വിയന്ന: തട്ടുതകര്‍പ്പന്‍ വിജയത്തോടെ ബ്രസീല്‍ സന്നാഹ മല്‍സരപട്ടിക പൂര്‍ത്തിയാക്കി. ഇന്നലെ ഇവിടെ നടന്ന മല്‍സരത്തിലവര്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ ഓസ്ട്രിയയെ തരിപ്പണമാക്കി. ഗബ്രിയേല്‍ ജീസസ്, നെയ്മര്‍, ഫിലിപ്പോ കുട്ടീന്യോ എന്നിവരാണ് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്. ലോകകപ്പിന് സാധ്യത കല്‍പ്പിക്കപ്പെടുന്ന സ്‌പെയിന്‍ ഒരു ഗോളിന് ടൂണീഷ്യയെ വീഴ്ത്തിയപ്പോള്‍ ഫ്രാന്‍സും അമേരിക്കയും തമ്മിലുളള പോരാട്ടം 1-1 ല്‍ അവസാനിച്ചു. സന്നാഹ മല്‍സരങ്ങളില്‍ പോയ വാരത്തില്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ ഞെട്ടിച്ച ഓസ്ട്രേലിയ ഇന്നലെ ഹംഗറിയെ 2-1 ന് വീഴ്ത്തി റഷ്യയിലേക്കുള്ള യാത്ര സന്തോഷകരമാക്കി. മൊറോക്കോ 3-1 ന് എസ്‌റ്റോണിയെയെ എളുപ്പത്തില്‍ പരാജയപ്പെടുത്തി. സെര്‍ബിയ ലോകകപ്പിന് വരുന്നത് 5-1ന് ബൊളീവിയയെ തകര്‍ത്താണ്. സ്വീഡനും പെറുവും തമ്മിലുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഡെന്മാര്‍ക്ക് കരുത്ത് പ്രകടിപ്പിച്ച രണ്ട് ഗോളിന് മെക്‌സിക്കോയെ പരാജയപ്പെടുത്തി. സ്‌പെയിന്‍ ഒരു ഗോളിന് ടൂണീ്യയെ പരാജയപ്പെടുത്തിയെങ്കിലും ആശാവഹമായിരുന്നില്ല ടീമിന്റെ പ്രകടനം. ആന്ദ്രെ ഇനിയസ്റ്റ ഉള്‍പ്പെടെ എല്ലാ പ്രധാനികളെയും കളത്തിലിറക്കിയിട്ടും വിജയ ഗോള്‍ നേടാന്‍ മല്‍സരത്തിന്റെ അവസാനം വരെ കാത്തുനില്‍ക്കേണ്ടി വന്നു. അവസാനം സബ്‌സ്റ്റിറ്റിയൂട്ട് ലാഗോ അസ്പാസാണ് വിജയഗോള്‍ സ്‌ക്കോര്‍ ചെയ്തത്.