സംസാരം കുട്ടനാടന്‍ശൈലിയിലാണെങ്കിലും ലുക്ക് ബുദ്ധിജീവിയുടേതാണ്. വലിയവലിയ കാര്യങ്ങളേപറയൂ. സാമ്പത്തികമാണ് വിഷയമെന്നതിനാല്‍ അല്‍പം കടുപ്പംകൂടും. ചിരിച്ചുകൊണ്ടാണ് പറച്ചിലെങ്കിലും കൊളുത്തുവലിക്കലുകള്‍ ഇടക്കിടെ പുറത്തുചാടും. ‘ഇതിപ്പോ എന്താചെയ്യാന്‍ പറ്റ്വാ, പ്രതിപക്ഷത്തിന് വല്ല വിവരവുമുണ്ടോ’ എന്നമട്ടിലാകും വിവരണങ്ങള്‍. ജനങ്ങള്‍ക്കിടയില്‍ ഡോക്ടറുടെ മതിപ്പുണ്ടെങ്കിലും കിട്ടിയത് ആലപ്പുഴയിലെ കയറിനെക്കുറിച്ച് എഴുതിയതിനാണ്. കര്‍മംനല്ല ഉദ്ദേശ്യത്തിലാണെങ്കിലും ഫലം ദോഷംമാത്രം. ഡാംമണലെടുപ്പിന്റെ അവസ്ഥപോലെതന്നെയാണ് കാര്യങ്ങളിപ്പോഴും. കിട്ടിയാല്‍കിട്ടി, പോയാല്‍പോയി. കഴിഞ്ഞയാഴ്ച സ്വയംപുറത്തുവിട്ട സി.എ.ജിയുടെ റിപ്പോര്‍ട്ടിന്റെ കാര്യവും അങ്ങനെതന്നെ. സര്‍ക്കാര്‍വരവുചെലവുകണക്കുകളുടെ പരിശോധനാപണിയാണ് (ഓഡിറ്റിംഗ് )കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ക്കുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റേത് മൊത്തമാണ്. ന്ന്വാച്ചാല്‍ സംസ്ഥാനത്തെയും രാജ്യത്തെയും ജനങ്ങളുടെ മൊത്തമാണെന്ന്. എന്നിട്ടും പ്രസ്തുതറിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാനേല്‍പിച്ചതിനെ ഡോക്ടര്‍മന്ത്രി പുറത്തുവിട്ടുകളഞ്ഞു. സംസ്ഥാനധനകാര്യവകുപ്പുമന്ത്രി ഡോ. തോമസ് ഐസക്കിനെപ്പറ്റിതന്നെയാണ് പറഞ്ഞുവരുന്നത്.
കേരളത്തിന്റെ ഖജാന കാലിയായിത്തുടങ്ങിയിട്ട് കാലമേറെയായി. 16 ശതമാനംചെലവും 10ശതമാനം വരവുമെന്നതാണ് അവസ്ഥ. പൊതുകടം 1,30,000 ലക്ഷംകോടി. ഇവിടെയാണ് കിഫ്ബി എന്ന തക്കിടപരിപാടിയുമായി മന്ത്രി ഐസക് 2016ല്‍ വരുന്നത്. തിരിച്ചടി നോക്കാതെയുള്ള അടവാണ്. കിട്ടിയിടത്തുന്നൊക്കെ കിട്ടിയതൊക്കെ വാങ്ങുക. അതാണ് കിഫ്ബിയുടെ ശാസ്ത്രം. ഖജനാവില്‍ പണമില്ലെങ്കിലെന്താ, കിഫ്ബിയിലുണ്ടല്ലോ എന്ന് പാടിനടക്കുമ്പോഴാണ് സി.എ.ജിയുടെവക ഇണ്ടാസ്. സംസ്ഥാനത്തിന്റെ ചെലവുകള്‍ നടത്താന്‍ വായ്പയെടുത്ത് പലിശനല്‍കിവീട്ടുക എന്നതാണ് ഐസക്കും കൂട്ടരും ലക്ഷ്യമിട്ടതെങ്കില്‍ അത് ഭരണഘടനാവിരുദ്ധമാണെന്നാണ് സി.എ.ജി പറയുന്നത.് പ്രത്യേകിച്ചും വിദേശത്തുനിന്നുള്ള വായ്പ. ഒന്നും രണ്ടുമൊന്നുമല്ല, 2150 കോടിരൂപയാണ് മസാലബോണ്ടെന്ന ഓമനപ്പേരില്‍ പിണറായി സര്‍ക്കാര്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍നിന്ന് വായ്പയെടുത്ത് കളഞ്ഞത്. തിരിച്ചടവ് എങ്ങനെയെന്നോ എപ്പോഴെന്നോ ഒന്നും ആലോചിക്കാതെയുള്ള ഇറങ്ങിപ്പുറപ്പെടലായിപ്പോയി ഇത്. ബൂര്‍ഷ്വാരാജ്യത്തെ ഒരുസ്റ്റോക്എക്‌സ്‌ചേഞ്ചില്‍ മണിയടിച്ച് ഇത്രയുംകോടികള്‍ വായ്പയായി സംഘടിപ്പിക്കുക.