Connect with us

Video Stories

എക്്‌സിറ്റ് പോളുകളും തെര. കമ്മീഷനും

Published

on

പതിനേഴാം ലോക്‌സഭയിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് മെയ് 19ന് വൈകീട്ട് ആറുമണിക്ക് തിരശ്ശീല വീണതോടെ ഏപ്രില്‍ 11 മുതല്‍ ആറാഴ്ച നീണ്ടുനിന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ പ്രധാനഭാഗത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനിയത്തെ രണ്ടാംനാള്‍, മെയ് 23ന്, തമിഴ്‌നാട്ടിലെ വെല്ലൂരിലൊഴികെയുള്ള (അനധികൃത പണം പിടിച്ചെടുത്തതിനെതുടര്‍ന്ന് ഇവിടെ വോട്ടെടുപ്പ് മാറ്റിവെച്ചു) 542 ലോക്‌സഭാമണ്ഡലങ്ങളിലെയും ഫലം പുറത്തുവരികയും അത് രാഷ്ട്രപതിയെ അറിയിക്കുകയുമാണ് ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന് മുന്നിലുള്ള കര്‍ത്തവ്യം. നിര്‍ഭാഗ്യവശാല്‍ സ്വതന്ത്ര ഇന്ത്യയില്‍ കഴിഞ്ഞ കാലത്തൊരിക്കലുമുണ്ടാകാത്ത രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ രീതിക്കാണ് ഈ പൊതുതെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്നത് ഈ രംഗവുമായി ബന്ധപ്പെട്ട് സാമാന്യബോധമുള്ള ആരെങ്കിലും നിഷേധിക്കുമെന്ന് തോന്നുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം പൂര്‍ണമായി ബി.ജെ.പിയില്‍ കെട്ടിവെക്കാനാകില്ല. ദേശീയ തെരഞ്ഞെടുപ്പു കമ്മീഷനും ഇതിന് അതിന്റേതായ പങ്ക് നിര്‍വഹിച്ചിട്ടുണ്ടെന്ന് പറയേണ്ടിവരും.
രാജ്യത്തെ നൂറ്റിമുപ്പതു കോടി വരുന്ന ജനതയെയും 90 കോടി വോട്ടര്‍മാരെയും എങ്ങനെയൊക്കെ ഭിന്നിപ്പിക്കാമോ എന്ന കുതന്ത്രമാണ് ഈ പ്രചാരണകാലം മുഴുവന്‍ മുഖ്യ ഭരണകക്ഷിയായ ബി.ജെ.പി പരീക്ഷിച്ചത്. ഇതിന്റെ വിജയ സൂചനകൂടിയാണ് അവര്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്ന എക്‌സിറ്റ്‌പോള്‍ഫലങ്ങള്‍. ഇതിന് കഴിയുന്നവണ്ണം ബി.ജെ.പിക്ക് സാങ്കേതികമായി സര്‍വവിധ ഒത്താശകളും ചെയ്തുകൊടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ടംഗങ്ങളാണെന്നതിനുള്ള തെളിവുകള്‍ ഇതിനകം പുറത്തുവന്നിരിക്കുകയാണ്. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മൂന്നംഗകമ്മീഷനിലെ അശോക് ലവാസ കഴിഞ്ഞദിവസം പരസ്യമായി പ്രകടിപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടുന്നത് രാജ്യം ബി.ജെ.