‍ വന്‍തുക ചെലവാക്കുന്നത്. ഓരോവര്‍ഷവും ചെലവിനൊത്ത് ഫീസ് വര്‍ധനയുണ്ടാകുന്നില്ലെന്ന പരാതി പരിഹരിക്കപ്പെടേണ്ടതുതന്നെയാണെന്നതില്‍ തര്‍ക്കമില്ലെങ്കിലും സാധാരണക്കാരുടെ മക്കള്‍ക്ക് മെഡിക്കല്‍ പഠനം അന്യമാകുന്ന അവസ്ഥയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് സര്‍ക്കാരുകള്‍തന്നെയാണ്. കോടതികള്‍ക്കും ഇക്കാര്യത്തില്‍ നല്ലൊരു പങ്കുണ്ട്. ഈ തര്‍ക്കത്തിനിടയില്‍ ബലിയാടേണ്ടിവരുന്ന വിദ്യാര്‍ഥികളുടെ ജീവിതം തിരിച്ചറിഞ്ഞ് അവരെ സാന്ത്വനിപ്പിക്കാനും പുതിയ ഫീസ് വര്‍ധന സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും താങ്ങാവുന്നതാക്കാനുമുള്ള തീരുമാനമാണ് സര്‍ക്കാരില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്.