അഗര്‍ത്തല: ആര്‍ക്കുവോട്ടു ചെയ്താലും ബി.ജെ.പിക്ക് പോകുമെന്ന പ്രസ്ഥാവനയുമായി രംഗത്തെത്തിയ ബി.ജെ.പി നേതാവ് ബിപ്‌ലാപ് കുമാര്‍ ദേവിനെതിരെ സി.പി.എം രംഗത്ത്. ത്രിപുരയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടിംങ് യന്ത്രത്തില്‍ അട്ടിമറി നടത്തുമെന്നാണ് ബി.ജെ.പി നേതാവിന്റെ വെല്ലുവിളി. സംഭവത്തില്‍ സി.പി.എം പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

പ്രസ്താവനക്കെതിരെ നടപടിയെടുക്കണം. ത്രിപൂരയില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമായി നടത്തുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കണം. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ആര്‍ക്കാണ് രേഖപ്പെടുത്തിയതെന്ന് കാണിക്കുന്ന രസീത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെയും മണിപ്പൂരിലേയും തെരഞ്ഞെടുപ്പ് ഫലം ത്രിപുരയില്‍ ആവര്‍ത്തിക്കുമെന്ന് പറഞ്ഞ ബിപ്‌ലാപ് കുമാര്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സി.പി.എമ്മിന് വോട്ടു ചെയ്താലും താമരക്ക് വരുമെന്നാണ് പറഞ്ഞത്. സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കാനും ബിപ്‌ലാപ് കുമാര്‍ വെല്ലുവിളിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമാണ് വോട്ടിംങ് മെഷീനില്‍ അട്ടിമറി നടന്നുവെന്ന ആരോപണം ശക്തിപ്പെട്ടത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനുപിന്നാലെ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലെ വോട്ടിംങ് മെഷീനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.