പി സര്‍ക്കാരിനുകീഴില്‍ എത്രകണ്ട് ഫാസിസവല്‍കരിക്കപ്പെട്ടു എന്നാണ്. ഭരണകക്ഷിക്ക് പ്രത്യേകിച്ച് പ്രധാനമന്ത്രിക്ക്, ആകാവുന്നത്ര സഹായങ്ങള്‍ ചെയ്തുകൊടുത്ത കമ്മീഷനാണ് അറോറയുടേതെന്നതിന് നിരവധി തെളിവുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് പത്തിന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ നരേന്ദ്രമോദിക്ക് അനുകൂലമായാണ് അവയെന്ന് കമ്മീഷനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നതാണ്. അത് ശരിവെക്കുന്നതാണ് പ്രധാനമന്ത്രിക്കെതിരായി തുടര്‍ന്ന് ഉയര്‍ന്ന ഡസനോളം പരാതികളില്‍ കമ്മീഷന്‍ സ്വീകരിച്ച നിലപാട്. എല്ലാറ്റിലും ക്ലീന്‍ചിറ്റ് നല്‍കി മോദിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായെയും കുറ്റവിമുക്തരാക്കി പെരുമാറ്റച്ചട്ടങ്ങളെ മറികടന്ന് വിദ്വേഷപ്രസംഗങ്ങളുമായി ആറാടാന്‍ വിടുകയായിരുന്നു ഒരു ഭരണഘടനാസ്ഥാപനമായ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉത്തര്‍പ്രദേശിലെ വരാണസിയില്‍ മോദി മല്‍സരിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ ആ മണ്ഡലത്തിലെ വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക് നീട്ടിവെച്ചതാണ് സുപ്രധാനമായ മോദി അനുകൂല തീരുമാനം. മോദിക്ക് പരമാവധി പ്രചാരണത്തിന് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു ഇതിലൂടെയെന്ന് വ്യക്തം. ബി.ജെ.പിയുടെ ബി.ടീമാണ് കമ്മീഷനെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം അപ്പടി തള്ളിക്കളയാനാകില്ല.
ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തുനിന്ന് ന്യൂനപക്ഷ മണ്ഡലത്തിലേക്ക് രാഹുല്‍ഗാന്ധി ഒളിച്ചോടി എന്ന് സകലസാങ്കേതിക-ധാര്‍മിക സീമകളും അതിലംഘിച്ച് പ്രസ്താവന നടത്തിയ പ്രധാനമന്ത്രിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പരാതിയെക്കുറിച്ച് കമ്മീഷനിലെ അശോക് ലവാസ ഉന്നയിച്ച നിര്‍ദേശം കമ്മീഷനിലെ മറ്റു രണ്ടുപേര്‍ ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നുവെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. തുറന്ന പക്ഷപാതിത്വമാണ് കമ്മീഷനിലെ രണ്ടംഗങ്ങള്‍ ഇതിലൂടെ കാട്ടിയതെന്ന് വ്യക്തം. ഒരു ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നെങ്കിലും അതിലും അഴകൊഴമ്പന്‍ നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചത്. പരാതികള്‍ കാണാനില്ലാത്ത അവസ്ഥയും ഉണ്ടായി. പതിനൊന്ന ്പരാതികളില്‍ ഉടന്‍തീര്‍പ്പ് കല്‍പിക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതിയുടെ ഉത്തരവിനെ അധികരിച്ച് അവയില്‍ പേരിന് തീര്‍പ്പാക്കുകയാണ് കമ്മീഷന്‍ ചെയ്തത്. ഒരാളുടെപോലും ആളപായത്തിനിടയാക്കാത്ത കൊല്‍ക്കത്തയിലെ അക്രമങ്ങളില്‍ പിടിച്ച് തെരഞ്ഞെടുപ്പു ചരിത്രത്തിലാദ്യമായി മോദിക്കനുകൂലമായി പശ്ചിമബംഗാളിലെ പ്രചാരണം കമ്മീഷന്‍ 20 മണിക്കൂര്‍ റദ്ദാക്കി.