അതും ഒരുകമ്യൂണിസ്റ്റ് സര്‍ക്കാര്‍. മിക്കകമ്യൂണിസ്റ്റുകളും അന്തംവിട്ടിരിക്കുമ്പോഴാണ് അത് പിണറായിസര്‍ക്കാരിന്റെ നേട്ടമാണെന്ന വിശദീകരണവുമായി ഐസക്‌സഖാവിന്റെ വരവ്. ഭരണംകഴിയാന്‍ വെറും ആറുമാസമുള്ളപ്പോഴാണ് സി.എ.ജിയുടെ വക ഇരുട്ടടി.
സി.എ.ജി റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയപാതി കിട്ടാത്തപാതി ഐസക്മന്ത്രി കാട്ടിയത് അത് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുകയാണ്. നിയമപ്രകാരം നിയമസഭയില്‍വെച്ചശേഷമേ സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നൊന്നും നോക്കിയില്ല. കാരണം കിഫ്ബി നിലച്ചാല്‍ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനും സി.എ.ജിക്കുമാണെന്ന് വരുത്താം. ഇത് പക്ഷേ നിയമസഭയുടെ അവകാശത്തില്‍ കൈകടത്തലാണെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. അവരത് സ്പീക്കര്‍ക്ക് കൈമാറി. കയ്യോടെ സ്പീക്കര്‍സഖാവ് മന്ത്രിയോട് വിശദീകരണം ആവശ്യപ്പെടുകയുംചെയ്തു. എന്നാല്‍ സര്‍ക്കാര്‍വഴി കൈമാറുന്നതിനാല്‍ അത് തുറക്കാന്‍മന്ത്രിക്ക് അവകാശമുണ്ടെന്നാണ് മന്ത്രിയുടെ ന്യായം. പോസ്റ്റ്‌മേന്റെ പണിയല്ല മന്ത്രിക്കെന്നുവരെ ഐസക് പറഞ്ഞുകളഞ്ഞു. ഇതോടെ ഭരണഘടനാസ്ഥാപനമായ സി.എ.ജിയുമായി പോരിനിറങ്ങിയിരിക്കുകയാണ് മന്ത്രി . കോടതിയില്‍ കേസ് വന്നതിനാല്‍ ഇനി കോടതി രാജിവെക്കാന്‍പറയുമോ എന്ന പേടിയുമുണ്ട്. അങ്ങനെയുണ്ടായാല്‍ രക്തസാക്ഷിചമയാമെന്ന സൗകര്യവുമുണ്ട്. പോരെങ്കില്‍ ഇനി ആകെയുള്ളത് കുറഞ്ഞനാളുകളും. സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രം ശ്രീനിവാസന്റെ കഥാപാത്രത്തിന് മദ്യംവാങ്ങിക്കൊടുത്ത് പൂസാക്കി രാത്രി വീട്ടില്‍കൊണ്ടുചെന്നാക്കി രക്ഷപ്പെടുന്നൊരു സീനുണ്ട്. കേരളത്തിന്റെ ധനകാര്യത്തിന്റെ കാര്യത്തില്‍ ഡോ.ഐസക്കിന്റെ അവസ്ഥയും ഏതാണ്ടിങ്ങനെയാണ്. വി.എസ്സിനുശേഷം പിണറായിസര്‍ക്കാരില്‍ രണ്ടാംതവണ ധനകാര്യമന്ത്രിയായഉടന്‍ ധവളപത്രംഇറക്കി യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചയാളാണ് . എന്നിട്ട് അന്നത്തേക്കാള്‍ പരിതാപകരമാണ് ഇന്നത്തെ ധനകാര്യസ്ഥിതി. നാട്ടിന്‍പുറത്തെ ഓടപൊട്ടിയാല്‍പോലും കിഫ്ബിയെയും മന്ത്രിയെയും സമീപിക്കേണ്ട അവസ്ഥയിലാണിപ്പോള്‍ എം.എല്‍.എമാരും പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരും.
