ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് നേരിടുന്ന കറന്‍സി ക്ഷാമത്തിന് അറുതി വരുത്താന്‍ കൂടുതല്‍ 500 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ ശ്രമം നടത്തുന്നതായി കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. അവശ്യസാധനങ്ങള്‍ക്ക് അഞ്ഞൂറിന്റെ നോട്ട് ഉപയോഗിക്കാനുള്ള അനുമതി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് സാമ്പത്തിക സെക്രട്ടറിയുടെ പ്രതികരണം.
ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ഇളവു നല്‍കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ബിഐ പുറത്തിറക്കിയ പുതിയ നോട്ടുകള്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ളതാണെന്നും അതിനാല്‍ കള്ളനോട്ട് വ്യാപനം തടയാനാകുമെന്നും ശക്തികാന്ത പറഞ്ഞു. പുതിയ നോട്ടുകള്‍ 80 ശതമാനം എത്തിയാല്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയേക്കും. അതേസമയം ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നീതി ആയോഗ് സമ്മാന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രാഹക് യോജന, വ്യാപാരികള്‍ക്കായി ഡിജി ധന്‍ വ്യാപാരി യോജന എന്നീ പദ്ധതികളാണ് നീതി ആയോഗ് പ്രഖ്യാപിച്ചത്.