ന്യൂഡല്‍ഹി: നിലവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ഒരു വര്‍ഷത്തേക്കു കൂടിയാണ് നീട്ടി നല്‍കിയത്. 2018 നവംബര്‍ 19നാണ് അദ്ദേഹം ഇഡി മേധാവിയായി നിയമിതനായത്. ആദായനികുതി കേഡറിലെ 1984 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനാണ് 60 കാരനായ മിശ്ര.

രണ്ടുവര്‍ഷത്തേക്കാണ് ഇഡി ഡയറക്ടറുടെ കാലാവധി. ഇതു പ്രകാരം സഞ്ജയ് കുമാറിന്റെ കാലാവധി അടുത്തയാഴ്ച തീരാനിരിക്കെയാണ് പുതിയ തീരുമാനം. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴില്‍ റവന്യൂ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് മിശ്രയുടെ നിയമന കാലാവധി നീട്ടിനല്‍കിയത്.

ആദായ നികുതി കേഡറിലെ 1984 ബാച്ച് ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥനാണ് അറുപതുകാരനായ മിശ്ര. വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ നേതാക്കളും ചലച്ചിത്രതാരങ്ങളും വ്യവസായികളും ഉള്‍പ്പടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസുകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടുന്നതിനിടെയാണ് ഡയറക്ടറുടെ നിയമന കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയത്.