കമ്യൂണിസ്റ്റാണോ ഡോ.തോമസ്‌ഐസക് എന്ന് സംശയിക്കുന്നവരുണ്ട്. എം.പി പരമേശ്വരന്‍ എന്ന കമ്യൂണിസ്റ്റ്‌വ്യതിയാനക്കാരന്റെ നാലാംലോകസിദ്ധാന്തത്തിന്റെ വക്താവായി അവതരിച്ചയാളാണ് ഐസക്. സായിപ്പ് റിച്ചാര്‍ഡ്ഫ്രാങ്കിയുമായി ചേര്‍ന്ന് നാലാംലോകസിദ്ധാന്തത്തെക്കുറിച്ച് പുസ്തകംരചിച്ചതോടെ തീവ്രകമ്യൂണിസ്റ്റുകളുടെ എതിര്‍പ്പ് യഥേഷ്ടംഏറ്റുവാങ്ങി. ഇപ്പോള്‍ പാര്‍ട്ടിയാകെതന്നെ മൂലധനാനുകൂല-വലതുപക്ഷവ്യതിയാനത്തിലായതിനാല്‍ ഭയപ്പെടാനില്ല. മൂലധനത്തിനാണല്ലോ സര്‍ക്കാരിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതലിങ്ങോട്ട് തേരാപാരാ പായുന്നതിപ്പോള്‍. സ്വര്‍ണക്കടത്തുംമറ്റും അതാതിന്റെവഴിക്ക് നടക്കുന്നു. ചരക്കുസേവനനികുതി നടപ്പാക്കുമ്പോള്‍ ബി.ജെ.പിയുടെ കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്ക് കുറെഉപദേശങ്ങള്‍ നല്‍കിയതാണ്. പക്ഷേ ജി.എസ്.ടി വന്നപ്പോള്‍ കേന്ദ്രത്തിനെതിരായി. സംസ്ഥാനസമിതിയംഗമാണെന്നത് മാത്രമാണ് പാര്‍ട്ടിയുമായുള്ള ഏകബന്ധം. പ്രത്യയശാസ്ത്ര കടുംപിടുത്തമില്ലാത്തതിനാല്‍ ആകെയുള്ള ശത്രു സ്വന്തംജില്ലയായ ആലപ്പുഴയിലെ മന്ത്രി ജി.സുധാകരന്‍മാത്രമാണ്. പക്ഷേ തിരഞ്ഞെടുപ്പ്‌വരുമ്പോള്‍ എല്ലാംമറക്കും, ഒന്നാകും. അയര്‍ലണ്ടില്‍ അധ്യാപികയായ മദാമ്മ നതാ ദുവ്വറിയാണ് ഭാര്യ. മൊഴിചൊല്ലിയതിനാല്‍ അവരവിടെയും ടിയാന്‍ കേരളത്തിലുമായി കഴിയുന്നു.സാറയും ഡോറയും മക്കള്‍. ഇനിയൊരുതവണയെങ്ങാന്‍ മുഖ്യമന്ത്രിക്കസേര ഒഴിവുവരികയാണെങ്കില്‍ പ്രായം68 ആയതിനാല്‍ ഒരുകൈ നോക്കണമെന്നുണ്ടെങ്കിലും തെക്കനായതിനാല്‍ കണ്ണൂര്‍പുലികള്‍ സമ്മതിച്ചിട്ടുവേണ്ടേ.