Connect with us

Video Stories

ഇന്ധന വിലയ്ക്ക് ബ്രേക്കിടേണ്ടത് ആര്?

Published

on

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അധിക നികുതി വേണ്ടെന്നു വെക്കാന്‍ മനസുകാണിക്കാത്ത സംസ്ഥാന സര്‍ക്കാര്‍, രൂക്ഷമായ പ്രതിസന്ധിയുടെ തീച്ചുഴിയില്‍ എണ്ണിയൊഴിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ വില കുറക്കട്ടെ എന്ന മര്‍ക്കടമുഷ്ടി തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളുടെ പ്രയാസം കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ദിനംപ്രതി ഇന്ധന വില കുതിച്ചുയരുന്നത് സഞ്ചാര മേഖലയെ മാത്രമല്ല ബാധിക്കുന്നതെന്ന യാഥാര്‍ത്ഥ്യം പിണറായി സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം. പെട്രോളിനും ഡീസലിനും വില കത്തിക്കയറുന്നതനുസരിച്ച് നിത്യോപയോഗ വസ്തുക്കളില്‍ വിലവര്‍ധനവ് പ്രകടമാവുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചാല്‍ കേരളത്തിലെ നികുതിയും കുറയുമെന്ന സംസ്ഥാന ധനകാര്യമന്ത്രിയുടെ വരട്ടുതത്വമാണ് കേരളത്തെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിക്കുന്നത്. വലിയ വായയില്‍ വിടുവായത്തം പറഞ്ഞു കേന്ദ്രം നികുതി കുറക്കുന്നതും കാത്തിരുന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വാണംപോലെ കുതിച്ചുയരുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ഈ ഒളിച്ചുകളി തുടരുന്ന പക്ഷം വരുന്ന വര്‍ഷക്കാലം വറുതിയുടെ വറച്ചട്ടിയില്‍ കിടന്ന് വെന്തുരുകാനായിരിക്കും പൊതുജനങ്ങളുടെ വിധി. പലചരക്കുകളുടെയും പച്ചക്കറിയുടെയും വിലക്കയറ്റം രൂക്ഷമാകുന്ന മഴക്കാലത്തിനു മുമ്പേ കരുതല്‍ സ്വീകരിക്കേണ്ട സംസ്ഥാന സര്‍ക്കാറിന്റെ ഇക്കാര്യത്തിലെ നിസംഗതയാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിഭാരത്തിലും പ്രതിഫലിക്കുന്നത്.
കേന്ദ്രത്തില്‍ ബി.ജെ.പിയും കേരളത്തിലും ഇടതുസര്‍ക്കാറും അധികാരത്തില്‍ വന്നതിനു ശേഷമാണ് പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതിയില്‍ മാറ്റമില്ലാതിരിക്കുകയും ഇന്ധന വിലവര്‍ധനവ് പിടിച്ചുകെട്ടാന്‍ കഴിയാതെ വരികയും ചെയ്തത്. പൊതുജനങ്ങളുടെ പ്രയാസമോര്‍ത്ത് പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി വേണ്ടെന്നു വെക്കാന്‍ യു.ഡി.എഫ് കാണിച്ച ആര്‍ജവം എല്‍.ഡി.എഫിന് ഇല്ലാതെപോയത് കടുത്ത ജനവഞ്ചനയാണ്. ബി.ജെ.പി സര്‍ക്കാര്‍ അടിക്കടി വില കൂട്ടുമ്പോഴെല്ലാം നികുതി കുറക്കാന്‍ തയാറല്ലെന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ തുടരുന്നത്. നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് നയത്തോട് എല്ലാ കാര്യങ്ങളിലും താദാത്മ്യപ്പെടുന്ന പിണറായി വിജയന്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനവിലും മോദി പ്രിയം പിന്തുടരുന്നുവെന്നര്‍ത്ഥം. എക്‌സൈസ് തീരുവ കുറക്കാന്‍ തയാറല്ലെന്നും സംസ്ഥാനങ്ങള്‍ വേണമെങ്കില്‍ നികുതി കുറക്കട്ടേയെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ വില വര്‍ധനവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ സംസ്ഥാനങ്ങളെ നികുതി കുറക്കാന്‍ നിര്‍ബന്ധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിന് വഴങ്ങേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ പിടിവാശിയാണ് പൊതുജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നത്. കേന്ദ്രം അടിക്കടി എക്‌സൈസ് തീരുവ കൂട്ടയതു മാത്രമാണ് വില കൂടാന്‍ കാരണമെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ല എന്നുമാണ് ധനകാര്യമന്ത്രി തോമസ് ഐസക് ഇവ്വിഷയകമായി