ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള സിനിമ റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള സിനിമകള്‍ അനുവദിക്കാനാവില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വേളയിലെ റിലീസ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നടപടിയെന്നും കമ്മീഷന്‍ വിശദീകരിച്ചു. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ മോദിയായി വേഷമിടുന്നത്.

നേരത്തെ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സിനിമക്ക് ഇതുവരെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോയെന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നുമായിരുന്നു കോടതി നിലപാട്.