രാജ്യത്തെ നീറുന്ന പ്രശ്‌നങ്ങളെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ സ്വന്തമായി ഉണ്ടാക്കിയ രാജ്യ സുരക്ഷാപ്രശ്‌നത്തില്‍ കയറിപ്പിടിച്ച് വോട്ടര്‍മാരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു മോദിയും ബി.ജെ.പിയും. പുല്‍വാമയില്‍ സൈനികര്‍ക്കുനേരെയുള്ള ഭീകരാക്രമണവും അതിന് തിരിച്ചടിയായി പാക്കിസ്താനിലെ ബാലക്കോട്ടിലേക്ക് ഇന്ത്യന്‍ വ്യോമസേന നടത്തിയ തിരിച്ചടിയും മാത്രമാണ് മോദിയും ബി.ജെ.പിയും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അഴിച്ചുവിട്ടത്. 45 കൊല്ലത്തെ വലിയ തൊഴിലില്ലായ്മ, പെട്രോളിയം ഉള്‍പെടെയുള്ളവയുടെ വിലവര്‍ധന, റഫാല്‍ അഴിമതി, കര്‍ഷക ദ്രോഹനടപടികള്‍ തുടങ്ങിയവയെയൊക്കെ സമര്‍ത്ഥമായി മറച്ചുവെക്കാനായിരുന്നു മോദി-ഷാ പദ്ധതി. മുമ്പ് പലതവണയും എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കപ്പെട്ടതില്‍നിന്നും വ്യത്യസ്തമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നത് നേരാണ്. എന്‍.ഡി.എക്കുതന്നെ വീണ്ടും അധികാരത്തില്‍ എത്താനുള്ള സാധ്യത പ്രവചിക്കപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്ന മൂന്നു പേരില്‍ മോദിയും അമിത്ഷായും കഴിഞ്ഞാല്‍ മുഖ്യതെരഞ്ഞെ ടുപ്പ് കമ്മീഷണറായിരിക്കുമെന്ന് ആരെങ്കിലും ആരോപിച്ചാല്‍ കുറ്റംപറയാന്‍ കഴിയില്ല. വരാണസി വോട്ടെടുപ്പുദിവസം ക്ഷേത്ര സന്ദര്‍ശനം അനുവദിച്ചതിന് തെരഞ്ഞെടുപ്പ്കമ്മീഷനോട് മോദി പറഞ്ഞ നന്ദി കോടിക്കണക്കിന് വോട്ടര്‍മാരെ കബളിപ്പിക്കാന്‍ സഹകരിച്ചതിനുള്ള ബി.ജെ.പിയുടെ നന്ദിപ്രകടനമാണ്. പൂര്‍വസൂരികള്‍ രാജ്യത്തിന് സമ്മാനിച്ച ഭരണഘടനാസ്ഥാപനങ്ങളെ ഇവ്വിധം തകര്‍ത്തെറിഞ്ഞതിന് മോദിയെ ജനത ശിക്ഷിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. ഒപ്പം ഈ ഭരണഘടനാലംഘനങ്ങള്‍ക്ക് അരുനിന്നുകൊടുത്ത പിണിയാളുകളെയും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലെ ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളം തടഞ്ഞ് സർക്കാർ; വരും ദിവസങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്.