ന്യായം നിരത്തുന്നത്. ഇത് തത്വത്തില്‍ സര്‍ക്കാറിന്റെ കഴിവുകേട് ഏറ്റുപറയുന്നതും പൊതുജനങ്ങളുടെ പ്രയാസങ്ങളെ പുച്ഛത്തോടെ കാണുന്നതുമാണ്. അധികാരത്തില്‍ കയറിയതിനു ശേഷം ഇതേ പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാറിന് പ്രായോഗിക ബുദ്ധിയേക്കാള്‍ പ്രധാനം പ്രതിസന്ധികളില്‍ പിന്തിരിഞ്ഞോടുന്ന കുബുദ്ധിയാണെന്ന് എല്ലാ കാര്യങ്ങളിലുമെന്ന പോലെ ഇന്ധന വിലയുടെ കാര്യത്തിലും വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയാധികാരം കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമല്ലാത്തതിനാല്‍ വില്‍പ്പന നികുതി വേണ്ടെന്നു വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമെ ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരമാകൂ. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും വില്‍പ്പന നികുതി ഈടാക്കുന്നുണ്ടെന്നു പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ കടിച്ചുതൂങ്ങുന്നത്. മദ്യത്തിന്റെയും ഇന്ധനത്തിന്റെയും നികുതിയാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗമെന്ന ധനകാര്യ മന്ത്രിയുടെ കാര്‍ക്കശ്യമാണ് മാറിച്ചിന്തിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കാത്ത ഘടകങ്ങളിലൊന്ന്. അതിനാല്‍ പിണറായി സര്‍ക്കാറിന്റെ കാലത്ത് രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഏഴില്‍ താഴെ സംസ്ഥാനങ്ങള്‍ മാത്രമാണ് പെട്രോളിന് കേരളത്തേക്കാള്‍ നികുതി ഈടാക്കുന്നത്. ആന്ധ്രയും തെലങ്കാനയും കഴിഞ്ഞാല്‍ രാജ്യത്ത് ഡീസലിന് കൂടുതല്‍ നികുതി ചുമത്തുന്നതും കേരളമാണ്. ഇതു കാരണം കഴിഞ്ഞ വര്‍ഷം 6899 കോടി രൂപയാണ് സംസ്ഥാനത്തിന്റെ വാറ്റ് വരുമാനം.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സമയത്ത് 4515 കോടി രൂപയില്‍ നിന്നാണ് പിണറായി സര്‍ക്കാര്‍ ഈ വര്‍ധനവുണ്ടാക്കിയത്. സംസ്ഥാന സര്‍ക്കാറിന് മേനി ചുളിയാതെ കിട്ടുന്ന വരുമാനമായിട്ടു പോലും ഈ അധിക നികുതി വേണ്ടെന്നു വെക്കാന്‍ ധൈര്യപ്പെടാത്തത് ഭരണപരാജയത്തിന്റെ കുഴിയില്‍ വീണു കിടക്കുന്നതു കൊണ്ടാണ്. മറ്റു വരുമാന മാര്‍ഗങ്ങള്‍ വഴിമുട്ടി നില്‍ക്കുകയും ഭരണകൂടം നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ‘കത്തുന്ന പുരയുടെ ഊരുന്ന കഴുക്കോല്‍ ലാഭം’ എന്ന കാഴ്ചപ്പാടിലാണ് പിണറായി സര്‍ക്കാര്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ ലിറ്റിന് 78.38 രൂപയാണ് വില. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡീസല്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള നമ്മുടെ സംസ്ഥാനം ലിറ്റര്‍ ഡീസലിന് ഈടാക്കുന്നത് 71.38 രൂപയും. പെട്രോളിന് നികുതി ഇനത്തില്‍ 17.59 രൂപ സംസ്ഥാനത്തിനും എക്‌സൈസ് തീരുവയായി കേന്ദ്രത്തിന് 19.48 രൂപയും കിട്ടുന്നു. ഡീസലിന് കേന്ദ്ര തീരുവ 15.33 രൂപയും സംസ്ഥാന നികുതി 13.20 രൂപയുമാണ്. ഇതിനു പുറമെയാണ് കേരളത്തില്‍ പെട്രോളിനും ഡിസലിനും ലിറ്ററിന് ഒരു രൂപ അധിക വില്‍പ്പന നികുതി ചുമത്തുന്നത്. ഇതുകൂടി കണക്കിലെടുത്താല്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് കേരളത്തിന് 18.59 രൂപയും ഡിസലിന് 14.20 രൂപയുമാണ് ലഭിക്കുന്നത്. പൊതുജനങ്ങളെ പിഴിഞ്ഞെടുത്ത് കുത്തക മുതലാളിമാരുടെ കീശ വീര്‍പ്പിക്കുമ്പോള്‍ ഒരു കാര്യം സര്‍ക്കാര്‍ ഓര്‍ക്കുന്നതു നന്ന്. ഇനിയും പകല്‍ക്കൊള്ള തുടര്‍ന്നാല്‍ പൊതുജനങ്ങളുടെ പ്രതിഷേധാഗ്നി കത്തിയാളാന്‍ പെട്രോളും ഡീസലും തന്നെ മതിയായ കാരണമായി ഭവിക്കും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending