ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് എത്ര രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തെന്ന് വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ മാപ്പപേക്ഷ നടത്തിയതിനാല്‍ പിഴ ഈടാക്കുന്നതില്‍നിന്ന് തല്‍ക്കാലം ഒഴിവാക്കുന്നതായും മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാഥൂര്‍ വ്യക്തമാക്കി. മലയാളിയായ ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കള്ളപ്പണം പിടിച്ചെടുക്കാനെന്ന വിശദീകരണത്തോടെ, 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 1000, 500 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്. 14 ദിവസത്തിനു ശേഷം, 2016 നവംബര്‍ 22നാണ് ഖാലിദ് മുണ്ടപ്പിള്ളി, അതുവരെ പിടികൂടിയ കള്ളപ്പണത്തിന്റെ കണക്കു ചോദിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. നിയമപ്രകാരം 30 ദിവസത്തിനകം മറുപടി നല്‍കണമെന്നിരിക്കെ, പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതേതുടര്‍ന്ന് 2017 ജനുവരി ഒമ്പതിന് പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ അപേക്ഷകന്‍ വിവരാവകാശ കമ്മീഷന് പരാതി നല്‍കുകയായിരുന്നു. ബന്ധപ്പെട്ട വകുപ്പിലെ മുഖ്യ വിവരാവകാശ ഓഫീസര്‍ക്ക്, താന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഖാലിദ് മുണ്ടപ്പിള്ളിയുടെ പരാതി.

പരാതിക്കാരന്റെ അപേക്ഷ റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് കമ്മീഷന്‍ മുമ്പാകെ നല്‍കിയ വിശദീകരണം. അതേസമയം പരാതി നല്‍കി ഒരു വര്‍ഷമായിട്ടും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നോ റവന്യൂ വകുപ്പില്‍നിന്നോ തനിക്ക് മറുപടി ലഭിച്ചിട്ടില്ലെന്ന് ഖാലിദ് മുണ്ടപ്പിള്ളി വിശദീകരിച്ചു. ഇതോടെ മറുപടി നല്‍കാന്‍ വൈകിയതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രതിനിധീകരിച്ച് ഹാജരായ ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ മുമ്പാകെ ക്ഷമാപണം നടത്തി. ബോധപൂര്‍വ്വമല്ല വിവരങ്ങള്‍ വൈകിപ്പിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി സംസാരിച്ച് ഉടന്‍ തന്നെ പരാതിക്കാരന് വിവരങ്ങള്‍ ലഭ്യമാക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.