Published

on

ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് സര്‍ക്കാര്‍. വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്. ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരും ദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ഐസിഡിഎസ് പദ്ധതി നടപ്പിലാക്കുന്നതിനായി 258 പ്രോജക്ട് ഓഫീസുകളും മേല്‍നോട്ടത്തിനായി 14 ജില്ലാതല ഐസിഡിഎസ് ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. ഇവര്‍ക്കു പുറമെ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ 68,000 ത്തോളം അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിലാണ് വരുന്നത്.

എപിഐപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂര്‍ണമായും വഹിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിരുന്നു. ഒട്ടുമിക്ക സംസഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട സമയത്ത് ഇത് സംബന്ധിച്ച കൂടുതല്‍ നടപടിക്രമങ്ങള്‍ നടത്തുകയോ ബഡ്ജറ്റ് അലോക്കേഷനില്‍ അധിക തുക വകയിരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല.

സാങ്കേതികമായി ഉയര്‍ന്ന പ്രശ്‌നങ്ങള്‍ യഥാസമയം വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ കൈകാര്യം ചെയ്യാത്തതും പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനിടയിലാണ് ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇവരുടെ ശമ്പള ബില്ലുകള്‍ പരിഗണിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരുംദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങുവാന്‍
സാധ്യതയേറി. അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂടി മുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

Continue Reading

Health

മഞ്ഞപ്പിത്തം മുതിർന്നവരിൽ ഗുരുതരമാകാൻ സാദ്ധ്യതയേറെ

പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ച ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം.

Published

on

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. രണ്ടാഴ്ച വളരെ നിർണ്ണായകമാണ്.

പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ച ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ ജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാൽ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാൽ വീണ്ടും ആ സ്ഥലത്ത് അവരിൽ നിന്നും പൊതു സമൂഹത്തിലേക്ക് രോഗം പകരാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. അതിനാൽ ഹെപ്പറ്റൈറ്റിസ് എയുടെ ഇൻക്യുബേഷൻ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം മൂർച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡിന്റെ കാലാവധി തീർന്നവർ സമയബന്ധിതമായി പുതുക്കുക. രോഗം സംശയിക്കുന്നവർ ഒരു കാരണവശാലും ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യരുത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക വളരെ പ്രധാനമാണ്. പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കില്ല. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

Continue Reading

india

രാഷ്ട്രീയത്തിലെ സൗമ്യ മുഖം; ഓർമകളിൽ രാജീവ് ഗാന്ധി

1991 മെയ് 21 ന് ശ്രീപെരുമ്പുദൂരില്‍ വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്.

Published

on

ഇന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനം. 1991 മെയ് 21 ന് ശ്രീപെരുമ്പുദൂരില്‍ വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ നിരവധി അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ആ ഭരണാധികാരിയുടെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണ് രാജ്യം. 1991 മെയ് 21 ന് ശ്രീ പെരുമ്പുദൂരിന്റെ മണ്ണില്‍ മാഞ്ഞു പോയത് ഇന്ത്യയുടെ ശ്രീത്വമാണ്. ചിതറിത്തെറിച്ചത് ഒരു രാജ്യത്തിന്റെയാകെ സ്വപ്നങ്ങളാണ്. എരിഞ്ഞടങ്ങിയത് ഒരു ജനതയുടെ പ്രതീക്ഷകളാണ്.

ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം നാല്‍പ്പതാമത്തെ വയസിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിപദത്തിലേക്ക് എത്തിയത്. ഇന്ത്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരത്തിലെത്തി. 1984 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 491 ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 404 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാര്‍ത്താവിനിമയ രംഗങ്ങളിലും ഇന്ത്യയില്‍ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാബോധമായിരുന്നു.

1981 മുതല്‍ 1991 വരെ വെറും 10 കൊല്ലം മാത്രം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതം. അതിനിടെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി. ഭരണകാലയളവിനെ അടയാളപ്പെടുത്തും വിധമുള്ള നിര്‍ണായകവും ശ്രദ്ധേയവുമായ തീരുമാനങ്ങളും നടപടികളും. അതിലൊന്നിന്റെ പരിണിതഫലമെന്നോണം ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുമ്പോള്‍ രാജീവ് ഗാന്ധിക്ക് വയസ് 46. ചെറിയൊരു കാലഘട്ടം കൊണ്ടു തന്നെ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന ഭരണ നടപടികള്‍ രാജീവിലെ ക്രാന്തദര്‍ശിത്വം വ്യക്തമാക്കുന്നതായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗം, കമ്പ്യൂട്ടര്‍, എയര്‍ലൈന്‍സ്, പ്രതിരോധം, കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ രാജ്യം വളര്‍ന്നു.

ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ നയവും രാജീവ് സര്‍ക്കാരിന്റെ സംഭാവനയാണ്. ഇന്ത്യയില്‍ ടെലികോം വിപ്ലവം സാധ്യമായത് രാജീവിന്റെ കാലത്തായിരുന്നു. രാജ്യത്ത് പഞ്ചായത്തിരാജ് സംവിധാനത്തിന് അടിത്തറയിട്ടു. 21 ആയിരുന്ന വോട്ടവകാശം 18 ആക്കിയതും അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തിരാജ് നിയമമാക്കിയതും കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ് ഗാന്ധിയുടെ സംഭാവനകളാണ്.

സജീവ ഇടപെടലുകളുടെ വിദേശനയമായിരുന്നു രാജീവ് സ്വീകരിച്ചിരുന്നത്. സീഷെല്‍സിലെയും മാലി ദ്വീപിലെയും പട്ടാള അട്ടിമറികളെ പ്രതിരോധിക്കാന്‍ ഇന്ത്യ സൈന്യത്തെ അയച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സിയാച്ചിന്‍ മേഖലയിലെ ഖ്വയ്ദ് പോസ്റ്റ്, ഓപ്പറേഷന്‍ രാജീവിലൂടെ തിരിച്ചുപിടിച്ചു. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇടപെടാനുള്ള രാജീവിന്റെ തീരുമാനമുണ്ടാകുന്നത് 1986 ലാണ്. ഇതേത്തുടര്‍ന്ന് എല്‍ടിടിഇയുടെ ശത്രുവായി രാജീവ് ഗാന്ധി മാറി. ഒടുവില്‍ 1991 മെയ് 21 ന് മനുഷ്യ ബോംബായി മാറിയ തനുവിലൂടെ തമിഴ് പുലികള്‍ രാജീവിനെ വധിച്ചു. ആധുനിക ഇന്ത്യയുടെ സൃഷ്ടാവായ രാജീവ് ഗാന്ധി ശ്രീപെരുമ്പുദൂരില്‍ വെച്ച് എല്‍ടിടി തീവ്രവാദികളാല്‍ വധിക്കപ്പെട്ടപ്പോള്‍ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു.

കാലം ഉരുണ്ടുകൊണ്ടേയിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്കിപ്പുറം മതേതര ഇന്ത്യയുടെ പ്രതീക്ഷയായി മകന്‍ രാഹുല്‍ ഗാന്ധി ഉദിച്ചുയര്‍ന്നു നില്‍ക്കുന്നു. മകള്‍ പ്രിയങ്കയെ ഇന്ത്യയിലെ ജനകോടികള്‍ വാത്സല്യത്തണല്‍ വിരിച്ചാണ് വരവേല്‍ക്കുന്നത്. രാജീവ് അവശേഷിപ്പിച്ചു പോയ ഓര്‍മ്മകളുടെ കരുത്തില്‍ പ്രിയ പത്‌നി സോണിയ ദീര്‍ഘകാലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിച്ചു. മുന്നോട്ടുള്ള പാതയില്‍ കെടാവിളക്കായി രാജീവിന്റെ സ്മരണകള്‍ ജ്വലിക്കുമ്പോള്‍ ഈ രാജ്യം ഇരുട്ടിലാകില്ലെന്ന് ഓരോ ജനാധിപത്യ വിശ്വാസിക്കും പ്രതീക്ഷിക്കാം.

ഇന്നും ഇന്ത്യന്‍ ജനത രാജീവ് ഗാന്ധിയെ നിറസ്മരണകളോടെയാണ് ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ സ്മാരകത്തില്‍ കൊത്തിവച്ചിരിക്കുന്ന വാക്കുകള്‍ ഇങ്ങനെയാണ് ‘എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍, മാനവ സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം.’ ശക്തവും സ്വതന്ത്രവുമായ ഇന്ത്യയെ സ്വപ്നം കണ്ട സമാരാധ്യനായ നേതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ജനതയുടെ പ്രണാമം.

Continue Reading

Trending