ജനങ്ങള്‍ക്കും ഭരണക്കാര്‍ക്കുമിടയിലെ പാലമാണ് മാധ്യമങ്ങളെന്നാണ് സര്‍വാംഗീകൃത സങ്കല്‍പം. എന്നാല്‍ ഇതിന് കടകവിരുദ്ധമായ ചില നടപടികള്‍ കേരളത്തിന്റെ ഔദ്യോഗിക രാഷ്ട്രീയാന്തരീക്ഷത്തില്‍ ഉയര്‍ന്നുവന്നിരിക്കയാണ്. മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് കാരണമായ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷന്‍ ചൊവ്വാഴ്ച രാവിലെയാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. മന്ത്രി കുറ്റക്കാരനെന്ന് കണ്ടെത്താനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഇതുസബന്ധിച്ച വാര്‍ത്തക്ക് കാരണമായ സ്റ്റിങ്ഓപറേഷന്‍ നടത്തിയ ചാനല്‍ മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗിക്കുകയാണുണ്ടായതെന്നും അതിന് ചാനലിനും അതിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്നുമാണ് റിപ്പോര്‍ട്ടിലെ കാതല്‍. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സ്വാതന്ത്ര്യം തടയുന്നതിനുള്ള ഏതാനും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ആനുഷംഗികമെന്നോണം ചേര്‍ത്തിരിക്കുന്നു.
ഏതാണ്ടിതേ സമയത്തുതന്നെ സംസ്ഥാന സെക്രട്ടറിയേറ്റിനുള്ളിലേക്ക് മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതിനെ യാദൃച്ഛികതയായി മാത്രം കാണാവുന്ന ഒന്നല്ല. രാവിലെ പത്തുമണിയോടെ തന്നെ കമ്മീഷന്‍ ജസ്റ്റിസ് ആന്റണി റിപ്പോര്‍ട്ട് സഹിതം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുമെന്നറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരാണ് കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത വിധം കോമ്പൗണ്ടിലേക്കുപോലും തടയപ്പെട്ടത്. ഇതേക്കുറിച്ച് വിശദീകരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് പൊലീസും സര്‍ക്കാരിലെ ബന്ധപ്പെട്ടവരും വ്യക്തമായ മറുപടി നല്‍കിയതുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവരമറിയിച്ചതനുസരിച്ചാണ് തങ്ങള്‍ സെക്രട്ടറിയേറ്റിലെത്തിയതെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി തന്നെ നേരിട്ട് അറിയിച്ചിരിക്കുകയാണ്. അതായത് ക്ഷണിക്കാതെ എന്തിന് ഔദ്യോഗിക ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചെന്നുവെന്നും അതുകൊണ്ടാണ് തടയപ്പെട്ടത് എന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. മണിക്കൂറുകള്‍ പുറത്തുനിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷമാണ് മാധ്യമ സംഘം അവിടെ നിന്ന് നിരാശയോടെ പിരിഞ്ഞുപോയത്. പിന്നീട് റിപ്പോര്‍ട്ട് സമര്‍പ്പണച്ചടങ്ങിലെ ജസ്റ്റിസ് ആന്റണിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രം ഔദ്യോഗിക വാര്‍ത്താവിതരണ സ്ഥാപനമായ പബ്ലിക് റിലേഷന്‍സ് വകുപ്പ് പകര്‍ത്തി മാധ്യമ സ്ഥാപനങ്ങളിലേക്ക് ഓണ്‍ലൈന്‍ വഴി എത്തിക്കുകയായിരുന്നു. സോളാര്‍ റി പ്പോര്‍ട്ടിന്റെ കാര്യത്തില്‍ പക്ഷേ ഈ നിരോധനമൊന്നും കണ്ടില്ല.
ഇക്കഴിഞ്ഞ ജൂണിലും ഒരു ഔദ്യോഗിക പരിപാടിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി ആട്ടിപ്പുറത്താക്കിയ സംഭവമുണ്ടായി. തിരുവനന്തപുരത്ത് ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ നടന്നുവന്ന സംഘട്ടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുപാര്‍ട്ടികളുടെയും സംസ്ഥാനതല നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യങ്ങള്‍ പകര്‍ത്താനുമായി എത്തിയപ്പോഴായിരുന്നു തികച്ചും അനഭിലഷണീയമായ ആ സംഭവം. മുഖ്യമന്ത്രി എത്തുന്നതിനുമുമ്പ് പതിവുരീതിയില്‍ സമ്മേളന ഹാളിലെത്തിയ മാധ്യമ ക്യാമറാമാന്മാരുടെയും ലേഖകരുടെയും മുഖത്തുനോക്കി ‘കടക്കൂ, പുറത്ത്’ എന്ന് ആക്രോശിക്കുന്ന പിണറായി വിജയന്റെ ഭാവപ്രകടനം കേരള ചരിത്രത്തിലിന്നുവരെ ഒരുമുഖ്യമന്ത്രിയും ഒരു മാധ്യമ പ്രവര്‍ത്തകന്റെയും നേരെ പ്രകടിപ്പിക്കാത്ത വിധത്തിലുള്ളതായിരുന്നു. അതുകൊണ്ട് സെക്രട്ടറിയേറ്റ് പ്രവേശന നിഷേധവും സമാനമായ മാനസികമായ അവസ്ഥയിലാണ് മുഖ്യമന്ത്രി നടപ്പാക്കിച്ചിരിക്കുകയെന്ന് കരുതുന്നതാകും ഉചിതം. മുഖ്യമന്ത്രിയുടെ സുരക്ഷക്ക് ഭീഷണി ഉണ്ടെങ്കില്‍ അത് ഇന്റലിജന്‍സ് വിഭാഗം അറിഞ്ഞിട്ടില്ല എന്നത് കൗതുകകരമായിരിക്കുന്നു. അതുണ്ടെങ്കില്‍ തന്നെ നിയന്ത്രണമല്ലാതെ നിരോധനമല്ലല്ലോ മറുപടി. മാധ്യമ പ്രവര്‍ത്തകരെ കടത്തിവിടരുതെന്ന് തന്റെ ഓഫീസില്‍ നിന്ന് നിര്‍ദേശിച്ചിട്ടില്ല എന്നു മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാമെങ്കില്‍ പിന്നെ ഏത് പൊലീസുദ്യോഗസ്ഥനാണ് അതിനുള്ള ധൈര്യം വന്നതെന്ന് കണ്ടെത്തണം. അങ്ങനെയൊരു തീരുമാനമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി തന്നെ വ്യക്തമാക്കിയ നിലക്കും ചൊവ്വാഴ്ച രാത്രിവരെ ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള വിശദീകരണവും പുറത്തുവരാത്ത നിലക്കും ന്യായമായും ഊഹിക്കേണ്ടത് ചില കള്ളക്കളികള്‍ സംഭവത്തില്‍ നടന്നിരിക്കുന്നുവെന്നുതന്നെയാണ്. അതാകട്ടെ ജനാധിപത്യ സംവിധാനത്തില്‍ വെറുമൊരു തമാശാനാടകമായി തള്ളിക്കളയാനാകില്ല.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ തന്നെ മന്ത്രിസഭായോഗാനന്തരമുള്ള പതിവു വാര്‍ത്താസമ്മേളനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം നടപ്പാക്കിത്തുടങ്ങിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. പൊലീസ് തലപ്പത്തെ ചില രേഖകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറാനാവില്ലെന്ന് പറഞ്ഞ് തടഞ്ഞുവെച്ചതും സമകാലിക വിഷയങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖം വീര്‍പ്പിച്ചു നടന്നുപോകുന്നതുമൊക്കെ ഈ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നേരെ വലിയ അവജ്ഞയാണ് മാധ്യമ പ്രര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ നിന്നുയര്‍ന്നുവന്നിട്ടുള്ളത്. മുഖ്യമന്ത്രി തന്നെ ചില സൂചകങ്ങള്‍ ഇന്നലത്തെ തന്റെ വാര്‍ത്താസമ്മേളനത്തിനിടെ പുറത്തുവിടുകയും ചെയ്തു. സ്വയം നിയന്ത്രണം പാലിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി അതെപ്പോഴാണ്, എങ്ങനെയാണെന്ന് കൂടി പറഞ്ഞാല്‍ നന്ന്. മാധ്യമ പ്രവര്‍ത്തകര്‍ എന്തിനാണ് നിര്‍ബന്ധിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് പിണറായി പറഞ്ഞതില്‍ പല അര്‍ത്ഥതലങ്ങളുണ്ട്. വേണമെങ്കില്‍ ഞങ്ങള്‍ക്ക ്മാധ്യമ പ്രവര്‍ത്തകരെ വിളിച്ചറിയിച്ച് കാര്യങ്ങള്‍ വിശദീകരിക്കാം. ഇഷ്ടപ്പെടുന്ന അവസരത്തിലും മാനസികാവസ്ഥയിലും വേണമെങ്കില്‍ മറുപടി നല്‍കാം എന്നൊക്കെയാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്.
ജനാധിപത്യം ഇനിയും പുലര്‍ന്നിട്ടില്ലാത്ത, സ്വേച്ഛാധിപത്യഭരണാധികാരികളാണ് ഔദ്യോഗിക വിവരങ്ങള്‍ മേല്‍പറഞ്ഞ തരത്തില്‍ ജനങ്ങള്‍ക്ക് മുമ്പാകെ വെളിച്ചത്തുവിടുക. അതിന് ഗസറ്റ്, സര്‍ക്കാരിന്റെ മാധ്യമങ്ങള്‍ മുതലായ മാര്‍ഗങ്ങള്‍ അവലംബിക്കും. ഔദ്യോഗിക അംഗീകാരമായ അക്രഡിറ്റേഷന്‍ പോലുള്ളവക്ക് സര്‍ക്കാരിന്റെ മാധ്യമ പരിശീലന കോഴ്‌സില്‍ പങ്കെടുത്തിരിക്കണമെന്ന നിര്‍ദേശം അത്തരം വിതണ്ഡ ന്യായങ്ങളില്‍ ഒന്നുമാത്രമാണ്. നാളെ ജേണലിസം ജോലിക്കും സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചേക്കും. മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും സര്‍ക്കാരിന്റെ കീഴിലെ ഒരു സംവിധാനമായി പ്രവര്‍ത്തിക്കുന്ന സുന്ദര സുരഭില ലോകമാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വപ്‌നം കാണുന്നത്്. സോവിയറ്റ് യൂണിയനിലും മറ്റും ഇരുമ്പുമറക്കുള്ളില്‍ പരീക്ഷിച്ച് പരാജയപ്പെട്ട പഴയ വീഞ്ഞുമാത്രമാണിത്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വാര്‍ത്ത നല്‍കിയാല്‍ കേസെടുക്കുമെന്ന് നിര്‍ദേശിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമത്തിന്റെ വഴിയേ തന്നെയാണിതും. അല്ലെങ്കില്‍ ഗൗരിലങ്കേഷിന്റെയും ശാന്തനുഭൗമിക്കിന്റെയുമൊക്കെ വിധി വരുമെന്ന വെല്ലുവിളി.