ന്യൂഡല്‍ഹി: റോഡില്‍ കൂടി നടന്നു പോകുകയായിരുന്ന യുവതിയെ കാറിലെത്തിയ നാലംഗ സംഘം തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വഴിയില്‍ ഉപേഷിച്ചു. പഴയ ഫരീദാബാദിലെ രാജീവ് ഗാന്ധി ചൗക്ക് ഏരിയയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ കാറിലേക്ക് വലിച്ചിഴച്ചു കയറ്റുകയായിരുന്നു. ഓടികൊണ്ടിരുന്ന കാറില്‍ വച്ച് മൂന്നു പേര്‍ ബലാത്സംഗം ചെയ്യുകയും മറ്റൊരാള്‍ കാര്‍ ഓടിക്കുകയുമായിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മൊബൈല്‍ സംഘം സ്വിച്ച് ഓഫ് ചെയ്തിനാല്‍ രക്ഷയ്ക്കായി ആരെയും വിളിക്കാനായില്ല. രണ്ട് മണിക്കൂറിന് ശേഷം രാത്രി ഒന്‍പത് മണിയോടെ മാതുരാ റോഡിലെ സില്‍ക്കി ഗ്രാമത്തില്‍ ഉപേഷിച്ച ശേഷം സംഘം കടന്നു കളയുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി സഹോദരനെ വിളിച്ചു വരുത്തുകയും ആസ്പത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫരീദാബാദ് പൊലീസ് കേസെടുത്തു. സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.